News >> വേളാങ്കണ്ണി തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ
കോയമ്പത്തൂർ: വേളാങ്കണ്ണി തീർത്ഥാടന ബസിലിക്കയിൽ മാതാവിന്റെ എട്ടുനോമ്പു തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ നടത്തപ്പെടുന്നു.29-ന് കൊടിയേറ്റുകർമം, തഞ്ചാവൂർ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി മുതലായ ഭാഷകളിൽ ദിവ്യബലി, നവനാൾ, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ ഏഴിന് വൈകുന്നേരം വിശുദ്ധ കുർബാനയ്ക്കുശേഷം ആഘോഷമായ തേർ പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാൾ ദിനത്തിൽ രാവിലെ ആറുമണിക്കുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ തഞ്ചാവൂർ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് മുഖ്യകാർമികത്വം വഹിക്കുന്നതും വചനസന്ദേശം നൽകുന്നതുമാണ്. അന്നേദിവസം വൈകുന്നേരം ആറുമണിക്ക് കൊടിയിറക്ക് നടത്തപ്പെടും.
നാനാജാതി മതസ്ഥരായ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഈ വേളാങ്കണ്ണി തിരുനാളിനുവേണ്ടി സതേൺ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടില്ല എന്നത് വിശ്വാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവിൽ എറണാകുളത്തുനിന്നും ഒരു പ്രതിദിന ട്രെയിനും പ്രതിവാര ട്രെയിനും ഗുരുവായൂരിൽനിന്നും നാഗർകോവിൽവഴി നാഗൂരിലേക്കുള്ള മറ്റൊരു ട്രെയിനുമാണ് ഭക്തർക്കായുള്ള ആശ്രയം.
Source: Sunday Shalom