News >> മദർ തെരേസയുടെ നാമകരണം: പരിപാടികളുടെ രൂപരേഖയായി
വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ രൂപരേഖ വത്തിക്കാനും മിഷനറീസ് ഓഫ് ചാരിറ്റിയും പ്രഖ്യാപിച്ചു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വാരിപ്പുണര്‍ന്നു തന്നോടു ചേര്‍ത്തുനിര്‍ത്തിയ മദര്‍ തെരേസയുടെ കാരുണ്യത്തെ അനുസ്മരിക്കുന്ന ആഘോഷപരിപാടികളാണു സഭ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനു തുടങ്ങുന്ന വിവിധ പരിപാടികള്‍ എട്ടുവരെ നീണ്ടുനില്‍ക്കും. മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനീ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഞ്ചു ശാഖകള്‍ (സന്യാസിനികളുടെ രണ്ടും വൈദികരുടെയും സഹോദരങ്ങളുടെയും അല്മായ മിഷനറിമാരുടെയും ഓരോന്നും) ചേര്‍ന്നു നടത്തുന്ന ڇപാവങ്ങളുടെ തിരുനാള്‍ڈ റോമിലെ തിയറ്റര്‍ ഒളിമ്പിക്കോയില്‍ സെപ്റ്റംബര്‍ ഒന്നിനു പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ നടക്കും. കുറവിലങ്ങാട് സ്വദേശിയും മിഷനറീസ് ഓഫ് ചാരിറ്റി സഭാ സമൂഹങ്ങളുടെ സഹ സ്ഥാപകനും സഭയുടെ അല്മായപ്രസ്ഥാന സ്ഥാപകനും വൈദിക വിഭാഗത്തിന്‍റെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലുമായ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എം.സി. സ്വാഗതം ആശംസിക്കും. രാജി തരകനും സംഘവും അവതരിപ്പിക്കുന്ന ഭാരതീയ തനിമ വിളിച്ചോതുന്ന രംഗപൂജ അവതരിപ്പിക്കും. അസതോമാ സത്ഗമയڈ എന്നു തുടങ്ങുന്ന ബൃഹദാരണ്യക ഉപനിഷത്തിലെ വരികള്‍ എലിസബത്ത് ജോയ് വെള്ളാഞ്ചിയിലും സംഘവും ڇആലപിക്കും. കര്‍ദിനാള്‍ ആഞ്ജലോ കോമാസ്റ്ററിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ റോമിലുള്ള ഒന്‍പതു സമൂഹങ്ങളുടെ പ്രതിനിധികളും ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ പിയേരിക്കും പ്രഭാഷണം നടത്തും. മദര്‍ തെരേസയുടെ ജീവചരിത്രം രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാലെയായി അവതരിപ്പിക്കും. തുടര്‍ന്ന് ആലംബഹീനരോടൊപ്പമുള്ള വിരുന്നില്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലെ എല്ലാവരും പങ്കെടുക്കും. സാധുജനങ്ങള്‍ക്കായി വിരുന്നിന്‍റെ ഭാഗമായി രണ്ടായിരം ഭക്ഷണപ്പൊതികള്‍ തയാറാക്കുന്നുണ്ട്. രണ്ടിനു റോമിലെ സെന്‍റ് അനസ്റ്റാസിയ ബസിലിക്കയില്‍ രാവിലെ ഒന്‍പതിനു റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ ഇംഗ്ലീഷിലും പത്തരയ്ക്കു ബിഷപ് എമിലിയോ ബെര്‍ളിയെ സ്പാനിഷിലും പന്ത്രണ്ടിനു കര്‍ദിനാള്‍ ആഞ്ജലോ കോമാസ്റ്ററി ഇറ്റാലിയനിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സഹോദരങ്ങളുടെയും വ്രതനവീകരണം സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാലയുടെ നേതൃത്വത്തിലുള്ള സമൂഹബലി മധ്യേ നടക്കും. രാത്രി എട്ടര മുതല്‍ പത്തു വരെ റോമാ രൂപതയുടെ കത്തിഡ്രല്‍ സെന്‍റ് ജോവാന്നി ലാറ്ററന്‍ ബസിലിക്കയില്‍ രൂപതയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ അഗസ്റ്റിനോ വല്ലിനിയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധന നടക്കും. മൂന്നിനു കരുണയുടെ വര്‍ഷത്തിലെ തീര്‍ഥാടനത്തിന്‍റെ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ പൊതുദര്‍ശനപരിപാടിയുടെ പ്രാര്‍ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു സെന്‍റ് ആന്‍ഡ്രിയ ഡെല്ലാ വാലി ബസിലിക്കയില്‍ മദര്‍ തെരേസയെക്കുറിച്ചു വിവിധ കലാ- സാഹിത്യ പരിപാടികളും ഗാനമേളയും നടക്കും. വിവിധ ഭാഷകളിലുള്ള ഈ ഗാനമേളയില്‍ ഉഷാ ഉതുപ്പ് ഇംഗ്ലീഷിലും ബംഗാളിയിലും മദര്‍ തെരേസയെക്കുറിച്ച് ഗാനങ്ങള്‍ ആലപിക്കും. രാത്രി ഏഴിനു ദിവ്യബലിയും തുടര്‍ന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പിന്‍റെ വണക്കവും നടക്കും. നാലിനാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. അന്നു രാവിലെ 10.30ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള സമൂഹബലിമധ്യേ വിശുദ്ധ പദവി പ്രഖ്യാപനം നട ക്കും. ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐയുടെ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, കോല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡിഅഡിക്ഷന്‍ സെന്‍റര്‍ നടത്തുന്ന ഫാ. ജോ പെരേര, പോസ്റ്റുലേറ്റര്‍ ജനറല്‍ റവ. ഡോ. ബ്രെയിന്‍ കോവോജയ്ചുക് എന്നിവരും നിരവധി കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും സഹ കാര്‍മികരായിരിക്കും. മദര്‍ തെരേസയുടെ തിരുശേഷിപ്പ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ പിയേരിയും മറ്റു സഹോദരങ്ങളും അള്‍ത്താരയിലേക്കു സംവഹിക്കും. വിശുദ്ധപദ നാമകരണത്തിന് ആവശ്യമായ അദ്ഭുത രോഗശാന്തി നേടിയ ബ്രസീലില്‍നിന്നുള്ള മാര്‍സിലിയോ ഹദാദ് അന്‍ഡ്രിനോയും കുടുംബവും സന്നിഹിതരായിരിക്കും. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയുടെ ആദ്യത്തെ തിരുനാള്‍ അഞ്ചിന് ആഘോഷപൂര്‍വം നടത്തപ്പെടും. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നന്ദി സൂചകമായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോളിനിയാണു നേതൃത്വം നല്‍കുക. അന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പ് സെന്‍റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിക്കും. ആറിനും ഈ ദേവാലയത്തില്‍ മദറിന്‍റെ തിരുശേഷിപ്പ് വണങ്ങാനുള്ള അവസരം ലഭിക്കും. അന്നു രാവിലെ ഒന്‍പതരയ്ക്ക് കാസെറീനയിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മഠത്തിന്‍റെ അടുത്തുള്ള സെന്‍റ് ബര്‍ണബാസ് ദേവാലയത്തില്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാലയുടെ നേതൃത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. ഏഴിനും എട്ടിനും സെന്‍റ് ഗ്രിഗറി ദ ഗ്രേറ്റ് ദേവാലയത്തില്‍ മദര്‍തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനു വയ്ക്കും. സെന്‍റ് ഗ്രിഗറി കോണ്‍വെന്‍റില്‍ മദര്‍ തെരേസ ഉപയോഗിച്ചിരുന്ന മുറി സന്ദര്‍ശിക്കാനുള്ള അവസരം ഈ ദിനങ്ങളില്‍ വിശ്വാസികള്‍ക്കു ലഭിക്കും.
Source: Deepika