News >> നിരപരാധികളുടെ നിണം ചിന്തുന്നത് അംഗീകരിക്കാനാകില്ല-പാപ്പാ


രണഭൂമിയായ സിറിയയില്‍ യാതനകളനുഭവിക്കുന്ന ജനങ്ങളെ പാപ്പാ വേദനയോടെ സ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

     ഞായറാഴ്ച (07/08/16) മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ സിറിയയിലെ ദുരവസ്ഥയിലേക്ക് ഒരിക്കല്‍കൂടി ലോകശ്രദ്ധയെ ക്ഷണിച്ചത്.

  സിറിയയില്‍ നിന്ന് വിശിഷ്യ, ആലെപ്പോയില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യവശാല്‍, പൗരന്മാര്‍ യുദ്ധത്തിനിരകളായിത്തീരുന്ന വാര്‍ത്തയാണെന്നും കുട്ടികളുള്‍പ്പടെ നിരപരാധികളായ അനേകര്‍ സംഘര്‍ഷത്തിന് വിലനല്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും പാപ്പാ പറഞ്ഞു. ഹൃദയങ്ങള്‍ കൊട്ടിയടച്ചിരിക്കുന്നതിന്‍റെയും സമാധാനം സംസ്ഥാപിക്കാന്‍ ശക്തന്മാര്‍ ആഗ്രഹിക്കാത്തതിന്‍റെയും വിലയാണ് ഈ നിരപരാധികള്‍ നല്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.

     സിറിയയിലെ സഹോദരീസഹോദരന്മാരുടെ ചാരെ നമ്മള്‍ പ്രാര്‍ത്ഥനയാലും ഐക്യദാര്‍ഢ്യത്താലും സന്നിഹിതരാണെന്നു പറഞ്ഞ പാപ്പാ ആ ജനതയെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസന്നിഭ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുകയും ഏതാനു നമിഷം മൗനമായി പ്രാര്‍ത്ഥിക്കാനും തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലാനും ക്ഷണിക്കുകയും ചെയ്തു. 

Source: Vatican Radio