News >> സീറോ മലബാർ സഭ അസംബ്ലി കൊടകരയിൽ August 25 മുതൽ 28 വരെ
തൃശൂർ: സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി 25 മുതൽ 28 വരെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടക്കും. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന അസംബ്ലിയിൽ സഭയുടെ 50 മെത്രാന്മാർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 515 പ്രതിനിധികൾ പങ്കെടുക്കും. ആധുനിക കാലത്തിന്റെ വെല്ലുവിളികളോട് സഭയുടെ പ്രതികരണം എന്നതാണ് മുഖ്യ ചർച്ചാവിഷയം. ഈ കേന്ദ്രപ്രമേയത്തിന് കീഴിൽ കുടുംബം, ലളിതജീവിതം, പ്രവാസികൾ എന്നിവ ഉപവിഷയമായി സ്വീകരിക്കും.
കേരളത്തിലും പുറത്തുമുള്ള സീറോ മലബാർ സഭാംഗങ്ങളായ മെത്രാന്മാർ, വൈദിക-സന്യസ്ത പ്രതിനിധികൾ, രൂപതകളിൽനിന്നുള്ള പ്രതിനിധികൾ എന്നിവരാണ് സഭാജീവിതത്തിൽ സുപ്രധാനമായ ഈ അസംബ്ലിയിൽ പങ്കെടുക്കുന്നത്.
വിവിധ സമർപ്പിത സന്യാസ സമൂഹങ്ങളെയും 32 സീറോ മലബാർ രൂപതകളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനിമാരും 220 അൽമായരും ഉൾപ്പെടെ 515 പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ അസംബ്ലിക്കു തുടക്കമാകും. തുടർന്ന് നടക്കുന്ന സമ്മേളനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി അധ്യക്ഷത വഹിക്കും. കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ പ്രസംഗിക്കും.
സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കം വിവിധ ക്രൈസ്തവ സഭകളുടെ മെത്രാന്മാർ വിവിധ ദിവസങ്ങളിൽ അസംബ്ലിയിൽ സന്ദർശനം നടത്തും. വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണം, ചർച്ച, ഓപ്പൺ ഫോറം, പ്രാർഥനാ ശുശ്രൂഷകൾ എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കും.
സമാപന ദിനമായ 28 നു രാവിലെ ഒമ്പതിനു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയോടെ അസംബ്ലിക്കു കൊടിയിറങ്ങും. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് സന്ദേശം നൽകും.
Source: Sunday Shalom