News >> പാവപ്പെട്ടവരുടെ സ്വരമായി കത്തോലിക്ക സഭ
ന്യൂഡൽഹ: ഏറെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ജി.എസ്.ടി ബില്ലിനെതിരെ ജനപക്ഷത്തുനിന്നും വിമർശനവുമായി കത്തോലിക്ക സഭാ നേതൃത്വം രംഗത്തുവന്നു. ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോയും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയോഡോർ മസ്‌ക്രറിനസുമാണ് ബില്ലിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് പ്രതിഷേധസ്വരവുമായി എത്തിയത്. നിയമത്തിൽ വരുത്തിയിരിക്കുന്ന ഭേദഗതികളിൽ ഭൂരിപക്ഷവും സമ്പന്നരെ ലക്ഷ്യമാക്കിയുള്ളവയാണെന്നും പാവങ്ങളെ പരിഗണിച്ചിട്ടില്ലെന്നും അത് ഉൽക്കണ്ഠപ്പെടുത്തുന്നുണ്ടെന്നും ബിഷപ് മസ്‌ക്രറിനസ് പറഞ്ഞു. ഉൽപന്നങ്ങൾക്ക് വില കുറയുമെന്ന വാദം യാഥാർത്ഥ്യമായെങ്കിൽ മാത്രമേ അതു വിശ്വസിക്കുകയുള്ളൂവെന്നും ബിഷപ് പറഞ്ഞു. പൊതുപണത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ഉൽക്കണ്ഠ ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും രാജ്യത്തെ പാവപ്പെട്ടവരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഉൽക്കണ്ഠ ഉണ്ടെന്ന് ഡോ. അനിൽ കൂട്ടോ പറഞ്ഞു. നിയമം വ്യവസായ മേഖലയെ സഹായിക്കുമെന്നും ഡോക്യുമെന്റേഷൻ സംബന്ധമായ കാര്യങ്ങൾ എളുപ്പമാക്കുമെന്നതുമാണ് ഇതു സംബന്ധിച്ച പ്രധാനപ്പെട്ട കാര്യമായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ ഒരു ശതമാനംമാത്രമേ ഇൻകംടാക്‌സ് പരിധിക്കുള്ളിൽ വരുന്നതെന്ന വിവരം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്പോളത്തിൽ ഈ നിയമം എങ്ങനെ ബാധിക്കുമെന്ന് പറയാൻ വിദഗ്ധർക്കുപോലും കഴിയുന്നില്ല. ഒരു നേരംപോലും വയറുനിറച്ച് ഭക്ഷിക്കാനില്ലാത്ത 18 കോടി പട്ടിണിക്കാർ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അവശ്യ വസ്തുക്കൾക്ക് നികുതി ഉയർത്തി പാവങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കരുതെന്ന് അദ്ദേഹം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കുന്നത് സാധാരണക്കാരെക്കാളും സമ്പന്നർക്കാണ്. വാഹനങ്ങൾ, ഉയർന്ന നിലയിലുള്ള ഹോട്ടൽ ഭക്ഷണം എന്നിവയുടെ വില കുറയുമെന്നാണ് ബിൽ പറയുന്നത്. പാവപ്പെട്ടവരെക്കാളും പണക്കാർക്കാണ് നിയമം പ്രയോജനപ്പെടുന്നത്. ഇന്ത്യൻ സോഷ്യൽ സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡെൻസിൽ ഫെർണാണ്ടസ് എസ്.ജെ ചൂണ്ടിക്കാട്ടി.Source: Sunday Shalom