News >> പാലക്കാട് രൂപതാ വൈദികൻ ഫാ. ജോബി കുന്നത്തോട്ട് ഉർബൻ കോളജ് വൈസ് റെക്ടർ
പാലക്കാട്: രൂപത വൈദികനായ ഫാ. ജോബി കുന്നത്തോട്ട് റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളജ് വൈസ് റെക്ടറായി നിയമിതനായി. നിയമനം അറിയിച്ചുകൊണ്ടുള്ള കൽപന പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന് ലഭിച്ചു.
ആഗോള സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ കീഴിലുള്ളതാണ് പൊന്തിഫിക്കൽ ഉർബൻ കോളജ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈദിക വിദ്യാർത്ഥികൾ പരിശീലനം നേടുന്ന സഭാസ്ഥാപനമാണിത്. ഈ പദവിയിൽ നിയമിതനാകുന്ന സീറോ മലബാർ സഭയിലെ മൂന്നാമത്തെ മലയാളി വൈദികനാണ് ഫാ. ജോബി കുന്നത്തോട്ട്. പാലാ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ഇപ്പോൾ ബ്രിട്ടനിലെ ബ്രിസ്റ്റൺ ആസ്ഥാനമായുള്ള പുതിയ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ എന്നിവരാണ് മറ്റു രണ്ട് മുൻ വൈസ് റെക്ടർമാർ. മാർ ജോസഫ് ശ്രാമ്പിക്കലിന്റെ പുതിയ നിയമനത്തെ തുടർന്ന് ഒഴിവായ സ്ഥാനത്തേക്കാണ് ഫാ. ജോബി കുന്നത്തോട്ട് നിയമിതനായിരിക്കുന്നത്.
പാലക്കാട് രൂപതയിലെ ജോസ്ഗിരി ഇടവകയിൽ കുന്നത്തോട്ട് സേവ്യർ-ബർണദീത്ത ദമ്പതികളുടെ നാലാമത്തെ മകനായി 1980 ഫെബ്രുവരി 19-ന് ജനിച്ച ഫാ. ജോബി, 2005 ഡിസംബർ 31-ന് മാർ ജേക്കബ് മനത്തോടത്തിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. രൂപതയിലെ വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ടിരിക്കെ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ലൈസൽഷ്യേറ്റ് കരസ്ഥമാക്കി. 2015 ഒക്‌ടോബറിൽ തിരിച്ചെത്തി. രൂപതയുടെ കീഴിലുള്ള വെള്ളപ്പാറയിലെ സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസിന്റെ ജോയിന്റ് ഡയറക്ടർ, സാൻജോ സെൻട്രൽ സ്‌കൂൾ മാനേജർ, പഴമ്പാലക്കോട് ഇടവക വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഫാ. ജോബി കുന്നത്തോട്ട്.
Source: Sunday Shalom