News >> സമാധാനം ലഭിക്കാനുള്ള മാർഗം


വത്തിക്കാൻ സിറ്റി: ക്ഷമിക്കാൻ സാധിക്കാത്ത അവസ്ഥ മൂലം വെറുപ്പും വിദ്വേഷവും നിറഞ്ഞ ജീവിതം നയിക്കുന്ന ധാരാളം മനുഷ്യരുണ്ടെന്നും ക്ഷമയും പൊറുതിയും സ്വർഗത്തിലേക്ക് നേരിട്ടുള്ള പാതയാണെന്നും ഫ്രാൻസിസ് മാർപാപ്പ. അസ്സീസിയിലെ മാലാഖമാരുടെ രാജ്ഞി ബസിലിക്കയിൽ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ കർക്കശകാരനായ കാര്യസ്ഥന്റെ ഉപമ പാപ്പ വിശദീകരിച്ചു. വൈദികന്റെ മുമ്പിൽ ആ കാര്യസ്ഥന്റെ മനോഭാവത്തോടെയാണ് നാം പലപ്പോഴും മുട്ടുകുത്തുന്നത്. ഒരിക്കലും വീട്ടാൻ സാധിക്കാത്ത കടം ദൈവത്തോട് ഉണ്ടെന്ന#ുള്ള വികാരമാണ് പലപ്പോഴും നമുക്കുള്ളത്. ~ഒരേ പാപം തന്നെ വീണ്ടും വീണ്ടും നാം കുമ്പസാരത്തിൽ ഏറ്റുപറയുമ്പോഴും ദൈവം നമ്മോട് അത് ക്ഷമിക്കുന്നു. എന്നാൽ നമ്മുടെ സഹോദരനോടൊ സഹോദരിയോടൊ ചെറുതായിട്ട് പോലും നമ്മെ അപമാനിച്ചാൽ അവിടെ പ്രശ്‌നം ആരംഭിക്കുകയായി. ആ ഉപമയിലെ ഭൃത്യനെപ്പോലെ യജമാനനോട് കരുണ യാചിച്ച ശേഷം ചെറിയ കടം വീട്ടുവാനോടുള്ള സഹഭൃത്യനോട് അവൻ കരുണയില്ലാതെ പെരുമാറുന്നു. മനുഷ്യബന്ധങ്ങളിലെ നാടകീയതയാണിത്. നാം മറ്റുള്ളവരുടെ കടക്കാരാവുമ്പോൾ കരുണ നമ്മൾ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റുള്ളവർ നമ്മുടെ കടക്കാരാകുമ്പോൾ നീതി നടക്കണമെന്ന് നാം ആവശ്യപ്പെടുന്നു. ക്രിസ്തു അനുയായികൾക്ക് ചേരാത്ത മനോഭാവമാണിത്. ക്ഷമിക്കാനും അതിരുകളില്ലാതെ ക്ഷമിക്കുവാനുമാണ് യേശു പഠിപ്പിച്ചത്; പാപ്പ വ്യക്തമാക്കി.

പാപങ്ങളെക്കുറിച്ച് ആഴമായ അനുതാപത്തോടുകൂടി ബസിലിക്കയുടെ ഉള്ളിലുള്ള പോർസ്യുങ്കലോ ചാപ്പൽ സന്ദർശിച്ച് കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുകയും വിശ്വാസപ്രമാണവും മാർപാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ചൊല്ലുകയും ചെയ്യുന്നവർക്ക് ദണ്ഡവിമോചനം ലഭിക്കും. ഫ്രാൻസിസ്‌കൻ ചരിത്രപ്രകാരം ദൈവം തന്നെയാണ് വിശുദ്ധ ഫ്രാൻസിസിന് അസീസിയിലെ ഈ ദണ്ഡവിമോചനം അനുവദിച്ച് നൽകിയത്. പോർസ്യുങ്കലയിൽ വന്ന് കുമ്പസാരിച്ച് പാപമോചനം നേടുന്നവർക്ക് പൂർണദണ്ഡവിമോചനം നൽകണമെന്ന് ഫ്രാൻസിസ് ദൈവത്തോട് അപേക്ഷിക്കുകയും ദൈവം അത് സമ്മതിക്കുകയും ചെയ്‌തെന്നാണ് പാരമ്പര്യം. ഹൊണോറിയസ് മൂന്നാമൻ മാർപാപ്പ അടുത്ത ദിവസം തന്നെ ഈ ദണ്ഡവിമോചനത്തിന് ഔദ്യോഗിക അംഗീകാരവും നൽകി. 1207ൽ വിശുദ്ധ ഫ്രാൻസിസ് അസീസി തന്നെ പുതുക്കി പണിത ചാപ്പലാണ് പോർസ്യുങ്കല.

Source: Sunday Shalom