News >> വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യംനല്കി


പാപ്പാ ഫ്രാന്‍സിസ് അഭയാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.  ആഗസ്റ്റ് 11-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ ഊട്ടുശാലയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള 21 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പമാണ് പാപ്പാ ഉച്ചഭക്ഷണം കഴിച്ചത്.

ഇപ്പോള്‍ റോമാ നഗരത്തില്‍ സാന്‍ ഏജീഡിയോ ഉപവി പ്രവര്‍ത്തന കേന്ദ്രത്തിന്‍റെ പിന്‍തുണയില്‍ ജീവിക്കുന്ന ഈ കുടുംബങ്ങള്‍ സിറിയയില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ ഒത്താശയില്‍ കൊണ്ടുവന്നിട്ടുള്ള വിവിധ മതസ്ഥരാണ്. കുട്ടികള്‍ വരച്ചുണ്ടാക്കിയ ചെറിയ ചിത്രങ്ങളും കളിപ്പാട്ടങ്ങളും, കൗതുകവസ്തുക്കളും സമ്മാനമായി പാപ്പായ്ക്കു നല്കി..

ഏപ്രില്‍ 16-ാം തിയതി ലെസ്ബോസ് ദ്വീപു സന്ദര്‍ശനത്തിനുശേഷം വത്തിക്കാനിലേയ്ക്കു മടങ്ങവെയാണ് ആദ്യത്തെ ചെറുകൂട്ടും അഭയാര്‍ത്ഥികള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെകൂടെ റോമില്‍ എത്തിയത്. അവര്‍ ആകെ 12 പേരുള്ള നാലു കുടുംബങ്ങളായിരുന്നു. ജൂണ്‍ മദ്ധ്യത്തിലായിരുന്നു 9 പേരുടെ രണ്ടാമത്തെ കൂട്ടം എത്തിയത്. റോമിലെ ജീവിതം ആരംഭിക്കുന്നതിനു മുന്‍പ് അവര്‍ വത്തിക്കാനില്‍വന്ന് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാപ്പായുടെയും സിറിയക്കാരായ അതിഥകളുടെയും കൂട്ടത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യൂ, സാന്‍ എജീ‍ഡിയോ സമൂഹത്തിന്‍റെ സ്ഥാപകന്‍, പ്രഫസര്‍ അന്ത്രയ റിക്കാര്‍ദോയും ഏതാനും സഹപ്രവര്‍ത്തകരും, സുരക്ഷാ ഓഫിസര്‍ ഡോമിനിക് ജ്യാനി, പിന്നെ സിറിയന്‍ അഭയാര്‍ത്ഥികളെ റോമിലെത്തിക്കുവാന്‍ സഹായിച്ച രണ്ടു വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പാപ്പായുടെയും സിറിയക്കാരായ അതിഥികളുടെയുംകൂടെ ഭക്ഷണത്തിന് ഉണ്ടായിരുന്നു.

Source: Vatican Radio