News >> പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യൻ വിഭാഗക്കാർ കേരളത്തിലെ ക്രിസ്ത്യാനികളാണെന്ന് ജസ്റ്റിസ് മാർകണ്ഡേയ കട്ജു
ന്യൂഡെൽഹി: പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യൻ വിഭാഗക്കാർ കേരളത്തിലെ ക്രിസ്ത്യാനികളാണെന്ന് ജസ്റ്റിസ് മാർകണ്ഡേയ കട്ജു വിന്റെ ഫേസ് ബുക്ക് കുറിപ്പ്.
ക്രിസ്തുവിന്റെ ശിഷ്യരിലൊരാളായ തോമാശ്ലീഹാ കേരളത്തിൽ വന്നു. പിന്നീട് ജൂതന്മാർ കേരളത്തിലെ കൊച്ചിയിൽ താമസവും തുടങ്ങി. കുടിയേറ്റക്കാരുടെ രാജ്യമാണ് ഇന്ത്യ. എന്തിനേയും സ്വീകരിക്കുന്ന മനസ്സാണ് മലയാളികളുടെ സവിശേഷത. അദേഹം എഴുതി.
കാശ്മീരിയായ തനിക്ക് കാശ്മീരികളെ യഥാർത്ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ഇഷ്ടം. അത് വൈകാരികമായ വിലയിരുത്തലാണ്. യാഥാർത്ഥ്യബോധത്തോടെ ചിന്തിച്ചാൽ മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്നും കട്ജു ഫേസ് ബുക്കിൽ കുറിച്ചു.
ഇന്ത്യയിൽ ജീവിക്കുന്ന 95 ശതമാനം ആളുകളുടെയും പൂർവികർ വിദേശികളാണ്. യഥാർഥത്തിൽ തദ്ദേശീയർ എന്നു പറയാവുന്നത് ആദിവാസികളിലെ ചില വിഭാഗക്കാർ മാത്രമാണ്. എല്ലാ വിഭാഗക്കാരെയും ബഹുമാനിച്ചുകൊണ്ടു മാത്രമേ ഐക്യത്തോടെ കഴിയാനാവൂ. കേരളീയർ അങ്ങനെയാണ്. അതുകൊണ്ട് പ്രതീകാത്മകമായി ഇന്ത്യയെ മുഴുവൻ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് കാണാം. മലയാളികളെ കണ്ടുപഠിച്ച് അവരിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളണം. മലയാളികളെ വാനോളം പ്രശംസിക്കുന്നതാണ് അദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
മലയാളികൾ സഞ്ചാരപ്രിയരാണ്. ഭൂമിയുടെ ഏത് കോണിലും മലയാളിയെ കാണാനാകും. നീൽ ആംസ്‌ട്രോങ് 1969 ൽ ചന്ദ്രനിൽ കാൽകുത്തിയപ്പോൾ അവിടെ ഒരു മലയാളി അദ്ദേഹത്തോട് ചായ വേണോ എന്ന് ചോദിച്ചതായി ഒരു തമാശ തന്നെയുണ്ട്. മധ്യപൂർവദേശത്ത് മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. റോമുമായും അറബ് നാടുകളുമായും 2000 വർഷം പഴക്കമുള്ള വ്യാപാര ബന്ധമുണ്ട് കേരളത്തിന്. വിഖ്യാത കലാകാരന്മാരേയും ഗണിതശാസ്ത്രജ്ഞരെയും കേരളം സംഭാവന ചെയ്തു.
വിദ്യാർഥിയായിരിക്കുമ്പോഴും അലഹബാദിൽ അഭിഭാഷകനായി ജോലിചെയ്തപ്പോഴും അവിടെ ചെറിയ ഹോട്ടലുകളിൽ പോകുമായിരുന്നു. അവിടത്തെ തൊഴിലാളികളിൽ ഭൂരിഭാഗവും മലയാളികളാണ്. അവരുമായി ഞാൻ നല്ല സൗഹൃദത്തിലായി. ഇന്ത്യയിലും വിദേശത്തും മിക്ക ആശുപത്രികളിലും നഴ്‌സുമാരായി മലയാളികളുണ്ട്. കേരളത്തിൽ നിരക്ഷരർ ഇല്ലെന്നാണ് താൻ കരുതുന്നതെന്നും കട്ജു സൂചിപ്പിക്കുന്നു.Source: Sunday Shalom