News >> കാണ്ടമാൽ: നിരപരാധികളുടെ പക്ഷംചേർന്ന് സുപ്രീംകോടതി


ന്യൂഡൽഹി: കാണ്ടമാൽ ദുരിതബാധിതർക്ക് ആശ്വാസവുമായി രാജ്യത്തെ ഉന്നത നീതിപീഠം. 2008-ലെ കലാപത്തിന് ഇരകളാക്കപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഏതാണ്ട് ഇരട്ടിയായി വർധിപ്പിക്കപ്പണമെന്ന് സുപ്രീകോടതി ഉത്തരവിട്ടു. രാജ്യത്തെവിടെയും കലാപത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ് കോടതിവിധി. കലാപത്തിന് ഇരകളാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ആർച്ച്ബിഷപ് റാഫേൽ ചീനാത്ത് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ടി. എസ് താക്കൂർ അധ്യക്ഷനായുള്ള ബഞ്ചിന്റെ ഉത്തരവ്. 2008-ലെ കലാപത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വീടുകൾ നശിപ്പിക്കപ്പെട്ടവർക്കും ഉത്തരവിന്റെ പ്രയോജനം ലഭിക്കും. മരണപ്പെട്ടവരുടെ ആശ്രിതകർക്ക് നേരത്തെ നൽകിയിരുന്ന അഞ്ച് ലക്ഷം എട്ട് ലക്ഷമായി സുപ്രീകോടതി ഉയർത്തി. വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് നിലവിൽ നൽകിയ നഷ്ടപരിഹാരം കൂടാതെ 70,000 രൂപയും ഭാഗികമായി വീടു തകർന്നവർക്ക് 30,000 രൂപയും നൽകാൻ കോടതി ഉത്തരവിട്ടു. പരിക്കേറ്റവർക്ക് 10,000 മുതൽ 30,000 വരെയായിരുന്നു നഷ്ടപരിഹാരം നൽകിയിരുന്നത്. അത് ഇരട്ടിയാക്കണ മെന്നും ഉത്തരവിൽ പറയുന്നു.

സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപത്തിൽ നിയമസംവിധാനങ്ങൾ കലാപകാരികൾക്ക് സഹായകരമായ നിലപാടുകൾ സ്വീകരിക്കുകയായിരുന്നു. സംസ്ഥാന ഭരണത്തിൽ ബിജെപി സംഖ്യകക്ഷിയായിരുന്നു. കലാപത്തിൽ 100 ക്രൈസ്തവർ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 5,600 വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾക്ക് മർദ്ദനമേറ്റു. ഏതാണ്ട് 56,000 ആളുകൾക്ക് നാടുവിടേണ്ടതായി വന്നിരുന്നു. വനാന്തരങ്ങളിൽ ഒളിച്ചിരുന്നാണ് അനേകർ ജീവൻ രക്ഷിച്ചത്. തുടർന്ന് മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു ക്രൈസ്തവർ. അവിടെയും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയും ഇടയ്ക്കുവച്ച് ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സംസ്ഥാന ഗവൺമെന്റ് തീരുമാനിച്ചെങ്കിലും പ്രതിഷേധം ഉയർന്നതിനെതുടർന്ന് അവർ പിന്തിരിയുകയായിരുന്നു. നഷ്ടപരിഹാരം നൽകാനുള്ള ഈ ഉത്തരവ് ഏറെ ആശ്വാസം പകരുന്നുണ്ടെന്നുമാത്രമല്ല, ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാണിച്ച നീതിനിഷേധങ്ങൾ സുപ്രീംകോടതി അംഗീകരിച്ചതിന്റെ തെളിവായിട്ടാണ് പൊതുവേ വിലയിരുത്തുന്നത്.

Source: Sunday Shalom