News >> ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് വത്തിക്കാനില്‍ - പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച
ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ച വൈകുന്നേരമായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ്, ഫ്രാന്‍ഷ്വാ ഒളാന്ത വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. 40 മിനിറ്റു നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച. സൗഹൃദത്തിന്‍റെയും നയതന്ത്രബന്ധത്തിന്‍റെയും, സമാധാനത്തിന്‍റെയും ശ്രേയസ്സിന്‍റെയും പ്രതീകങ്ങളായ സമ്മാനങ്ങള്‍ ഇരുപക്ഷവും കൈമാറുകയും, ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.ജൂലൈ 26-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയിലുള്ള വിശുദ്ധ എത്തിയേനയുടെ ദേവാലയത്തില്‍ വൈദികന്‍, ഷാക് ഹാമലിനെ ഭീകരര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഖേദപൂര്‍വ്വകമായ അനുസ്മരണം, അധികാരത്തിനും സമ്പത്തിനുമായി ഇന്ന് നടമാടുന്ന ചിന്നിച്ചിതറിയ മൂന്നാം ലോക മഹായുദ്ധം, കൂടിയേറ്റത്തെ തുറവോടെ കാണുന്ന വിശ്വസാഹോദര്യത്തിന്‍റെ നവമായ ലോകവീക്ഷണം എന്നിവ ഫ്രഞ്ച് പ്രസിഡന്‍റ് ഒളാന്തിനോട് പാപ്പാ പങ്കുവച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പിന്നീട് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹോളിനോടു ചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയില്‍ പാപ്പാ ഫ്രാന്‍സിസും പ്രസിഡന്‍റ് ഒളാന്തുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം, സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നുവരുമായും ഫ്രഞ്ച് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി.2014 ജനുവരിയില്‍ വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള പ്രസിഡന്‍റ് ഒളാന്തിന്‍റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. ഫ്രാന്‍സിന്‍റെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി, ഫിലിപ് സെലര്‍ കൂടിക്കാഴ്ചകളില്‍ സന്നിഹിതനായിരുന്നു. പ്രാദേശികസമയം 6.30-നാണ് ഫ്രഞ്ച് പ്രസിഡന്‍റും സംഘവും വത്തിക്കാന്‍ വിട്ടിറങ്ങിയത്.ജന്മനാ കത്തോലിക്കനായിരുന്ന ഫ്രാന്‍ഷ്വാ ഒളാന്ത് വിശ്വാസിയല്ലെന്നും, പിന്നീട് നിരീശ്വരവാദിയാണെന്നും സ്വയം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബഹുഭൂരിപക്ഷം ക്രൈസ്തവരുള്ള ഫ്രാന്‍സില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം മൗലികവാദത്തിന്‍റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ അവിടത്തെ രാഷ്ട്രത്തിന്‍റെയും രാഷ്ട്രീയനേതൃത്വത്തിന്‍റെയും നയങ്ങള്‍ പുനര്‍പരിശേധിക്കേണ്ടതാണെന്ന അഭിപ്രായം സമൂഹത്തില്‍ പൊന്തിവരുന്നുണ്ട്.Source: Vatican Radio