News >> Motu Proprio - "Sedula Mater" ( കരുതലുള്ള അമ്മയെപ്പോലെ) : വത്തിക്കാനില്‍ പുതിയ വകുപ്പു രൂപീകരിച്ചു


പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വാധികാര പ്രബോധനം (Motu Proprio - Sedula Mater)  'കരുതലുള്ള അമ്മ...' വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. അതുവഴി കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കും, ജീവന്‍റെ സുസ്ഥിതിക്കും, അല്‍മായരു‌ടെ ശുശ്രൂഷയ്ക്കുമായി പുതിയ വകുപ്പു  വത്തിക്കാന്‍ രൂപപ്പെടുത്തി.

കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കും, ജീവന്‍റെ സുസ്ഥിതിക്കും, അല്‍മായരുടെ ശുശ്രൂഷയ്ക്കുമായി ഇന്നുവരെയ്ക്കും വ്യത്യസ്ത ഭരണസംവിധാനങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മൂന്നു പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ ഡിപാര്‍ട്മെന്‍റ് പാപ്പാ ഫ്രാന്‍സിസ് രൂപീകരിച്ചിരിക്കുന്നത്. സഭയുടെ പുതിയ ഭരണസംവിധാനം ഒരു പൊന്തിഫിക്കല്‍ കൗണ്‍സിലോ, കോണ്‍ഗ്രിഗേഷനോ അല്ലെന്നും, അത് വത്തിക്കാന്‍റെ ഒരു പുതിയ 'ഡിപാര്‍ട്മെന്‍റാ'യി (Department) പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ പാപ്പാതന്നെ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയിലെ ഡാളസ് രൂപതാമെത്രാന്‍, കെവിന്‍ ജോസഫ് ഫാരലിനെ  പുതിയ ഡിപാര്‍ട്മെന്‍റിന്‍റെ (New Department of Vatican for the Ministry of Family, Life and Laity) അല്ലെങ്കില്‍ സഭാകാര്യാലയത്തിന്‍റെ പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.  68 വയസ്സുകാരന്‍ ബിഷപ്പ് കെവിന്‍ ഫാരല്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്വദേശിയാണ്.

സ്വര്‍ഗ്ഗാരോപണ മഹോത്സവത്തിലും, തന്‍റെ ശുശ്രൂഷയുടെ 4-ാം വര്‍ഷത്തില്‍, 2016 ആഗസ്റ്റ്  15-ാം തിയതിയുമാണ് പാപ്പാ ഫ്രാ‍ന്‍സിസ് പുതിയ പ്രബോധനം 'കരുതലുള്ള അമ്മ,' Sedula Mater-ല്‍ ഒപ്പുവച്ചിരിക്കുന്നത്. അതുവഴി പൊന്തിഫിക്കല്‍ കൗണ്‍സിലുകളായി നിലനിന്നിരുന്ന മൂന്നു സഭാകാര്യാലയങ്ങള്‍ ഒന്നിപ്പിച്ചുകൊണ്ട് റോമന്‍ കൂരിയയുടെ ഒരു പുതിയ വകുപ്പ്  (New Department of the Roman Curia for Family, Life and Laity) പാപ്പാ ഫ്രാന്‍സിസ് പുനരാവിഷ്ക്കരിച്ചു.

2016 സെപ്തംബര്‍ 1-ാം തിയതി മുതല്‍ ഈ ഡിപാര്‍ട്മെന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പാപ്പാ പ്രബോധനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതു സംബന്ധിച്ച തൊഴില്‍ ക്രമീകരണങ്ങള്‍ പുതിയ പ്രീഫെക്ടിന്‍റെയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെയും സഹായത്തോടെ നടപ്പില്‍ വരുത്തും.  സഭയുടെ ഭരണ നവീകരണത്തിനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച കര്‍ദ്ദിനാള്‍ കമ്മിഷന്‍റെ  (C-9 Commission of Cardinals for the Renewal of the Church) നീണ്ട പഠനത്തിന്‍റെയും ആലോചനയുടെയും സൂക്ഷ്മ പരിശോധനയുടെയും വെളിച്ചത്തിലാണ് ആഗോളസഭയുടെ ഭരണസംവിധാനത്തില്‍ പാപ്പാ ഫ്രാന്‍സിസ്  ഈ മാറ്റംകൊണ്ടുവന്നിരിക്കുന്നത്.

'കരുതലുള്ള ഒരമ്മയെപ്പോല'യാണ് സഭാമാതാവ് കാലികമായ മാറ്റവും പരിഷ്ക്കരണവും കുടുംബങ്ങളുടെയും ജീവന്‍റെയും അല്‍മായരുടെയും ശുശ്രൂഷയ്ക്കായി നടപ്പില്‍ വരുത്തുന്നതെന്ന് പ്രബോധനത്തിന് ആമുഖമായി പാപ്പാ പ്രസ്താവിക്കുന്നുണ്ട്.

Source: Vatican Radio