News >> ലോക മതാന്തര സമാധാന പ്രാര്‍ത്ഥന സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ അസ്സീസിയില്‍


അസ്സീസിയില്‍ നടക്കാന്‍പോകുന്ന ലോക മതാന്തര സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സീസ് പാപ്പായും പങ്കുചേരും.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം, പ്രസ്സ് ഓഫീസ്‍ വ്യാഴാഴ്ച (18/08/16) വെളിപ്പെടുത്തിയതാണിത്.

സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ നടക്കുന്ന ഈ പ്രാര്‍ത്ഥനാസമ്മേളനത്തിന്‍റെ സമാപനദിനത്തില്‍, അതായത്, ഇരുപതാം തിയതി ചൊവ്വാഴ്ച ആയിരിക്കും അതില്‍ പാപ്പാ സംബന്ധിക്കുക.

 റോം ആസ്ഥാനമാക്കി സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിശുദ്ധ എജീദിയോയുടെ സമൂഹം അസ്സീസിയിലെ ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിന്‍റെയും അസ്സീസിരൂപതയുടെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ഈ പ്രാര്‍ത്ഥനാദിനത്തിന്‍റെ വിചിന്തന പ്രമേയം "സമാധനദാഹം. മതങ്ങളും സംസ്കാരങ്ങളും സംവാദത്തില്‍ " എന്നതാണ്.

മൂന്നു പതിറ്റാണ്ടുമുമ്പ്, 1986 ഒക്ടോബറില്‍ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ വിശ്വശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിന് വിളിച്ചുകൂട്ടിയ വിവിധമതനേതാക്കളുടെ പ്രാ‍ര്‍ത്ഥനാസമ്മേളനത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് വിശുദ്ധ എജീദിയോയുടെ സമൂഹം അനുവര്‍ഷം ഈ സമാധാനത്തിനായുള്ള മതാന്തര പ്രാര്‍ത്ഥനാദിനത്തിന് നേതൃത്വമേകുന്നത്.

അക്കൊല്ലം ഒക്ടോബര്‍ 27 ന്, ലോക പ്രാര്‍ത്ഥനാദിനത്തില്‍ സംബന്ധിച്ച, 11 അക്രൈസ്തവമതങ്ങളുടെ ദലൈലാമയുള്‍പ്പടെയുള്ള നേതാക്കളും വിവിധ 32 ക്രൈസ്തവമതവിഭാഗങ്ങളുടെ നേതാക്കളുമടക്കം 160ഓളം പേര‌ടങ്ങിയ സംഘത്തെ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ സംബോധന ചെയ്തിരുന്നു.

Source: Vatican Radio