News >> ഉജ്ജൈൻ രൂപതയിൽ കരുണയുടെ വർഷത്തിൽ 25 വീടുകൾ


ഉജ്ജൈൻ: രൂപത കരുണയുടെ വർഷത്തിൽ എല്ലാ മതവിശ്വാസികൾക്കുംവേണ്ടി വീടുകൾ നിർമിച്ചു നൽകി. കരുണയുടെ വർഷത്തിൽ രൂപത ബിഷപ് മാർ ജോസഫ് വടക്കേലിന്റെ നിർദേശപ്രകാരം 25 വീടുകളാണ് നിർമിച്ചത്. പകുതിയിലധികം വീടുകലും മറ്റു മതവിശ്വാസികൾക്ക് നൽകി എന്നുള്ളതാണ് ഈ പ്രൊജക്ടിന്റെ പ്രത്യേകതയെന്ന് പ്രൊജക്ട് കോ-ഓർഡിനേറ്റർ ഫാ. ജോസഫ് വേണാട്ടുമറ്റം പറയുകയുണ്ടായി.

സ്വന്തമായി സ്ഥലം ഉള്ളവർക്കാണ് വീടുകൾ നിർമിച്ചു നൽകിയത്. രൂപതയുടെ മേൽനോട്ടത്തിൽ സ്ഥലം വാങ്ങി, വീടുകൾ നിർമിച്ചു നൽകിയാൽ പ്രാദേശിക ഹിന്ദു സംഘടനകൾ പ്രതികരിക്കുമെന്നുള്ളതിനാലാണ് സ്വന്ത സ്ഥലം ഉള്ളവരെ ഈ പ്രൊജക്ടിൽ ഉൾപ്പെടുത്തിയത്. കത്തോലിക്ക സഭയുടെ ഈ മഹാമനസ്‌കതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് രമേശ് പർമാർ, ബെറുർലാ വർമ്മ എന്നിവർ പറയുകയുണ്ടായി.

ഇൻഡോർ രൂപത വിഭജിച്ച് 1968 ജൂലൈ 29-നാണ് ഉജ്ജൈൻ രൂപത സ്ഥാപിതമായത്. ഉജ്ജൈൻ, ഷാജാപൂർ, രാജഗർ എന്നീ ജില്ലകളിലായി ഈ രൂപത വ്യാപിച്ചു കിടക്കുന്നു. ആറുലക്ഷത്തിൽപരം ഹിന്ദുക്കൾ ഈ മേഖലയിൽ ഉള്ളപ്പോൾ കത്തോലിക്കരുടെ എണ്ണം അയ്യായിരത്തിൽ താഴെയാണ്.


Source: Sunday Shalom