News >> അഭയാർത്ഥിക്യാമ്പിൽ തിരുപ്പട്ടം: വിസ്മയത്തോടെ ലോകം
ഇർബിൽ:പരദേശികളായി ഇന്നും കഴിയുന്ന ഇറാക്കി അഭയാർത്ഥികൾക്കിടയിൽ നിന്നും വീണ്ടും സന്തോഷവാർത്ത. അഭയാർത്ഥിക്യമ്പുകളിൽ പതിവുപോലെ കണ്ണീരും കദനകഥകളും നഷ്ടപ്പെട്ടുപോയതോർത്തുള്ള നൊമ്പരങ്ങളൊന്നുമല്ല. മറിച്ച് ദൈവസ്‌നേഹത്തിന്റെ വിശ്വാസ തീക്ഷണതയുടെ കഥകളാണ് പുറത്ത് വരുന്നത്. അടുത്ത നാളിൽ ഇർബിലിലെ അഭയാർത്ഥി ക്യാമ്പിൽ വെച്ചാണ് മൂന്നു വൈദികവിദ്യാർത്ഥികൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഈ പൗരോഹിത്യ പദവിയിലൂടെ വേദനയിൽ കഴിഞ്ഞ ഇറാക്ക് ക്രൈസ്തവർ ദൈവത്തിന് നന്ദി പറയുകയാണെന്ന് പട്ടം സ്വീകരിച്ച മൂന്നുവൈദികരിലൊരാളായ ഫാ. റോണി സലിം മോമിക കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനായിരുന്നു പൗരോഹിത്യം. സിറിയക് കാത്തലിക് ചർച്ച് സഭാംഗങ്ങളായ റോണിയും മറ്റ് രണ്ടു സുഹൃത്തുക്കളുമാണ് പട്ടം സ്വീകരിച്ചത്. അഭയാർത്ഥി ക്യാമ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ്. ഇവിടുത്തെ ക്യാമ്പിൽ ഏതാണ്ട് 5500 ആളുകളാണ് താമസിക്കുന്നത്.
ക്രൈസ്തവകേന്ദ്രമായ ഇറാക്കിലെ ക്വാറഘോഷാണ് ഫാ. റോണിയുടെ സ്വദേശം. രണ്ടുവർഷം മുമ്പ് ഓഗസ്റ്റ് ആറിനായിരുന്നു ഇസ്ലാമിക് ഭീകരർ അവരെ തുരത്തിയോടിക്കുന്നത്. ഇതേസമയത്താണ് അവിടെ നിന്നും ക്രൈസ്തവർ ദൈവവിശ്വാസം മാത്രം സ്വീകരിച്ച് ഇർബിലിലേയ്ക്ക് പലായനം ചെയ്യുന്നത്. രണ്ടാം വാർഷികദിനത്തിൽ അവരുടെ വേദനകൾക്കുമേൽ കുളിർമഴയായി തീക്ഷണമായ വിശ്വാസപ്രഖ്യാപനമായി നവവൈദികർ പെയ്തിറങ്ങിയത് അവരെ ഏറെ സന്തോഷിപ്പിക്കുന്നു.
ഇറാക്കിൽ നിന്നും കുടിയിറക്കപ്പെട്ടതിന്റെ വാർഷികമാണെങ്കിലും നവവൈദികരെ കാണുന്നത് വിശ്വാസികൾക്ക് കൂടുതൽ പ്രതീക്ഷയും സന്തോഷവും ലഭിക്കുന്നതായി നവവൈദികൻ ഫാ. മോമിക പറഞ്ഞു.
2014 ലാണ് ഫാ. മോമികയും മറ്റ് നാലുവൈദികവിദ്യാർത്ഥികളും ക്വറാഘോഷിൽ നിന്നും പലായനം ചെയ്യുന്നത്. 2014 ലെ അക്രമത്തെത്തുടർന്ന് ക്വറാഘോഷിലെ സെമിനാരി അടച്ചു. അവിടെ ഉണ്ടായിരുന്ന വൈദികവിദ്യാർത്ഥികളെ തുടർപഠനത്തിനായി ലെബനാനിലേയ്ക്ക് അയക്കുകയായിരുന്നു. മാർച്ചുമാസത്തിൽ പഠനം പൂർത്തിയാക്കി ഡീക്കന്മാർ മടങ്ങിയെത്തി.
മോസുളിലെ സിറിയൻ കാത്തലിക് ആർച്ചുബിഷപിനെക്കൂടാതെ കിർകുർക്ക്, കുർദ്ദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദികരും അഭയാർത്ഥിക്യാമ്പിലെ തിരുപ്പട്ട ചടങ്ങിൽ പങ്കെടുത്തു.Source: Sunday Shalom