News >> മദർ തെരേസയുടെ വിശുദ്ധപദവി: കൊൽക്കത്ത ഒരുക്കത്തിൽ


കൊൽക്കത്ത: മദർ തെരേസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന്റെ ആഹ്ലാദത്തിലാണ് കൊൽക്കത്ത. നഗരത്തിലെ ഫോട്ടോഗ്രാഫർമാരായ ചെറുപ്പക്കാർ മദർ തെരേസയുമായി ബന്ധപ്പെട്ട സ്ഥാ പനങ്ങളുടെയും മദർ തെരേസയുടെ വിരൽപ്പാടുകൾ പതിഞ്ഞ സ്ഥലങ്ങളുടെയും ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ്. സെപ്റ്റംബർ നാലിന് വത്തിക്കാനിൽ നടക്കുന്ന വിശുദ്ധ പ്രഖ്യാപനചടങ്ങിനോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനാണ് ഫോട്ടോകൾ. ചടങ്ങിൽ അവർ സംബന്ധിക്കുന്നത് സ്വന്തം ചെലവിലാണ്. എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഉൾപ്പെട്ടവർ അക്കൂട്ടത്തിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം മദർ തെരേസ നാടിന്റെ പു ണ്യവും വെളിച്ചവുമാണ്. കൊൽക്കത്തക്ക് ലഭിച്ച അംഗീകാരമായിട്ടുകൂടിയാണ് വിശുദ്ധ പദവിയെ അ വർ കാണുന്നത്. കൊൽക്കയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ മദറിന്റെ ആശയങ്ങൾ ചേർത്ത് ഒരുക്കിയിരിക്കുന്ന പെയിന്റിംഗുകളുടെ എക്‌സിബിഷനും നടന്നുവരുന്നു. കൊൽക്കത്തയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ പാർക്ക് സ്ട്രീറ്റ് പേര് മദർ തെരേസ സരണിയെന്ന് അവർ മാറ്റിക്കഴിഞ്ഞു. മദറിനോടുള്ള ആദരസൂചകമായി ക്രിസ്മസ് വരെ പലവിധത്തിലുള്ള പരിപാടികൾ പ്ലാൻചെയ്തിട്ടുണ്ട്.

മദറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാന മന്ദിരം എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. പാവങ്ങളുടെ അമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരാനും പ്രാർത്ഥിക്കാനുമായി മദറിന്റെ ശവകുടീരത്തിൽ എത്തുന്ന ആളുകളുടെ എണ്ണം കൂടിവരുകയാണ്. ആരും അവിടെ ജാതിയോ മതമോ അന്വേഷിക്കുന്നില്ല. കലാകാരന്മാർ, എഴുത്തുകാർ, വൈദികർ, സാധാരണ വിശ്വാസികൾ തുടങ്ങി സമൂഹത്തി ന്റെ നാനാതുറകളിലുള്ളവർ അക്കൂട്ടത്തിലുണ്ട്. മദർ തെരേസയുടെ സഹോദരിമാരുടെ അടുത്ത് ആശ്വാസം തേടിയെത്തുന്നവരുടെ എണ്ണവും വർധിച്ചുവരുകയാണ്. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി ദിവസവും പ്രാർത്ഥനാ സമ്മേളനങ്ങളും സെമിനാറുകളും പ്രദർശനങ്ങളും നടന്നുവരുന്നു. മദർ ഉയർത്തിപ്പിച്ച മനുഷ്യത്വത്തെ ആധാരമാക്കിയാണ് എല്ലാം.

30 പേരടങ്ങുന്ന സംഘമാണ് മിഷനറീസ് ഓഫ് ചാരിറ്റിയിൽനിന്നും വത്തിക്കാനിലേക്ക് പോകുന്നത്. മിഷനറീസ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും അഥിതികളെ സ്വീകരിക്കുന്നതിനുമായി വത്തിക്കാനിൽ എത്തിക്കഴിഞ്ഞു. മദർ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26-ന് കൃതാജ്ഞാത ബലിയർപ്പണം നടക്കും. വിശുദ്ധപദവി പ്രഖ്യാപനത്തിനുശേഷം കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലായിടത്തും ആഘോഷങ്ങളുടെ ആരവങ്ങളാണെങ്കിലും മദർ തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ച പാവങ്ങളെ അവർ മറക്കുന്നില്ല. ഭക്ഷണവും മരുന്നും വാങ്ങുന്നതിന് അവിടെ എത്തുന്ന പാവങ്ങളുടെ എണ്ണവും കൂടുകയാണ്. തിരക്കിനിടയിലും അവർക്കായുള്ള കരുതലായിരിക്കും മറ്റുള്ള ആഘോഷങ്ങളിൽനിന്നും മിഷനറീസ് ഓഫ് ചാരിറ്റിയെ വേർതിരിച്ചുനിർത്തുന്ന ഘടകവും.

Source: Sunday Shalom