News >> മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി

സത്ന: മധ്യപ്രദേശിലെ സീറോ മലബാര്‍ രൂപതയായ സത്നായുടെ മൂന്നാമത്തെ മെത്രാനായി മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി. സത്നായിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രലില്‍ രാവിലെ 9.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു മെത്രാഭിഷേക, സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നത്. ശുശ്രൂഷകളില്‍ ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, സത്നായുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സഹകാര്‍മികരായി. പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര സന്ദേശം നല്‍കി. പ്രദക്ഷിണമായി അള്‍ത്താരയിലേക്കെത്തിയ മെത്രാന്മാരെയും ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്ന വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും രൂപത അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് മംഗലംപിള്ളി സ്വാഗതം ചെയ്തു. മെത്രാഭിഷേക, സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു ശേഷം ഉച്ചകഴിഞ്ഞു രണ്ടിനു നടന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ജബല്‍പുര്‍ രൂപത മെത്രാന്‍ ഡോ. ജെറാള്‍ഡ് അല്‍മിഡ, വിന്‍സെന്‍ഷ്യന്‍ സഭ അസിസ്റന്റ് ജനറാള്‍ ഫാ. മാത്യു വട്ടക്കുഴി, ഡല്‍ഹി മാര്‍ത്തോമ രൂപത വികാരി ജനറാള്‍ ഫാ. സി.എ. വര്‍ഗീസ്, എസ്എബിഎസ് സത്ന പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ ആല്‍ഫി കല്ലിങ്കല്‍, രൂപതയിലെ ആദ്യ വൈദികന്‍ ഫാ. ജോബ് വള്ളിയനാല്‍, സത്ന ഇടവകയിലെ പാരിഷ് കൌണ്‍സില്‍ സെക്രട്ടറി നിയൂസ് ടോപ്പോ, ഫാ. പോള്‍ ഉത്തനിപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ ജോസഫ് കൊടകല്ലില്‍ മറുപടി പ്രസംഗം നടത്തി. സത്ന രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കൊപ്പം, കോതമംഗലം രൂപത പ്രതിനിധികള്‍, നിയുക്തമെത്രാന്റെ കുടുംബാംഗങ്ങള്‍ എന്നിവരും മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുത്തു. Source:Deepika