News >> ബൈബിൾ പഴയനിയമം പരിഷ്‌കരണത്തിന് തുടക്കമായി



കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശപ്രകാരം കേരളസഭയിലെ ബൈബിൾ പണ്ഡിതരുടെ നേതൃത്വത്തിലാണു പഴയനിയമത്തിന്റെ പരിഷ്‌കരണജോലികൾ ആരംഭിച്ചു പരിഷ്‌കരിച്ച പിഒസി സമ്പൂർണ ബൈബിൾ മൂന്നുവർഷം കൊണ്ടു പ്രസിദ്ധീകരിക്കും. പഴനിയമത്തിലെ ഉല്പത്തിയുടെ പുസ്തകത്തിന്റെ പരിഷ്‌കരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.


പാസ്റ്ററൽ ഓറിയൻറേഷൻ സെൻറർ (പിഒസി) പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്റെ പരിഷ്‌കരണം നേരത്തേ പൂർത്തിയായിരുന്നു. 1992ൽ പുതിയ നിയമത്തിന്റെ പരിഷ്‌കരണശ്രമങ്ങൾ ആരംഭിച്ചെങ്കിലും 2005ലാണ് സജീവമായത്. കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാനായി ദീർഘകാലം സേവനം ചെയ്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലാണ് ഇതിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചത്.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിഷ്‌കരിച്ച പതിപ്പ് 2012 ഓഗസ്റ്റിൽ കേരളസഭയ്ക്കു സമർപ്പിച്ചിരുന്നു.


പരിഷ്‌കരിച്ച പതിപ്പ് നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ വലുതാണ്. വായനാക്ഷമതയ്ക്കായി അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. വാക്യനമ്പരുകൾ എടുത്തുകാട്ടിയിട്ടുള്ളതും ഓരോ സുവിശേഷത്തിനും വിശദമായ ആമുഖങ്ങൾ നൽകിയതും കൂടുതൽ അടിക്കുറിപ്പുകൾ ചേർത്തതും പ്രത്യേകതയാണ്.


പുതിയനിയമത്തിന്റെ പരിഷ്‌കൃതപതിപ്പ് ആയിരം എണ്ണം മാത്രമാണ് അച്ചടിച്ചത്. ഇതു പൊതുജനങ്ങൾക്കു ലഭ്യമാക്കിയിട്ടില്ല.റവ ഡോ. ജോഷി മയ്യാറ്റിൽ, ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ ഡോ. ജോൺസൺ പുതുശേരി, റവ ഡോ. ഏബ്രഹാം പേഴുംകാട്ടിൽ, റവ ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ, റവ ഡോ. ജയിംസ് ആനാപറമ്പിൽ, റവ ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ എന്നിവരാണു പഴയനിയമ പരിഷ്‌കരണത്തിനായി കെസിബിസി നിയോഗിച്ചിട്ടുള്ള കോർ ടീമിലുള്ളത്.റവ ഡോ. ജോർജ് കുരുക്കൂർ, ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവരും 125ഓളം ബൈബിൾ പണ്ഡിതന്മാരും പദ്ധതിയുമായി സഹകരിക്കുന്നു. 1977ലാണു പിഒസി ബൈബിളിന്റെ പുതിയനിയമം ആദ്യം പ്രസിദ്ധീകരിച്ചത്. 1981ൽ സമ്പൂർണ ബൈബിളും പ്രസിദ്ധീകരിച്ചു.


Source: Sunday Shalom