News >> കണ്ഡമാലിന്‍റെ കര്‍മ്മയോഗി ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്തിന് അന്ത്യാഞ്ജലി
കട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു തൃശൂര്‍സ്വദേശി ആര്‍ച്ചുബിഷപ്പ് ചീനാത്ത്.കിഴക്കെ ഇന്ത്യയില്‍ ഒഡിഷ സംസ്ഥാനത്തുള്ള കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്നു അന്തരിച്ച ആര്‍ച്ചുബിഷപ്പ് ചീനാത്ത്. 26 വര്‍ഷക്കാലം (1985-2011) ഒഡിഷയിലെ കണ്ഡാമല്‍ ഉള്‍പ്പെടെയുള്ള സഭാപ്രവിശ്യയില്‍ ദളിതരും ഗോത്രവര്‍ഗ്ഗക്കാരും സാധാരണക്കാരുമായ ജനങ്ങളുടെ ഇടയില്‍ മിഷണറിയായി അദ്ദേഹം സ്തുത്യര്‍ഹമായ സേവനംചെയ്തു. 2011-ല്‍ 75-മത്തെ വയസ്സില്‍ വിരമിച്ച് മുമ്പൈയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ക്യാനസര്‍ ബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ 82-ാംമത്തെ വയസ്സിലാണ് ആര്‍ച്ചുബിഷപ്പ് ചീനാത്ത് ആശുപത്രിയില്‍ ആഗസ്റ്റ് 14-ാം തിയതി ഞായറാഴ്ച അന്തരിച്ചത്.അന്തിമോപചാര ശുശ്രൂഷകള്‍ മുംബൈ - അന്ധേരിയിലെ തിരുഹൃദയ ദേവാലയത്തില്‍ ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ച നടത്തപ്പെട്ടു. ദൈവവചന സഭാംഗമായിരുന്ന (Society of the Divine Word -SVD) ആര്‍ച്ചുബിഷപ്പ് ചീനാത്ത് തൃശൂര്‍ ജില്ലയില്‍ പെല്ലിശ്ശേരി സ്വദേശിയാണ്.ജാതി-മത ഭേദമെന്യേ ഒഡിഷയിലെ സാധാരണ ജനങ്ങളുടെ സമുന്നതിക്കായി കലവറയില്ലാതെ യത്നിച്ച നല്ല ഇടയനായിരുന്നു ആര്‍ച്ചുബിഷപ്പ് ചീനാത്തെന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമി, കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത, ജോണ്‍ ബര്‍വ പ്രസ്താവിച്ചു. ദളിതരും കീഴ്ജാതിക്കാരും ഗിരിവര്‍ഗ്ഗക്കാരുമായി വിവേചിക്കപ്പെടുകയും, സമൂഹത്തിന്‍റെ താഴെക്കിടയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിട്ടുള്ള ബഹുഭൂരിപക്ഷം പാവങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടിയ കര്‍മ്മധീരനെന്ന് അന്തരിച്ച തന്‍റെ മുന്‍ഗാമി, ശ്രേഷ്ഠാചാര്യന്‍ റാഫേല്‍ ചീനാത്തിനെ ആര്‍ച്ചുബിഷപ്പ് ബര്‍വ വിശേഷിപ്പിച്ചു.1934-ല്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പെല്ലിശ്ശേരിയില്‍ ജനിച്ചു. ദൈവവചന സഭയില്‍ ചേര്‍ന്നു (Society of the Divine Word -SVD) പഠിച്ച്1963-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ആരംഭകാലം മുതല്‍ ഒറീസ/ഒഡിഷാ മിഷന്‍ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പ്രേഷിത തട്ടകമായിരുന്നു.1974-ല്‍ ഒഡിഷയിലെ സമ്പാള്‍പൂര്‍ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു.1985-ലാണ് അദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചത്.2011-ല്‍ ഔദ്യോഗിക പദവിയില്‍നിന്നു വിരമിച്ചശേഷവും കണ്ഡാമലിലെ പീഡിതരും പരിത്യക്തരുമായവരുടെ വിമോചനശ്രമങ്ങളിലും, അവരുടെ മൗലികമായ അവകാശങ്ങള്‍ക്കുവേണ്ടിയും മരണംവരെ പരിശ്രമിച്ചിരുന്നു.കര്‍മ്മധീരനായ ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു!Source: Vatican Radio