News >> വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബർ 11ന്
കൊച്ചി: ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ മരിയൻ തീർത്ഥാടനത്തിനും കുടുംബ വിശുദ്ധീകരണ ബൈബിൾ കൺവെൻഷനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകസമിതി ചെയർമാൻ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ അറിയിച്ചു. സെപ്തംബർ 11നാണ് വല്ലാർപാടത്തേക്കുള്ള പ്രശസ്തമായ മരിയൻ തീർത്ഥാടനം. നാലു മുതൽ എട്ടുവരെ തീയതികളിൽ കൺവെൻഷൻ നടക്കും.
കൺവെൻഷനും തീർത്ഥാടനത്തിനും മുന്നോടിയായ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം ആഗസ്റ്റ് 21ന് രാവിലെ 8.45ന് വല്ലാർപാടത്തുനിന്നാരംഭിക്കും. വരാപ്പുഴ അതിരൂപതയിലെ 8 ഫൊറോനകളിലൂടെയും കടന്നുപോകുന്ന പ്രയാണം ആഗസ്റ്റ് 28ന് വൈകീട്ട് 5.20ന് വല്ലാർപാടം ബസിലിക്കയിൽ തിരിച്ചെത്തും. പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിനു മുന്നോടിയായാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന ബൈബിൾ കൺവെൻഷനും തീർത്ഥാടനവും നടക്കുന്നത്. സെപ്തംബർ 24നാണ് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ.
മരിയൻ കൺവെൻഷനുള്ള പന്തലിന്റെ കാൽനാട്ടു കർമവും ഛായാചിത്രപ്രയാണത്തിനുള്ള വാഹനത്തിന്റെ ആശിർവാദവും വല്ലാർപാടം ബസിലിക്കയിൽ ഇന്നലെ (ആഗസ്റ്റ് 19) വൈകീട്ട് നടന്ന ചടങ്ങിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ നിർവഹിച്ചു. ദൈവാനുഗ്രഹം സമൃദ്ധമായുണ്ടാകാനും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്താനും തീർത്ഥാടനവും ബൈബിൾകൺവെൻഷനും സഹായിക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. സെപ്തംബർ നാലു മുതൽ എട്ടു വരെ നീണ്ടുനിൽക്കുന്ന കുടുംബ നവീകരണ ബൈബിൾ കൺവെൻഷൻ നാലിന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ ദിവ്യബലിയോടെയാണ് ആരംഭിക്കുന്നത്. എട്ടിനു നടക്കുന്ന സമാപന ദിവ്യബലിയിൽ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിക്കും.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ വിസിയാണ് അഞ്ചുദിവസം നീളുന്ന കൺവെൻഷൻ നയിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ ഒമ്പതു വരെ കൺവെൻഷൻ നഗരിയിൽ ദിവ്യകാരുണ്യ ആരാധന, ജപമാല, രോഗശാന്തി ശുശ്രൂഷ, ദിവ്യബലി, വചനപ്രഘോഷണം എന്നിവ നടക്കും. കൺവെൻഷൻ സമാപനത്തെ തുടർന്ന് സെപ്തംബർ 11ന് വൈകീട്ട് മൂന്നിനാണ് വല്ലാർപാടം മരിയൻ തീർത്ഥാടനം.
ആഗസ്റ്റ് 21ന് രാവിലെ 8.45ന് വല്ലാർപാടത്തു നിന്നും പുറപ്പെടുന്ന പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണത്തിന് രാവിലെ 10ന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദൈവാലയത്തിൽ സ്വീകരണം നല്കും. അന്നു വൈകീട്ട് 6.30ന് കടവന്ത്ര സെന്റ് സെബാസ്റ്റ്യൻസ്, 22ന് മൂത്തേടം സെന്റ് മേരി മാഗ്ദലിൻ, തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ്, 23ന് കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ്, പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ്, 24ന് കളമശേരി പത്താം പീയൂസ്, ആലുവ എട്ടേക്കർ സെന്റ് ജൂഡ്‌സ്, 25ന് അങ്കമാലി യൂദാപുരം സെന്റ് ജൂഡ്‌സ്, കൊരട്ടി അമലോത്ഭവമാതാ ചർച്ച് എന്നീ ദൈവാലയങ്ങളിലും സ്വീകരണം നൽകും. ആഗസ്റ്റ് 26ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ്, വരാപ്പുഴ സെന്റ് ജോസഫ്‌സ്, 27ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ, വടുതല സെന്റ് ആന്റണീസ്, 28ന് മാനാട്ടുപറമ്പ് തിരുഹൃദയ ദൈവാലയം എന്നിവിടങ്ങളിലും ഛായാചിത്രപ്രയാണത്തെ സ്വീകരിക്കും.
ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ രക്ഷാധികാരിയും വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. ജോസഫ് പടിയാരംപറമ്പിൽ ചെയർമാനും മോൺ. മാത്യു ഇലഞ്ഞിമറ്റം വൈസ് ചെയർമാനും ബസിലിക്ക റെക്ടർ മോൺ. ജോസഫ് തണ്ണിക്കോട്ട് ജനറൽ കൺവീനറുമായുള്ള വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Source: Sunday Shalom