News >> പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം (07-08-2016)
ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (07/08/16) ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ വിചിന്തനം:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം. താനുമായുള്ള അന്തിമകൂടിക്കാഴ്‍ച മുന്നില്‍ കണ്ടുകൊണ്ട് സ്വായത്തമാക്കേണ്ട മനോഭാവത്തെയും ഈ കൂടിക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പ് സല്‍പ്രവര്‍ത്തികളാല്‍ സമ്പന്നമായ ഒരു ജീവിതം നയിക്കുന്നതിന് എപ്രകാരം പ്രചോദനമായി ഭവിക്കണമെന്നതിനെയും കുറിച്ച് തന്‍റെ ശിഷ്യന്മാരോടു യേശു ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ പറയുന്നു. മറ്റു പലതിനുമിടയ്ക്ക് അവിടന്നു പറയുന്നു: നിങ്ങളുടെ സമ്പത്ത് വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്‍ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗ്ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല, (വാക്യം 33) ഇത് ക്ഷണികങ്ങളായ വസ്തുക്കളില്‍ ശരണം വയ്ക്കാതെ കാരുണ്യത്തിന്‍റെ പ്രവര്‍ത്തിയായ ദാനധര്‍മ്മത്തിന് മൂല്യം കല്പിക്കാനും, ഭൗമികവസ്തുക്കളോടു ആസക്തി പുലര്‍ത്താതെയും സ്വാര്‍ത്ഥരാകാതെയും ദൈവത്തിന്‍റെ യുക്തിക്കനുസൃതം, അപരനോടുള്ള ഔത്സുക്യത്തിലും സ്നേഹത്തിന്‍റെ യുക്തിയിലും അവ ഉപയോഗിക്കാനുമുള്ള ഒരു ക്ഷണമാണ്. നാം ധനത്തോട് ആസക്തിയുള്ളവരായിരിക്കാം, കൈനിറയെ സമ്പത്തുള്ളവരായിരിക്കാം, എന്നാല്‍ അവസാനം നാം പോകുമ്പോള്‍ നമുക്ക് അവ നമ്മോടൊപ്പം കൊണ്ടുപോകാനാകില്ല. നിങ്ങള്‍ ഓര്‍ക്കുക : ശവക്കച്ചയ്ക്ക് കീശയില്ല. യേശുവിന്‍റെ പ്രബോധനം ജാഗ്രതയുള്ളവരായിരിക്കുക എന്ന ആശയത്തെക്കുറിച്ചുള്ള മൂന്നു ചെറു ഉപമകളിലൂടെ തുടരുകയാണ്. ജാഗ്രത സുപ്രധാനമാണ്, അതായത്, കരുതലുള്ളവരായിരിക്കുക, ജീവിതത്തില്‍ അവധാനമുള്ളവരായിരിക്കുക. ആദ്യത്തെ ഉപമ, യജമാനന്‍റെ വരവുകാത്തിരിക്കുന്ന ഭൃത്യന്മാരുടെതാണ്. യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. (വാക്യം 37). സേവനമനോഭാത്തോടെ, ഒരുക്കമുള്ളവരായി കര്‍ത്താവിനെ വിശ്വാസത്തോടെ കാത്തിരിക്കുന്നവരുടെ സൗഭാഗ്യമാണത്. അനുദിനം അവിടന്ന് വന്ന് നമ്മുടെ ഹൃദയവാതിലില്‍ മുട്ടുന്നു. അവിടത്തേക്കു വാതില്‍ തുറന്നുകൊടുക്കുന്നവന്‍ അനുഗ്രഹീതന്‍. എന്തെന്നാല്‍ അവന് വലിയ പ്രതിഫലം ലഭിക്കും. അതായത്, കര്‍ത്താവു തന്നെ അവിടത്തെ ദാസന്മാരുടെ ദാസനാകും. അത് മനോഹരമായ ഒരു പ്രതിഫലമാണ്. അവിടത്തെ രാജ്യത്തിലെ മഹാവിരുന്നില്‍ അവിടന്നുതന്നെ ആയിരിക്കും പരിചാരകന്‍. രാത്രി പശ്ചാത്തലമായുള്ള ഈ ഉപമയില്‍ യേശു ജീവിതത്തെ അവതരിപ്പിക്കുന്നത് നിത്യതയുടെ പ്രഭാപൂരിതമായ ദിനത്തിന് മുന്‍പുള്ള കര്‍മ്മനിരതമായ ഒരു കാത്തിരിപ്പ് ആയിട്ടാണ്. ആ ദിനത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ നാം, സ്വര്‍ഗ്ഗരാജ്യത്തില്‍ നമ്മള്‍ ദൈവത്തെ സേവിക്കുകയായിരിക്കില്ല മറിച്ച് അവിടത്തെ വിരുന്നില്‍ അവിടന്നായിരിക്കും നമ്മെ സ്വാഗതം ചെയ്യുക എന്ന സാന്ത്വനദായക പ്രത്യാശയില്‍, ഒരുക്കമുള്ളവരും ഉണര്‍ന്നിരിക്കുന്നവരും, പരസേവനത്തില്‍ മുഴികിയിരിക്കുന്നവരുമാകണം. എന്നാലിത്, പ്രാര്‍ത്ഥനയില്‍ നാം അവിടത്തെ കണ്ടുമുട്ടുമ്പോഴും, അല്ലെങ്കില്‍, പാവപ്പെട്ടവനെ പരിചരിക്കുമ്പോഴും, സര്‍വ്വോപരി, സ്വന്തം വചനത്താലും ശരീരത്താലും നമ്മെ ഊട്ടുന്നതിന് യേശുനാഥന്‍ വിരുന്നൊരുക്കുന്ന ദിവ്യകാരുണ്യത്തിലും ഇപ്പോള്‍ത്തനെ സാക്ഷാകൃതമാകുന്നു എന്നു മനസ്സിലാക്കുക ഉചിതമാണ്. കള്ളന്‍റെ അപ്രതീക്ഷിത വരവാണ് രണ്ടാമത്തെ ഉപമയിലെ സാദൃശ്യം. ജാഗരൂഗത ആവശ്യപ്പെടുന്നതാണ് ഈ അവസ്ഥ. വാസ്തവത്തില്‍ യേശു ഉപദേശിക്കുന്നു: നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍, എന്തെന്നാല്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്.( വാക്യം 40) കര്‍ത്താവിനെയും അവിടത്തെ രാജ്യത്തെയും കാത്തിരിക്കുന്നവനാണ് അവിടത്തെ ശിഷ്യന്‍. ഈ വീക്ഷണം സുവിശേഷം മൂന്നാമത്തെ ഉപമയിലൂടെ പ്രസ്പഷ്ടമാക്കുന്നു. യജമാനന്‍ പുറത്തു പോയിരിക്കുന്ന ഒരു വീട്ടിലെ കാര്യസ്ഥനാണ് ഇവിടെ കഥാപാത്രം. ഈ ഉപമയുടെ ആദ്യ ഭാഗത്ത് ഈ സേവകന്‍ സ്വന്തം ദൗത്യം വിശ്വസ്ഥതയോടെ നിര്‍വ്വഹിക്കുകയും അതിനുള്ള പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ ഈ കാര്യസ്ഥന്‍ തന്‍റെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു. അവന്‍ ആ വീട്ടിലെ ഭത്യന്മാരെ ദ്രോഹിക്കുന്നു. അപ്പോള്‍ അപ്രതീക്ഷിതമായി തിരിച്ചെത്തുന്ന യജമാനന്‍ അവനെ ശിക്ഷിക്കും. ഈ രംഗം നമ്മുടെ ഈ കാലഘട്ടത്തിലും പലപ്പോഴും സംഭവിക്കുന്ന ഒരവസ്ഥയെ, അതായത്, മറ്റുള്ളവരുടെ ജീവിതത്തിന്‍റെ അധികാരികളെന്നപോലെ നമുക്ക് വര്‍ത്തിക്കാം എന്ന ആശയത്തില്‍ നിന്നുയിര്‍കൊള്ളുന്ന നിരവധിയായ അനീതികളുടെയും അക്രമങ്ങളുടെയും തോന്ന്യാസങ്ങളുടെയുമായ അവസ്ഥയെ അവതരിപ്പിക്കുന്നു. നമുക്ക് ഒരു യജമാനനെയുള്ളു. യജമാനന്‍ എന്നല്ല പിതാവ് എന്ന് വിളിക്കപ്പെടാനാണ് അവിടന്ന് അഭിലഷിക്കുന്നത്. നമെല്ലാവരും ദാസന്മാരും പാപികളും മക്കളുമാണ്. അവിടന്നാണ് ഏക പിതാവ്. യേശു ഇന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നിത്യസൗഭാഗ്യത്തിനായുള്ള കാത്തിരിപ്പ്, ലോകത്തെ ഉപരി നീതിവാഴുന്നതും കൂടുതല്‍ വസയോഗ്യവുമാക്കിത്തീര്‍ക്കുക എന്ന കര്‍ത്തവ്യത്തില്‍ നിന്ന് നമ്മെ ഒഴിവാക്കുന്നില്ല എന്നാണ്. മറിച്ച്, നിത്യതയില്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കമെന്ന നമ്മുടെ പ്രത്യാശ, ഭൗമികജീവിതാവസ്ഥകള്‍, വിശിഷ്യ, കൂടുതല്‍ ബലഹീനരായ സഹോദരങ്ങളുടെ ജീവിതാവസ്ഥകള്‍, മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കാന്‍ നമ്മെ നിര്‍ബ്ബന്ധിക്കുന്നു. വര്‍ത്തമാനകാലത്തിലോ, അതിലും താഴ്ന്നവിധം, ഗതകാലസുഖസ്മരണയിലോ വീണുകിടക്കാതെ ദൈവോന്മുഖരായി ഭാവിയിലേക്ക്, നമ്മുടെ ജീവനും പ്രത്യാശയുമായ ദൈവവുമായുള്ള കൂടിക്കാഴ്ചയിലേക്ക് ഉറ്റുനോക്കുന്ന വ്യക്തികളും സമൂഹങ്ങളുമായിത്തീരാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു. രണഭൂമിയായ സിറിയയില്‍ യാതനകളനുഭവിക്കുന്ന ജനങ്ങളെ പാപ്പാ വേദനയോടെ സ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സിറിയയില്‍ നിന്ന് വിശിഷ്യ, ആലെപ്പോയില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യവശാല്‍, പൗരന്മാര്‍ യുദ്ധത്തിനിരകളായിത്തീരുന്ന വാര്‍ത്തയാണെന്നും കുട്ടികളുള്‍പ്പടെ നിരപരാധികളായ അനേകര്‍ സംഘര്‍ഷത്തിന് വിലനല്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും പാപ്പാ പറഞ്ഞു. ഹൃദയങ്ങള്‍ കൊട്ടിയടച്ചിരിക്കുന്നതിന്‍റെയും സമാധാനം സംസ്ഥാപിക്കാന്‍ ശക്തന്മാര്‍ ആഗ്രഹിക്കാത്തതിന്‍റെയും വിലയാണ് ഈ നിരപരാധികള്‍ നല്കുന്നതെന്നും പാപ്പാ വ്യക്തമാക്കി. സിറിയയിലെ സഹോദരീസഹോദരന്മാരുടെ ചാരെ നമ്മള്‍ പ്രാര്‍ത്ഥനയാലും ഐക്യദാര്‍ഢ്യത്താലും സന്നിഹിതരാണെന്നു പറഞ്ഞ പാപ്പാ ആ ജനതയെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസന്നിഭ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുകയും ഏതാനു നമിഷം മൗനമായി പ്രാര്‍ത്ഥിക്കാനും തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ ക്ഷണിക്കുകയും ചെയ്തു. മരിയന്‍ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതാരായിരുന്ന സകലരെയും, വിശിഷ്യ, യുവതീയുവാക്കളെയും വിവിധ സംഘങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്തു.എല്ലാവര്‍ക്കും ശുഭഞായര്‍ നേര്‍ന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന തന്‍റെ പതിവഭ്യര്‍ത്ഥന നവീകരിച്ചു.സകലര്‍ക്കും നല്ല ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ അറിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.Source: Vatican Radio