News >> എല്ലാ മതിലുകളും തകർത്ത് ഒരു കുടുംബമാകുവാൻ


റിയോ: എല്ലാ മനുഷ്യരും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന് ബോധ്യപ്പെടുവാനുള്ള അവസരമാണ് റിയോ ഡി ജെനേറിയോയിൽ നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങളെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവർ തമ്മിലുള്ള വേലിക്കെട്ടുകൾ ഇല്ലാതാക്കുവാൻ ഒളിമ്പിക്‌സ് മത്സരങ്ങൾ സഹായകമാവുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഓഗസ്റ്റ് അഞ്ച് മുതൽ 21 വരെ നടക്കുന്ന മത്സരങ്ങളിലെ കളിക്കാർക്കും കാണികൾക്കും പാപ്പ ആശംസകളർപ്പിച്ചു.

ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ സ്‌പോർട്‌സുമായി ബന്ധപ്പെട്ടതായിരുന്നു മാർപാപ്പയുടെ ഓഗസ്റ്റിലെ പ്രാർത്ഥനാ നിയോഗവും. ജനതകൾ തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചയ്ക്ക് സ്‌പോർട്‌സ് വേദിയാകട്ടെയെന്നും ലോകസമാധാനത്തിന് സ്‌പോർട്‌സ് ഒരുപാധിയായി മാറട്ടെയെന്നുമായിരുന്നു മാർപാപ്പയുടെ ഓഗസ്റ്റ് മാസത്തിലെ പൊതുവിലുള്ള പ്രാർത്ഥനാനിയോഗം. ജനതകളുടെ ഇടയിൽ നിലനിൽക്കുന്ന മതിലുകളെ ബോളുകളുപയോഗിച്ച് കളിക്കാർ പ്രതീകാത്മകമായി തകർക്കുന്നതാണ് പ്രാർത്ഥനാനിയോഗം ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Source: Sunday Shalom