News >> ലാറ്റിനമേരിക്കന്‍ നാടുകളുടെ കാരുണ്യവത്സരാഘോഷം
ആഗസ്റ്റ് 27-മുതല്‍ 30-വരെ തിയതികളില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ തലസ്ഥാന നഗരം, ബൊഗോട്ടയിലാണ് നാലു ദിവസങ്ങള്‍ നീളുന്ന കാരുണ്യത്തിന്‍റെ ജൂബിലി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്തമായി ആഘോഷിക്കുന്നത്. ആഗസ്റ്റ് 11-ാം തിയതി വ്യാഴാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഭൂഖണ്ഡതലത്തിലുള്ള ഈ അത്യപൂര്‍വ്വ സംഗമത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.ലാറ്റിനമേരിക്കന്‍ ജനതയുടെ "സാംസ്ക്കാരിക സൗഹൃദത്തിന്‍റെയും, അനുതാപത്തിന്‍റെയും ക്ഷമയുടെയും ആത്മാവ് ദൈവത്തിന്‍റെ അനന്തമായ കാരുണ്യമാണ്," എന്ന വിഷയം വൈവിധ്യമാര്‍ന്ന ആത്മീയ പരിപാടികളിലൂടെയും സംഗമങ്ങളിലൂടെയും ബഗോട്ടയില്‍ സമ്മേളിക്കുന്ന 4 ലക്ഷത്തിലേറെ വിശ്വാസികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന കരുണ്യുടെ ആഘോഷമാണിതെന്ന് പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസ്താവന വ്യക്തമാക്കി.ഭൂഖണ്ഡതലത്തില്‍ നടപ്പാക്കേണ്ട കാരുണ്യപ്രവൃത്തികളുടെ പൊതുപദ്ധിതകള്‍, ഗ്വാദലൂപെ നാഥയുടെ ചരിത്ര-സാംസ്ക്കാരിക പശ്ചാത്തലത്തിലുള്ള വിചിന്തനങ്ങള്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം, പാപ്പായ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ദൃശ്യ-ശ്രാവ്യ പരിപാടികളിലൂടെയുള്ള കാരുണ്യ സന്ദേശങ്ങള്‍, ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളായ ലാറ്റിനമേരിക്കന്‍ വിശുദ്ധാത്മാക്കളുടെ ജീവചരിത്ര പഠനവും ധ്യാനവും, ഒറ്റയായും കൂട്ടമായുമുള്ള അനുതാപത്തിന്‍റെ കൂദാശയുടെ (കുമ്പസാരം) പരികര്‍മ്മം, ഭൂഖണ്ഡത്തെ കോര്‍ത്തിണക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം, ലാറ്റിനമേരിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെയും, കൊളംബിയയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെയും അദ്ധ്യക്ഷന്മാരുടെ സമൂഹബലിയര്‍പ്പണങ്ങള്‍, സുവിശേഷ സന്ദേശങ്ങളുടെ നൃത്ത-സംഗീത ദൃശ്യാവിഷ്ക്കാരങ്ങള്‍ എന്നിവ ലത്തീന്‍ അമേരിക്കയുടെ കാരുണ്യത്തിന്‍റെ ജൂബിലിവത്സരം അര്‍ത്ഥവത്താക്കും. പ്രസ്താവന വിശദാംശങ്ങളിലൂടെ വിവരിച്ചു.ജനതകള്‍ ദൈവിക കാരുണ്യത്തില്‍ ആശ്രയിക്കാനും വളരുവാനുമുള്ള മാനവകുലത്തോടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം ലാറ്റിനമേരിക്കന്‍ മക്കള്‍ ഉള്‍ക്കൊണ്ട് ആഘോഷിക്കുന്ന അനുഗ്രഹത്തിന്‍റെയും ദൈവിക കാരുണ്യലബ്ധിയുടെയും ദിനങ്ങളായിരിക്കും ആഗസ്റ്റ് മാസത്തിന്‍റെ 5 അവസാന ദിനങ്ങള്‍ എന്ന് പ്രസ്താവന വ്യക്തമാക്കി. Source: Vatican Radio