News >> തിരുനാൾ ആഘോഷങ്ങളിലെ അനാചരങ്ങളും ആർഭാടങ്ങളും നിയന്ത്രിക്കണം: കർദിനാൾ മാർ ആലഞ്ചേരി


കൊച്ചി: ദേവാലയങ്ങളിലെ തിരുനാൾ ആഘോഷങ്ങളിൽ ആർഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വെടിക്കെട്ടും തിരുനാൾ പരിസരങ്ങളിലെ കച്ചവടസ്വഭാവത്തോടെയുള്ള പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെടണമെന്നും ലാളിത്യത്തിന്റെ ചൈതന്യത്തിൽ തിരുനാളുകൾക്കു പുതിയ രൂപവും ഭാവവും വരേണ്ടതുണ്ടെന്നും കർദിനാൾ എഴുതിയ -തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന- എന്ന ലേഖനത്തിൽ ആഹ്വാനം ചെയ്തു.

തിരുനാൾ അവസരങ്ങളിലെ മൈക്ക് അനൗൺസ്‌മെന്റുകളും വാദ്യമേളങ്ങളും വെടിപടക്കങ്ങളുംകൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷത്തിൽ, ശാന്തമായി പ്രാർഥിക്കുന്നതിനോ ആളുകൾക്ക് ആശയവിനിമയത്തിലൂടെ പരസ്പരം കൂട്ടായ്മയിൽ വളരുന്നതിനോ സാധിക്കുന്നില്ല. തിരുനാളുകളിലേക്കു ജനങ്ങളെ ആകർഷിക്കുവാൻ പള്ളി അധികൃതർ സംഘടിപ്പിക്കുന്ന ശബ്ദജന്യമായ വെടിക്കെട്ടും വാദ്യങ്ങളും മൈക്ക് അനൗൺസ്‌മെന്റുകളും വൈദ്യുതിയലങ്കാരങ്ങളും വർധിക്കുന്നതു തിരുനാളിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുന്നു. നേർച്ചവരുമാനത്തിന്റെ വർധനവ് തിരുനാളിന്റെ വിജയത്തിന്റെ മാനദണ്ഡമാകുന്നത് ശരിയല്ല.

തിരുനാൾ പരിസരത്തു നേർച്ചവസ്തുക്കൾ പാചകം ചെയ്തു ഭക്ഷിക്കുന്ന രീതി, ഊട്ടുനേർച്ച തിരുനാളുകളുടെ അവശ്യഘടകമാക്കുന്ന ശൈലി എന്നിവ പുനപരിശോധനയ്ക്കു വിഷയമാക്കേണ്ടതാണ്. തിരുനാളിനു കാരണഭൂതനായ വിശുദ്ധന്റെയോ വിശുദ്ധയുടെയോ അത്ഭുതപ്രവർത്തന ശക്തിയെ അതിശയോക്തി കലർത്തി അവതരിപ്പിക്കാനുള്ള വ്യഗ്രതയും വ്യാപിച്ചുകാണുന്നു. വിശുദ്ധരുടെ മാധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഒന്നല്ല. ദൈവകൃപയുടെ പ്രവർത്തനമാണു വിശുദ്ധരുടെ മാധ്യസ്ഥ്യത്തിലൂടെ വിശ്വാസികൾക്കു ലഭിക്കുന്നത്. അതിനു പ്രചാരണം ആവശ്യമില്ല. കൃത്രിമമായ പ്രചാരണങ്ങൾ വിശുദ്ധന്റെ മാധ്യസ്ഥ്യശക്തിയെക്കുറിച്ചു തെറ്റായ ധാരണകൾ സൃഷ്ടിക്കാനേ്യൂ ഉപകരിക്കൂ. പുതിയ പുതിയ ആചാരങ്ങൾ മെനഞ്ഞെടുത്ത് തിരുനാളുകളെ ജനങ്ങൾ തടിച്ചുകൂടാനുള്ള അവസരങ്ങളാക്കുന്നവരുമുണ്ട്.

ആളുകളെ കൂട്ടാൻവേണ്ടി ഉപഭോഗസംസ്‌കാരത്തിന്റെ ആകർഷണശൈലി സ്വീകരിക്കുന്നതു ന്യായീകരിക്കാനാവില്ല. ജറുസലേം ദേവാലയത്തിൽ കച്ചവടത്തിലൂടെയും നാണയമാറ്റത്തിലൂടെയും നടന്ന അനീതിക്കെതിരെയാണ് യേശു ചാട്ടവാറെടുത്തത്. സമാനമായ അനീതികൾ തിരുനാളുകളോടനുബന്ധിച്ചു ദേവാലയത്തിനു പുറത്തു നടന്നാലും യേശു അതിനെ എതിർക്കും.
തിരുനാൾ ആഘോഷങ്ങൾക്കുവേണ്ടിയുള്ള ചെലവിനു നേർച്ചവരവിന്റെ നല്ലൊരു ഭാഗം വേണ്ടിവരുന്നതായാണു കാണുന്നത്. നേർച്ചപ്പണം ഇപ്രകാരം ധൂർത്തിനായി ചെലവിടുന്നതു നീതീകരിക്കാനാവില്ല. വിശ്വാസത്തിന്റെയും ഭക്തിയുടെയും നിറവിൽ ജനങ്ങൾ നൽകുന്ന നേർച്ച ആരാധനയുടെ ആവശ്യങ്ങൾക്കും പാവപ്പെട്ടവർക്കുവേണ്ടിയുള്ള കാരുണ്യപ്രവർത്തനങ്ങൾക്കുമല്ലേ ചെലവഴിക്കേണ്ടത്?
തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണ്. ഈ വിരോധാഭാസത്തിൽ നിന്ന് ശരിയായ പാതയിലേക്കുള്ള വഴി ദുർഘടമാണ്. ഇടവകയുടെ നടത്തിപ്പിന് വൈദികരോടൊപ്പം അല്മായ ശുശ്രൂഷകർ നല്ല നേതൃത്വ ശൈലിയിൽ പ്രവർത്തിക്കുന്ന പാരമ്പര്യം നമ്മുടെ സഭയിലുണ്ട്. അതെന്നും നിലനിൽക്കേണ്ടതുമാണ്. എന്നാൽ അങ്ങനെയുള്ളവരിൽ ചിലർ ബാഹ്യ ആഘോഷങ്ങൾക്കുവേണ്ടി ശക്തമായി വാദിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ എതിർത്ത് ലൗകികതയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് തിരുനാളുകളുടെ നവീകരണത്തിന് തടസമാണ്. പൊതുവായ ആശയരൂപവത്കരണത്തിനു പള്ളി പൊതുയോഗങ്ങളും കമ്മിറ്റികളും ഭക്തസംഘടനകളും ഉറക്കെ ചിന്തിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.
ലാളിത്യത്തിന്റെ മാതൃകകളായിരുന്ന വിശുദ്ധരുടെ തിരുനാളുകൾ ആഡംബരത്തിന്റെ അവസരങ്ങളാക്കി മാറ്റുന്നതിൽ അനൗചിത്യമുണ്ട്. തിരുനാളുകളിൽ യേശുക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളോ വിശുദ്ധരുടെ ജീവിതമാതൃകകളോ മുൻനിർത്തിയാണു നാം നമ്മുടെ ജീവിതത്തെ ആഘോഷപൂർവകമായ ഒരനുഭവത്തിലേക്കു കൊണ്ടുവരേണ്ടത്. ആത്മീയതയുടെ വളർച്ചയ്ക്കും വിശുദ്ധജീവിതത്തിന്റെ ചൈതന്യത്തിനും ഉപകരിക്കുന്ന ആരാധനാശുശ്രൂഷകൾ, തിരുവചനധ്യാനങ്ങൾ, പ്രാർഥനകൾ ചൊല്ലിയും ഗാനങ്ങൾ ആലപിച്ചുമുള്ള പ്രദക്ഷിണങ്ങൾ, ക്രൈസ്തവസന്ദേശം അവതരിപ്പിക്കുന്ന കലാപരിപാടികൾ, ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും സഹായകരമായിത്തീരുന്ന കാരുണ്യപ്രവർത്തനങ്ങൾ ഇവയൊക്കെയാണു നമ്മുടെ തിരുനാളുകളെ അർഥപൂർണമാക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയോടു കൂടിയ സത്കർമങ്ങളും കാരുണ്യപ്രവർത്തനങ്ങളുംകൊണ്ടു തിരുനാളുകളെ ക്രൈസ്തവസാക്ഷ്യത്തിന്റെ അവസരങ്ങളാക്കണം. വെടിക്കെട്ടിലും ശബ്ദകോലാഹലങ്ങളിലുംനിന്നു തിരുനാളുകളെ മോചിപ്പിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ലേഖനത്തിൽ വ്യക്തമാക്കുന്നു.

Source: Sunday Shalom