News >> ബിഷപ്പ് എഡ്വേര്‍ഡ് ഡാലി സമാധാനത്തിന്‍റെ ശുശ്രൂഷകന്‍
ഉത്തര അയര്‍ലണ്ടിലെ ഡെറി രൂപതയുടെ മുന്നദ്ധ്യക്ഷന്‍, കാലം ചെയ്ത ബിഷപ്പ് എഡ്വേര്‍ഡ് കെവിന്‍ ഡാലി സമാധാനത്തിനും നീതിക്കും വേണ്ടി അര്‍പ്പണബോധത്തോടെ യത്നിച്ച ഒരു അജപാലകനായിരുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു. ഡെറി രൂപതയുടെ ഭദ്രാസനദേവാലയത്തില്‍ വ്യാഴാഴ്ച (11/08/16) വൈകുന്നേരം നടന്ന അന്ത്യോപചാരശുശ്രൂഷാവേളയില്‍, ദിവ്യബലിയുടെ ആരംഭത്തില്‍, വായിക്കപ്പെട്ട ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനസന്ദേശത്തിലാണ് ഈ അനുസ്മരണ വാക്കുകള്‍ കാണുന്നത്. ബിഷപ്പ് കെവിന്‍ ഡാലിയുടെ നിര്യാണത്തില്‍ കേഴുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും വൈദികരുംസന്ന്യാസിസന്ന്യാസിനികളും അല്മായവിശ്വാസികളും അടങ്ങുന്ന ഡെറിരൂപതാംഗങ്ങളോടും പാപ്പാ തന്‍റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന ബിഷപ്പ് ഡാലി ഇക്കഴിഞ്ഞ തിങ്കളാഴ്ച (08/08/16) എണ്‍പത്തിരണ്ടാമത്തെ വയസ്സിലാണ് മരണമടഞ്ഞത്. ഉത്തര അയര്‍ലണ്ടില്‍ 1960 കളില്‍ ആരംഭിച്ചതും 1988 വരെ നീണ്ടതുമായ "ദ ട്രബിള്‍സ്" എന്നറിപ്പെടുന്ന, മുഖ്യമായും രാഷ്ട്രീയപരവും എന്നാല്‍ വംശീയതയുടെ സ്പര്‍ശമേറ്റിരുന്നതുമായ, സംഘര്‍ഷത്തിന്‍റെ ആ കാലഘട്ടത്തില്‍ സമാധാന സംസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.Source: Vatican Radio