News >> കണ്ടമാലിന്റെ പ്രവാചകശബ്ദം മാർ റാഫേൽ ചീനാത്ത്
കത്തിച്ചാമ്പലായ കുടിലുകളിൽ തീയണഞ്ഞിട്ടില്ല ഉടച്ചു തകർക്കപ്പെട്ട ദൈവാലയങ്ങളിൽ അവശേഷിക്കുന്നത് പ്രാർഥനാധ്വനികളുടെ തിരുശേഷിപ്പുകൾ മാത്രം ആയുസ്സും ആരോഗ്യവും ഹോമിച്ച് സ്വന്തമാക്കിയ തുണ്ടുഭൂമിക്ക് ഇപ്പോൾ കാവൽ നിൽക്കുന്നത് നിബിഢ വനാന്തരങ്ങളിലേക്ക് കുടിയേറിയവരുടെ ആത്മാക്കളാണ് വലിച്ചു ചീന്തി മാനഭംഗത്തിനിരയാക്കപ്പെട്ട സ്ത്രീത്വത്തിന്റെയും സന്യാസത്തിന്റെയും നിസ്സഹായതയുടെ നിലവിളികൾ ചുറ്റിലുമുണ്ട് മതമർദ്ദകരുടെ കിരാതവേട്ടയിൽ ജീവനറ്റുപോയവരുടെ സ്മരണകൾ ശ്മശാന ഭൂമിയിൽ രക്തസാക്ഷിത്വത്തിന്റെ ചരിത്രമെഴുതുകയാണ് മരണം മണക്കുന്ന ഈ കണ്ടമാലിന്റെ ഹൃദയഭൂമിയിൽ സാക്ഷ്യത്തിന്റെ പ്രവാചകൻ, മാർ റാഫേൽ ചീനാത്ത്, ശബ്ദമുയർത്തി : ജീവൻ സംരക്ഷിക്കപ്പെടണം; നീതി നടപ്പാക്കണം; അവകാശങ്ങൾ കാത്തുപാലിക്കണം; സമാധാനം നിലനിൽക്കണം.
1985 ജൂലൈ 1 നാണ് സാമ്പൽപൂർ ബിഷപ്പായിരുന്ന മാർ റാഫേൽ ചീനാത്ത് കട്ടക്ക്-ഭുവനേശ്വർ രൂപതയുടെ രണ്ടാമത്തെ ആർച്ചു ബിഷപ് ആയി സ്ഥാനമേൽക്കുന്നത്. തന്റെ 26 വർഷത്തെ രൂപതാ നേതൃത്വത്തിൽ അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും വേദനയും മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കണ്ടമാലിലെ ആസൂത്രിത കലാപമായിരുന്നുവെന്ന് ബിഷപ് ഒരിക്കൽ പറഞ്ഞു. 54,000 ക്രിസ്ത്യാനികൾ വനങ്ങളിൽ മാസങ്ങളോളം അഭയാർഥികളായി മാറി. നാനൂറോളം ഗ്രാമങ്ങളിൽ വിശ്വാസികളെ തിരഞ്ഞുപിടിച്ച് കൊള്ളയടിച്ചു. നൂറുകണക്കിനാളുകൾ മൃഗീയമായി കൊല്ലപ്പെട്ടു. ഏകദേശം 5,600 വീടുകൾ അഗ്‌നിക്കിരയാക്കി, ഒരു സന്യാസിനി കൂട്ടബലാൽസംഘത്തിനിരയായി, മൃഗീയമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ പലരും തിരിച്ചെത്തിയിട്ടില്ല. ഹിന്ദുക്കളാകാതെ തിരികെ ഗ്രാമത്തിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് പലരെയും നിർബന്ധമായി ചാണകവെള്ളവും ഗോമൂത്രവും കഴിപ്പിച്ചു. ഇതിനിടയിലും വിശ്വാസം കൈവിടാതെ യഥാർഥ ക്രൈസ്തവരായി ഏറെപേർ പിടിച്ചു നിന്നു; ക്രിസ്തുവിന്റെ യഥാർഥ ശിഷ്യർ. പിതാവിന്റെ വാക്കുകളിൽ കണ്ടമാലിന്റെ നേർ കാഴ്ചയുണ്ടായിരുന്നു.
2007 ഡിസംബറിലായിരുന്നു കണ്ടമാലിൽ ആദ്യമായി ക്രൈസ്തവർക്കു നേരെ ആക്രമണമുണ്ടായത്. 2008 ആഗസ്റ്റ് 23 ന് വിശ്വഹിന്ദ് പരിഷത്തിന്റെ വൈസ് പ്രസിഡന്റ് ലക്ഷ്മണാനന്ദ സരസ്വതി മാവോയിസ്റ്റുകളാൽ വധിക്കപ്പെത്, ക്രിസ്ത്യാനികളാണ് ചെയ്തതെന്ന വ്യാജ പ്രചരണത്താൽ വീണ്ടും കലാപം ആരംഭിച്ചു.
കലാപസമയത്ത് ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലായിരുന്ന പിതാവിനോട് അപകട സാധ്യതകൾ തിരിച്ചറിഞ്ഞ് കണ്ടമാലിലേക്ക് വരരുതെന്ന മുന്നറിയിപ്പിനെ തുടർന്ന് പിതാവ് ഡൽഹിയിലെത്തി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാര്യങ്ങൾ ധരിപ്പിച്ചു; ഉടനടി പരിഹാരമാർഗങ്ങൾ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെയും രക്ഷാധികാരികളുടെയും പോലിസിന്റെയും അറിവോടെയെന്നവണ്ണം നടന്ന മനുഷ്യ കുരുതിക്ക് ഇപ്പോഴും ഉത്തരങ്ങളായിട്ടില്ലത്രേ.
ഗ്രാമങ്ങളിലേക്കുള്ള റോഡുകൾ ഏറെ അകലെ വച്ചു തന്നെ ഉപരോധിച്ചും; ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചും ഏറെ ആസൂത്രണത്തിനുശേഷം നടത്തിയ ഈ രക്ത ചൊരിച്ചലിന് നീതി ലഭിക്കാൻ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെയും സുപ്രീം കോടതി ഹൈക്കോടതികളുടെയും വ്യത്യസ്ത മനുഷ്യാവകാശ സംഘടനകളുടെയും മൂവായിരത്തിൽപരം എഫ്. ഐ. ആറുകളുടെയും സഹായത്തോടെ ആർച്ചുബിഷപിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങൾ ചരിത്രത്തിന്റെ ഭാഗമാണിന്ന്.
34 പള്ളികളും നാനൂറോളം വി.ബലി കേന്ദ്രങ്ങളുമുള്ള ഏകദേശം ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഒറീസയിലെ ക്രിസ്ത്യാനികളെ മതപരിവർത്തനത്തിന്റെ പേരിൽ പീഡിപ്പിക്കുമ്പോൾ തീവ്രഹിന്ദുപക്ഷ സംഘാംഗങ്ങൾ ചരിത്രം മറക്കുകയായിരുന്നുവെന്ന് പിതാവ് ഒരിക്കൽ പറഞ്ഞു. ഗ്രോത്ര വർഗ്ഗക്കാരും ആദിവാസികളുമായ നാനാജാതി മതസ്ഥരുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസ ഉന്നമനത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും ആരോഗ്യസംരക്ഷണത്തിനും ജാതിമതഭേദമെന്യെ വ്യത്യസ്തമായ കർമ്മപരിപാടികൾ രൂപതയുടെ നേതൃത്വത്തിൽ ഇപ്പോഴും നടക്കുന്നുണ്ട്. 17 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും 9 ഒഡിയ മീഡിയം സ്‌കൂളുകളും വിദ്യാഭ്യാസത്തിന് തിരഞ്ഞെടുത്തിരുന്നത് തദ്ദേശവാസികളെയാണ്. കാത്തലിക് സെെൈാസറ്റി, ജനവികാസ് തുടങ്ങിയ സാമൂഹിക സേവന പ്രസ്ഥാനങ്ങളിലൂടെ ഭൂമി കൈവശാവകാശ രേഖകൾ അവകാശപ്പെട്ടവർക്ക് ലഭിക്കാനുള്ള സൗകര്യമൊരുക്കൽ, കൃഷി സഹായം നൽകൽ, കിണർ, വൈദ്യുതി, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കൽ, കുടുംബ സുരക്ഷിതത്വത്തിനും സാമ്പത്തിക പുരോഗതിക്കും വ്യത്യസ്തങ്ങളായ പ്രൊജക്ടുകൾ തുടങ്ങിയ സാമൂഹ്യോന്നമനത്തിനാവശ്യമായ ഏറെ പ്രവർത്തനങ്ങൾ പിതാവിന്റെ നേതൃത്വത്തിൽ രൂപത നടപ്പാക്കിയിരുന്നു.
1974 റൂർക്കലയിലും 1979 മുതൽ സാമ്പൽപൂരും പിതാവായിരുന്നപ്പോൾ സ്വന്തമാക്കിയ അനുഭവസമ്പത്തും, ഹിന്ദി, സാദ്രി, ഒഡിയ, സാഹിദി തുടങ്ങിയ ഭാഷാപ്രാവീണ്യവും ഗ്രോത്രവർഗ്ഗക്കാരും ആദിവാസികളുമായ ജനങ്ങൾക്ക് ഞങ്ങൾക്ക് ഒരു ബിഷപ്പേ ഉണ്ടായിട്ടുള്ളു അത് ചീനാത്ത് ബിഷപ്പാണ് എന്നു പറയത്തക്ക സ്വാധീനമുണ്ടാക്കാൻ പിതാവിന് സഹായകമായത്രേ!
കലാപാനന്തരം സർവമതസമ്മേളനങ്ങൾ സംഘടിപ്പിക്കാനും ഭീതിയിലാണ്ട ജനത്തെ അവരിലൊന്നായി നിന്ന് ആശ്വസിപ്പിക്കാനും; തദ്ദേശവാസികൾക്കൊപ്പം സമാധാനാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും പിതാവിന് കഴിഞ്ഞത് ജനങ്ങളോടൊത്തുള്ള ജീവിതമായിരുന്നിരിക്കണം. ഭീതി നിവാരണം, മാധ്യമ ജാഗ്രത, പുനരധിവാസം, സമാധാന സ്ഥാപനം തുടങ്ങിയ വ്യത്യസ്തങ്ങളായ കമ്മറ്റികൾ രൂപപ്പെടുത്തി. സി.ആർ.എസ്, കാരിത്താസ് ഇന്ത്യ, പോപ്പ് ഫണ്ട്, ഇറ്റാലിയൻ ബിഷപ്സ് കൗൺസിൽ, തുടങ്ങിയ വ്യത്യസ്ത സംഘടനകളുടെ സഹായത്തോടെ വനാന്തരങ്ങളിലേക്ക് അഭയം പ്രാപിക്കേണ്ടി വന്ന ഏകദേശം 40000 ആളുകളെ 4000 വീടുകൾ പണിത് പുനരധിവസിപ്പിച്ചത് പിതാവിന്റെ സമഗ്രവീക്ഷണത്തിന്റെ പ്രകടനമായിരുന്നു.
1934 ഡിസംബർ 29ന് മണലൂരിലെ ചീനാത്ത് ഫ്രാൻസിസ് (കുഞ്ഞിപൊറിഞ്ചു) ട്രീസ (അച്ചുണ്ണി) ദമ്പതികളുടെ പതിനൊന്നു മക്കളിൽ മൂത്ത ആൺകുട്ടിയായി ജനിച്ച റാഫേൽ, അമ്മാവൻ ഫാ. ജോസഫ് പടിഞ്ഞാറേത്തലയുടെ പ്രചോദനത്താലാണ് എസ്.വി.ഡി. സഭാംഗമായി ചേർന്നത്. സഭയുടെ മൈനർ സെമിനാരി, മേജർ സെമിനാരി തലങ്ങളിലെ റെക്ടർ ദൗത്യത്തിനുശേഷം പൂനാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയി തുടരുന്നതിനിടെ സഭയുടെ ജനറൽ ചാപ്റ്ററിൽ വിദഗ്ദോപദേശകനായി തിരഞ്ഞെടുക്കപ്പെട്ടു. 11 മാസത്തെ സേവനത്തിനുശേഷം മെത്രാനായി അഭിഷിക്തനായി. നീണ്ട നാൽപതു വർഷത്തെ അജപാലന ദൗത്യത്തിനുശേഷം എൺപതാം വയസിൽ മുംബൈയിലെ അന്ധേരിയിലുള്ള എസ്.വി.ഡി. സഭാഭവനത്തിൽ വിശ്രമിക്കാനൊരുങ്ങുമ്പോഴാണ് അർബുദ രോഗ ലക്ഷണങ്ങൾ അദ്ദേഹത്തെ തളർത്തി തുടങ്ങിയത്. ഏൽപിക്കപ്പെട്ട പ്രവർത്തന മേഖലകളിൽ ലഭിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂർണതയോടെ നിർവഹിച്ച് കാലത്തിനപ്പുറത്തേക്ക് യാത്രയാകുന്ന ഈ യുഗപുരുഷനെ ചരിത്രം പേർ വിളിക്കും : യഥാർഥ മിഷനറി.
(പിതാവുമായി നേരിട്ട് നടത്തിയ സംഭാഷണത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയത്.)
ഫാ. ജോമി തോട്ട്യാൻSource: Sunday Shalom