News >> ദൈവത്തിന്‍റെ സൃഷ്ടിയെ ആദരിക്കാനും ജീവന്‍ സംരക്ഷിക്കാനും
ദൈവത്തിന്‍റെ സൃഷ്ടി കാണുവാനും അംഗീകരിക്കുവാനുമുള്ള കാഴ്ചപ്പാട് വളര്‍ത്തേണ്ടത് കാലികമായ അനിവാര്യതയാണ്. ജപ്പാനിലെ നീഗത രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് തര്‍ചീസിയോ ഇസാവോ കിക്കൂചി പ്രസ്താവിച്ചു. ആഗസ്റ്റ് 10-ാം തിയതി ബുധനാഴ്ച ടോക്കിയോയില്‍ ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'കാരിത്താസ് ' ഉപവി പ്രസ്ഥാനത്തിന്‍റെ ഏഷ്യന്‍ പ്രസിഡന്‍റുകൂടിയാണ് (Caritas Asia) ബിഷപ്പ് തര്‍ചീസിയോ കിക്കൂചി.ജപ്പാനില്‍ പൊതുവെ വര്‍ദ്ധിച്ചുവരുന്ന കാരുണ്യവധത്തിന്‍റെയും, 2016 ജൂലൈ 26-ാം തിയതി ടോക്കിയോയ്ക്ക് അടുത്തുള്ള സഹാമിഗാരയിലെ വൃദ്ധമന്ദിരത്തില്‍ നടന്ന കൂട്ടക്കുരുതിയുടെയും പശ്ചാത്തലത്തിലാണ് ദൈവത്തിന്‍റെ സൃഷ്ടിക്കും ജീവനും മൂല്യം നല്കുന്ന സംസ്ക്കാരത്തെക്കുറിച്ച് ബിഷപ്പ് കിക്കൂചി ഉദ്ബോധിപ്പിച്ചത്. കാരുണ്യവധത്തിന്‍റെ വേദിയായ വൃദ്ധമന്ദിരം സന്ദര്‍ശിച്ച് തന്‍റെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയശേഷമാണ് ബിഷപ്പ് കിക്കൂചി ടോക്കിയോയിലെ കാരിത്താസ് ഓഫിസില്‍നിന്നും (Caritas Asia) പ്രസ്താവന ഇറക്കിയത്. പ്രായമായവരുടെ ആത്മഹത്യയ്ക്കും അവരെ ഇല്ലായ്മ ചെയ്യുന്നതിലും ജപ്പാന്‍ ഇന്ന് ആഗോളതലത്തില്‍ മുന്‍പന്തിയിലാണ്.ദൈവത്തിന്‍റെ സൃഷ്ടിയായ ജീവനോട് മനുഷ്യര്‍ക്കുള്ള ആദരവ് സാമൂഹ്യജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യമാണ്. കുടുംബങ്ങളില്‍ ജീവനെ, അത് ചെറുതായാലും പ്രായമുള്ളതായാലും മാനിക്കുകയും വളര്‍ത്തുകയും പരിരക്ഷിക്കുകയുംചെയ്യുന്ന മൂല്യബോധം ഇന്ന് നഷ്ടപ്പെട്ടു വരികയാണ്. സമൂഹത്തില്‍ അനുദിനം നടക്കുന്ന അതിക്രമങ്ങളില്‍നിന്നും, ഭീകരസംഭവങ്ങളില്‍നിന്നും ഇതു വ്യക്തമാകുന്നുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉപഭോഗസംസ്ക്കാരത്തില്‍ എല്ലാം പണത്തിന്‍റെയും ലാഭത്തിന്‍റെയും, സ്ഥാനമാനങ്ങളുടെയും അളവുകോലിലാണ് അളക്കപ്പെടുന്നത്. ഉപയോഗമില്ലെന്നു കണ്ടാല്‍ വലിച്ചെറിയുമെന്ന നീചമായ (Throw Away Culture) സംസ്ക്കാരം വളര്‍ന്നുവരുന്നുണ്ടെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ബിഷപ്പ് കിക്കൂചി സമര്‍ത്ഥിച്ചു.പ്രായാധിക്യം മൂലമോ, രോഗങ്ങള്‍ പിടിപെട്ടോ, സ്വയം കെല്പില്ലാതായോ, ഭിന്നശേഷിയോടെ ജനിച്ചവരോ, സമൂഹത്തില്‍ വിവേചിക്കപ്പെട്ടവരോ, പ്രതിസന്ധിയില്‍ ക്ലേശിച്ചു കഴിയുന്നവരോ ഉണ്ടാകാം. എന്നാല്‍ അവരെ ഇല്ലായ്മ ചെയ്യുന്നതാണ് നല്ലതെന്ന ക്രൂരവും മൃഗീയവുമായ സംസ്ക്കാരം വളര്‍ന്നുവരുന്നതിനെ ശ്രദ്ധയോടെ കൈകാര്യംചെയ്യണമെന്നും തിരുത്തണമെന്നും ബിഷപ്പ് കിക്കൂച്ചി ആഹ്വാനംചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും, രോഗികളെയും ഭിന്നശേഷിയുള്ളവരെയും, പരിത്യക്തരെപ്പോലും കാരുണ്യത്തോടെ വീക്ഷിക്കുകയും ഉള്‍ക്കൊള്ളുകയുംചെയ്യുന്ന ഒരു സാകല്യസംസ്കൃതിയും കൂട്ടായ്മയുടെ വീക്ഷണവുമാണ് (An all inclusive culture) ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് ബിഷപ്പ് കിക്കൂചിയുടെ പ്രസ്താവന വ്യക്തമാക്കി.മനുഷ്യരെല്ലാവരും - നിങ്ങളും ഞാനും - വാര്‍ദ്ധക്യത്തിന്‍റെയും രോഗങ്ങളുടെയും വക്കിലേയ്ക്ക് വഴുതിവീഴുന്നവരാണ് എന്ന അവബോധം എപ്പോഴും ഉണ്ടായിരിക്കണം. അങ്ങനെ ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധവും മൂല്യവും ഉള്ളവരായി, പരസ്പരം സഹായിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നൊരു കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തിയെടുക്കണമെന്ന് ബിഷപ്പ് കിക്കൂചി പ്രസ്താവനയിലൂടെ ഉദ്ബോധിപ്പിച്ചു.Source: Vatican Radio ( Edited)