News >> ഇത് മനുഷ്യകുലത്തിന്റെ സ്‌തോത്രഗീതം


വത്തിക്കാൻ സിറ്റി: ഗലീലിയയിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്തുതിപ്പ് മനുഷ്യകുലത്തിന്റെ മുഴുവൻ സ്‌തോത്രഗീതമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മാതാവിന്റെ സ്വർഗാരോപണദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ത്രികാലജപം നയിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ എല്ലാവരുടെയും ജീവിതത്തിൽ മറിയത്തിന്റെ സ്‌തോത്രഗീതത്തിനുള്ള പ്രത്യേക പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു.

മറിയമായിരുന്നു ദൈവപുത്രനിൽ ആദ്യമായി വിശ്വസിച്ചത്. ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് ആദ്യം സംവഹിക്കപ്പെട്ടതും മറിയമാണ്. ഉണ്ണിയേശുവിനെ ആദ്യം കൈകളിലെടുത്ത് ലോകത്തിലേക്ക് സ്വാഗതം ചെയ്ത മറിയത്തെയാണ് യേശു ആദ്യമായി തന്റെ പിതാവിന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്തത്. പാപ്പ വിശദീകരിച്ചു.

വേദനിക്കുന്ന ജീവിതസാഹചര്യങ്ങളിൽക്കൂടി കടന്നുപോകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പാപ്പ പ്രത്യേകം പ്രാർഥിച്ചു. ജീവിതത്തിന്റെ ഭാരവും അക്രമത്തിന്റെ ഭീകരതയും പ്രബലരായവരുടെ ധാർഷ്ട്യവും നിമിത്തം മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകളെയും മനുഷ്യരുടെ ആർത്തിക്ക് മുന്നിൽ ശരീരവും ആത്മാവും അടിയറവ് വയ്‌ക്കേണ്ടിവന്നവരെയും പാപ്പ അനുസ്മരിച്ചു. സമാധാനവും നീതിയും സ്‌നേഹവും നിറഞ്ഞ ജീവിതം ആരംഭിക്കാൻ ഈ സ്ത്രീകൾക്ക് എത്രയും പെട്ടന്ന് സാധിക്കട്ടെ എന്നാശംസിച്ച പാപ്പ അപമാനിക്കാത്ത ആർദ്രമായ കരങ്ങൾ അവരെ ഉയർത്തി ജീവന്റെയും സ്വർഗത്തിന്റെയും പാതയിലൂടെ നയിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

ധാരാളം കഷ്ടതകളിലൂടെ കടന്നുപോയ യുവതിയായ മറിയം വളരെയധികം കഷ്ടതകളനുഭവിക്കുന്ന ഈ സ്ത്രീകളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. മറിയത്തിന്റെ സ്‌തോത്രഗീതത്തിൽ പറയുന്നതുപോലെ എളിയവരെ ഉദ്ധരിക്കുവാൻ യേശു സ്വർഗം വിട്ട് താണിറങ്ങിവരുന്നു. പരസ്പരധാരണയുടെയും ഐക്യത്തിന്റെയും വികാരങ്ങൾ ജനങ്ങളിലുണർത്തുവാൻ മറിയം മധ്യസ്ഥം വഹിക്കട്ടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങളിൽ ഇരകളാകുന്ന നിഷ്‌കളങ്കരുടെ ആകുലതകളും കഷ്ടതകളും സ്വർഗീയ മഹത്വത്തിൽ വാഴുന്ന സമാധാനത്തിന്റെ രാജ്ഞിക്ക് പാപ്പ ഒരിക്കൽ കൂടി ഭരമേൽപ്പിച്ചു.

Source: Sunday Shalom