News >> മദർ തെരേസ നാമകരണം ഇന്ത്യൻ ടീമിനെ മന്ത്രി സുഷമ സ്വരാജ് നയിക്കും
ന്യൂഡൽഹി: വത്തിക്കാനിൽ സെപ്റ്റംബർ നാലിന് മദർ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന നാമകരണ ചടങ്ങുകളിൽ ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ആരെല്ലാമാണ് ഈ ടീമിൽ ഉൾപ്പെടുത്തുന്നത് അന്തിമ തീരുമാനവും ഉടനുണ്ടാകും. എന്നാൽ മദർ തെരേസയുടെ നാമകരണചടങ്ങിൽ ഇന്ത്യൻ ടീമിനൊപ്പമല്ലാതെ പോകുവാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുടെ ശ്രമം. ഇതോടെ നാമകരണചടങ്ങിൽ പങ്കെടുക്കുന്നതിന് പോലും രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്.
കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി കേജരിവാൾ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് അഷ്‌തോഷ് പറഞ്ഞു. 1992-ൽ കേജരിവാൾ മദർ തെരേസയെ സന്ദർശിച്ചിരുന്നു. മദറിന്റെ നിർദേശപ്രകാരം കേജരിവാൾ കുറച്ചുനാൾ മദറിന്റെ സന്നദ്ധ സംഘടനയിൽ കൊൽക്കത്തയിലെ കാളിഘട്ട് മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1995-ൽ കേജരിവാൾ ഇന്ത്യൻ റവന്യു സർവീസിൽ ചേർന്നു. മദറിന്റെ സന്നദ്ധ സംഘടനയിൽ ആകൃഷ്ടനായ കേജരിവാൾ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പരിവർത്തൻ എന്ന സന്നദ്ധസംഘടനയും രൂപീകരികരിച്ചു.
മുഖ്യമന്ത്രി കേജരിവാൾ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ടീമിലാണ് മദർ തെരേസ നാമകരണ ചടങ്ങിൽ പങ്കെടുക്കാനായി റോമിലേക്ക് പുറപ്പെടുന്നതെന്നാണ് അറിയുന്നത്.
Source: Sunday Shalom