News >> വിശുദ്ധ മാക്സിമീലിയന്‍ കോള്‍ബെ പരസ്നേഹത്തിന്‍റെ രക്തസാക്ഷിയെന്ന് പാപ്പാ ഫ്രാന്‍സിസ്
ആഗസ്റ്റ് 14-ാം തിയതിയാണ് വിശുദ്ധ കോള്‍ബെയുടെ (1894-1941) അനുസ്മരണം സഭ കൊണ്ടാടുന്നത്. പോളണ്ടുകാരനായ കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികനാണ് അപരനുവേണ്ടിയുള്ള സ്വയാര്‍പ്പണത്തിലൂടെ രക്തസാക്ഷിത്വം വരിച്ചതും വിശുദ്ധപദം ചൂടിയതും.വത്തിക്കാനില്‍ ഞായറാഴ്ച (2016 ആഗസ്റ്റ് 14-ന്) നടന്ന ത്രികാലപ്രാര്‍ത്ഥന സന്ദേശത്തില്‍ വിശുദ്ധ കോള്‍ബെയെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി അനുസ്മരിച്ചു. "ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും തീക്ഷ്ണത കൂട്ടിയണിക്കി മനുഷ്യജീവിതങ്ങള്‍ ധന്യമാക്കാന്‍ മാതൃകകാട്ടിയ രക്തസാക്ഷിയെന്ന്," മാക്സിമീലിയന്‍ കോള്‍ബെയെ പാപ്പാ വിശേഷിപ്പിച്ചു. അനുദിനജീവിതത്തില്‍ സഹോദരങ്ങളുടെ യാതനകളില്‍ പങ്കുചേരുവാനും, അവരെ സാധിക്കുന്നതുപോലെ തുണയ്ക്കുവാനും വിശുദ്ധ കോള്‍ബെയുടെ ജീവസമര്‍പ്പണം നമ്മെ പഠിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്ന ആയിരങ്ങള്‍ മരിയഭക്തനായിരുന്ന വിശുദ്ധ കോല്‍ബെയുടെ അനുസ്മരണത്തില്‍ ആവേശംകൊണ്ട് ഹസ്തഘോഷം മുഴക്കി, ആര്‍ത്തിരമ്പി.പോളണ്ടിലെ ക്രാക്കോയില്‍ നടന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിനിടെ 2016 ജൂലൈ 29-ാം തിയതി വെള്ളിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ക്രാക്കോയില്‍നിന്നും 50 കി.മി. അകലെയുള്ള ഓഷ്വിറ്റ്സിലെ കൂട്ടക്കുരുതിയുടെ നാസി ക്യാമ്പ് സന്ദര്‍ശിക്കുവാന്‍ സമയം കണ്ടെത്തി. പ്രസംഗങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഇടംകൊടുക്കാതെ മരണത്തിന്‍റെ മണമൂറിനില്ക്കുന്ന ശവപ്പറമ്പ് നമ്രശിരസ്ക്കാനായി ഏകാന്തതയില്‍ പാപ്പാ നടന്നു കണ്ടു. പ്രാര്‍ത്ഥിച്ചു.ഓഷ്വിറ്റിസിന്‍റെ ഇരുട്ടറകളില്‍ 16670-ാമത്തെ ജയില്‍പ്പുള്ളിയുടെ തടവറ പാപ്പാ ഫ്രാന്‍സിസ് തേടിപ്പിടിച്ചു. അത് മാക്സിമീലിയന്‍ കോള്‍ബെയുടേതാണ്. ആ ഇരുട്ടു മുറിയില്‍ ഒരു മെഴുതിരി തെളിയിച്ച് 10-മിനിറ്റു സമയം പാപ്പാ പ്രാര്‍ത്ഥിച്ചു. യുഹൂദരെ സംരക്ഷിച്ചുവെന്ന കുറ്റത്തിനാണ് കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികനായിരുന്ന കോള്‍ബെയെ ഹിറ്റ്ലറിന്‍റെ സൈന്യം രണ്ടാം ലോകമഹായുദ്ധ കാലത്ത് ഓഷ്വിറ്റ്സിലെ തടങ്കലില്‍ അടച്ചത്.ജൂലൈ 1940 - ജനുവരി 1945, കാലയളവില്‍ ഓഷ്വിറ്റ്സില്‍ കൊല്ലപ്പെട്ടത് 10 ലക്ഷത്തിലേറെ നിര്‍ദ്ദോഷികളാണ്. ജര്‍മ്മനിയുടെ സ്വേച്ഛാധിപതി, ആഡോഫ് ഹിറ്റ്ലറിന്‍റെ മൃഗീയതയ്ക്ക് അവിടെ ഇരകളായ അധികംപേരും യഹൂദരായിരുന്നു.1941-ലെ ജൂലൈ മാസത്തില്‍ ക്യാമ്പല്‍നിന്നും ഒളിവില്‍ ഓടി രക്ഷപ്പെട്ട ഒരാള്‍ക്കു പകരമായി 10 പേരെ പട്ടിണിയിട്ടു കൊല്ലാന്‍ ഉത്തരവായി. അവരില്‍ ഒരാളായിരുന്നു ഫ്രാന്‍സിസ് ജവിന്‍സേക്ക്. ജവിന്‍സേക്കിന്‍റെ അലമുറയിട്ട കരച്ചില്‍ തന്‍റെ മക്കളെയും കുടുംബത്തെയും പ്രതിയായിരുന്നു. മാക്സ്മീലിയന്‍ കോള്‍ബെയാണ് ആ കുടുംബസ്ഥന്‍റെ കരച്ചില്‍ കേട്ടത്. ജവിന്‍സേക്കിനു പകരക്കാരനായി ഫാദര്‍ കോള്‍ബെ പട്ടിണിമരണം ഏറ്റെടുത്തു. മരിയ ഭക്തനായിരുന്ന കോള്‍ബെ ആഗസ്റ്റ് 14-ന് കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തിന് ഒരുങ്ങിക്കൊണ്ട് മന്ദസ്മിതത്തോടെ മരണത്തെ ആശ്ലേഷിച്ചു, സ്വര്‍ഗ്ഗംപൂകി."സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ..." - യോഹന്നാന്‍ 15, 13.ക്രിസ്തുവിന്‍റെ സുവിശേഷസൂക്തം സ്വയാര്‍പ്പണത്തിലൂടെ ഫാദര്‍ മാക്സ്മീലിയന്‍ കോളബെ ലോകത്തിന് ദൃശ്യമാക്കി. യുദ്ധത്താല്‍ കലുഷിതമായ ലോകത്ത് സമാധാനം വളര്‍ത്താന്‍ അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥ്യം തേടാം എന്നതായിരുന്നു വിശുദ്ധ കോള്‍ബെയുടെ അടിസ്ഥാന ദര്‍ശനം. അതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മേരിയന്‍ നഗരങ്ങള്‍ സ്ഥാപിക്കാനായിരുന്നു, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പകര്‍ന്നു കൊടുത്ത വിശ്വശാന്തിയുടെ സന്ദേശം ഉള്‍ക്കൊണ്ട മാക്സ്മീലിയന്‍ കോള്‍ബെ പരിശ്രമിച്ചത്. അദ്ദേഹത്തിന്‍റെ ജന്മനാടായ പോളണ്ടിലും ജപ്പാനിലും മേരിയന്‍ പട്ടണങ്ങള്‍ സ്ഥാപിക്കപ്പെട്ടു.വിശുദ്ധ കോള്‍ബെ 1933-ല്‍ കേരളത്തില്‍ എത്തിയതിന്‍റെ ചരിത്ര സാക്ഷ്യമാണ് അലുവ നഗരപ്രാന്തത്തിലെ ഫ്രാന്‍സിസ്ക്കന്‍ കണ്‍വെഞ്ച്വല്‍ സമൂഹവും അതിനോടു ചേര്‍ന്നുള്ള സെമിനാരിയും! പിന്നീട് കൊരട്ടിയില്‍ വളര്‍ന്നു വലുതായ ആസ്സീസി ശാന്തികേന്ദ്രവും രക്തസാക്ഷിയായ കോള്‍ബെയുടെ സ്വപ്നസാക്ഷാത്ക്കാരമാണ്!1941 ആഗസ്റ്റ് 14-ന് രക്തസാക്ഷിത്വം വരിച്ച മാക്സിമീലിയന്‍ കോള്‍ബെയെ, 1971 പോള്‍ ആറാമന്‍ പാപ്പയാണ് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. 1982 വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.Source: Vatican Radio