News >> സമാധാന ദൂതുമായി കർദിനാൾ പീറ്റർ ടർക്ക്‌സൺ


ജുബാ: യുദ്ധം മൂലം ക്ലേശിക്കുന്ന ദക്ഷിണ സുഡാനിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പീറ്റർ ടർക്ക്‌സണെ ദക്ഷിണ സുഡാനിലേക്കയച്ചു. നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കൂടിയായ കർദിനാൾ ടർക്ക്‌സണിൽ യുദ്ധത്തിലേർപ്പിട്ടിരിക്കുന്ന കക്ഷികളെ സംവാദത്തിന്റെ പാതയിലേക്ക് കൂട്ടിക്കൊണ്ടുവരുക എന്ന ദുർഘട ദൗത്യമാണ് നിക്ഷിപ്തമായിരിക്കുന്നത്.

ദക്ഷിണ സുഡാനിലെത്തിയ കർദിനാൾ ജുബാ ആർച്ച് ബിഷപ്പുമായൂം വിവിധ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന് നേതൃത്വം നൽകുന്ന പ്രസിഡന്റ് കിറിനും എതിരാളികൾക്ക് നേതൃത്വം നൽകുന്ന വൈസ് പ്രസിഡന്റ് റെയ്ക്ക് മാച്ചാറിനും ഫ്രാൻസിസ് മാർപാപ്പയുടെ എഴുത്തുകൾ കർദിനാൾ കൈമാറി. വത്യസ്ത വംശങ്ങളിൽ പെട്ടവരുടെ പിന്തുണയുള്ള ഇരുവരും തമ്മിലുള്ള അഭിപ്രായവത്യാസമാണ് ദക്ഷിണ സുഡാനിലെ ആഭ്യന്തരസംഘർഷത്തിലേക്ക് തള്ളിവിട്ടത്. ആഭ്യന്തര സംഘർഷത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധിയാളുകൾ ഭവനരഹിതരാവുകയും ചെയ്തു.

ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ ദക്ഷിണ സുഡാന്റെ അ്രവസ്ഥ ഗുരുതരമാണെന്ന് കർദിനാൾ ടർക്ക്‌സൺ വത്തിക്കാൻ റേഡിയോയോട് പങ്കുവച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ പുരൈക്യം സാധ്യമാകുന്നതിനായി ഒരുമിച്ച് കൊണ്ടുവരാനായിരുന്നു എന്റെ പരിശ്രമം. വത്തിക്കാന്റെ സന്നദ്ധസംഘടനയായ കോർ ഉനവുമായി ബന്ധപ്പെട്ട് പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾ സ്വീകരിച്ചു. യുദ്ധത്തെ തുടർന്ന് അഭയാർത്ഥികളായി മാറിയവർ താമസിച്ചിരുന്ന ചില ഇടങ്ങളിൽ കോളറ പോലും പടർന്നു പിടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭയാർത്ഥികളായി മാറിയവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും എത്തിക്കുക പ്രധാനപ്പെട്ടതാണ്;കർദിനാൾ ടർക്ക്‌സൺ വിശദീകരിച്ചു.

Source: Sunday Shalom