News >> അബ്കാരി-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്ത്


കോഴിക്കോട്: മദ്യവ്യാപാരം നടത്തുന്ന അബ്കാരികളുടെ വിവാഹ ചടങ്ങുകളിൽ രാഷ്ട്രീയക്കാർ പങ്കെടുക്കുന്നത് രാഷ്ട്രീയ-അബ്കാരി അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണെന്നും ഈ നടപടി നാടിനാപത്താണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂൺ 26-നോട് അനുബന്ധിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും ആന്റി ഡ്രഗ്‌സ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന വ്യവസായമാണ് മദ്യവ്യാപാരം. അത് യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ല. അബ്കാരികൾ നാടിനെ ചൂഷണം ചെയ്ത് അനീതിയും അസമത്വവും സൃഷ്ടിക്കുന്നവരാണ്. അവരെ രാഷ്ട്രീയക്കാർ പ്രോത്സാഹിപ്പിക്കുന്നതും വിപരീതഫലമുളവാക്കുമെന്ന് ബിഷപ് പറഞ്ഞു.
ധാർമ്മികതയെ ബലി കൊടുത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. സമൂഹത്തിന്റെ ധാർമ്മികത പരിപോഷിപ്പിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മദ്യം വിളമ്പിയാൽ അതിനെ ചെറുത്തുതോല്പ്പിക്കും. തലമുറകൾ സ്വഭാവശുദ്ധിയുള്ളവരായി വളരാൻ വേണ്ടിയാണ് കെ.സി.ബി.സി. മദ്യവിരുദ്ധസമതിയുടെ പോരാട്ടം ലക്ഷ്യം വയ്ക്കന്നതെന്നും ബിഷപ് റെമജിയൂസ് വ്യക്തമാക്കി. സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെ തകർച്ചയ്ക്ക് കാരണം മദ്യമാണെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ജോസഫ് മാർ തോമസ് അഭിപ്രായപ്പെട്ടു.

മോൺ. തോമസ് പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, സിസ്റ്റർ മരിയ ധന്യ എ.സി., എം.ഡി. റാഫേൽ, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, ഫാ. ഡാനി ജോസഫ്, ഇസബെൽ ആൻ മാത്യു, ദീപ്തി മെറിൻ എന്നിവർ പ്രസംഗിച്ചു. ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സീറോമലബാർ, മലങ്കര, ലത്തീൻ റീത്തുകളുടെ 31 അതിരൂപതാ-രൂപതകളിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഒരു മാസത്തോളമായി സംസ്ഥാനത്തുടനീളം നടന്ന മാസാചരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. ലഹരിവിരുദ്ധ സമ്മേളനങ്ങൾ, സെമിനാറുകൾ, പി.ടി.എ. യോഗങ്ങൾ, കോർണർ യോഗങ്ങൾ, തൊഴിൽമേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ-പ്രതിജ്ഞാ പരിപാടികൾ, ലഘുലേഖകൾ, പോസ്റ്റർ പ്രദർശനം, ഹൃസ്വചിത്രപ്രദർശനം തുടങ്ങിയ നിരവധി ബോധവൽക്കരണ പരിപാടികളാണ് ഒരു മാസത്തോളമായി നടന്ന പരിപാടികൾ ക്രമീകരിച്ചിരുന്നത്.

Source: Sunday Shalom