News >> മദ്യനയം അട്ടിമറിച്ചാൽ പ്രത്യാഘാതം ഗുരുതരം- ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയൽ
കൊച്ചി: നിലവിലുള്ള മദ്യനയം അട്ടിമറിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാനതല ഡയറക്ടേഴ്‌സ് മീറ്റ് 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. മദ്യനയം സംബന്ധിച്ച് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ മദ്യഉപഭോഗം കുറയ്ക്കാനാകണം.
മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞാണ് ഇടതു സർക്കാർ അധികാരത്തിലേറിയത്. തീരുമാനം എടുക്കുമ്പോൾ അത് മദ്യപർക്കും നിക്ഷിപ്ത താല്പര്യക്കാരായ അബ്കാരികൾക്കും വേണ്ടിയാകാതെ കേരള ജനതയ്ക്ക് ഗുണം ചെയ്യുമോ എന്നാണ് പരിശോധിക്കേണ്ടത്. ടൂറിസത്തിന്റെ പേരിൽ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മദ്യനിരോധനത്തിന്റെ ഗുണഫലങ്ങളാണ് ചർച്ചാവിഷയമാക്കേണ്ടത്. മദ്യാസക്തി കേരളത്തെ കാർന്നുതിന്നുകയാണ്. മദ്യവിപത്തിനെ ലഘൂകരിച്ച് കാണരുത്. ജനഹിതം മദ്യത്തിനെതിരാണ്. ജനഹിതത്തെ സർക്കാർ മാനിക്കണം. മദ്യനയം ജനക്ഷേമകരമാകണം. ബിഷപ് തുടർന്നു പറഞ്ഞു.
പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന യോഗത്തിൽ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ അഡ്വ.ചാർളിപോൾ, പ്രസാദ് കുരുവിള, ഫാ.പോൾ കാരാച്ചിറ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ആന്റണി ജേക്കബ് ചാവറ, എം.ഡി.റാഫേൽ, പൗലോസ് കണ്ടത്തിൽ, ജെയിംസ് മുട്ടിക്കൽ, സേവ്യർ പള്ളിപ്പാട്ട്, തോമസ്‌കുട്ടി മണക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. സമിതി സംസ്ഥാനതല വാർഷിക സമ്മേളനം ഡിസംബർ ആദ്യവാരം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ ഭരണങ്ങാനത്ത് വച്ച് നടത്തുവാൻ തീരുമാനിച്ചു. ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 2 ന് കലൂർ റിന്യൂവൽ സെന്ററിൽ ചേരുന്ന ലഹരിവിരുദ്ധ കൺവെൻഷനിൽ കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയും പങ്കെടുക്കും. മദ്യനയം സംബന്ധിച്ച് സർക്കാരിനെതിരെ സമരപരിപാടികൾ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുമായി സഹകരിച്ച് നടപ്പിലാക്കും.
Source: Sunday Shalom