News >> മദ്യവിപത്തിനെതിരേ ഒഴിഞ്ഞ മദ്യക്കുപ്പികൾകൊണ്ടു ശില്പം
ചെറുവത്തൂർ(കാസർഗോഡ്): മദ്യവിപത്തിനെതിരേ ബോധവത്കരണവുമായി കുട്ടികളുടെ നേതൃത്വത്തിൽ മദ്യക്കുപ്പികൾകൊണ്ടുള്ള അപൂർവ ശില്പമൊരുങ്ങി.
പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണു ശില്പി സുരേന്ദ്രൻ കൂക്കാനത്തിന്റെ സഹായത്തോടെ എൻഎസ്എസ് വാളണ്ടിയർമാരായ കുട്ടികൾ അപൂർവ ശില്പമൊരുക്കിയത്.
ഇതിന്റെ അനാച്ഛാദനം ഇന്ന് (22-08-2016) ഉച്ചകഴിഞ്ഞു രണ്ടിനു സംസ്‌ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നിർവഹിക്കും.മദ്യപിച്ചു വലിച്ചെറിയുന്ന കുപ്പികൾകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ശില്പമാകും ഇതെന്നാണു ശില്പി സുരേന്ദ്രൻ കൂക്കാനം അവകാശപ്പെടുന്നത്.
കാവുകൾ, തോടുകൾ, വയലുകൾ എന്നിവയിലേക്കു വലിച്ചെറിയുന്ന മദ്യക്കുപ്പികൾ വലിയ പാരിസ്‌ഥിതിക പ്രശ്നമാണുണ്ടാക്കുന്നത്. ഈ യാഥാർഥ്യം ലോകത്തെ ബോധ്യപ്പെടുത്താൻ കുട്ടികൾ കണ്ടെത്തിയ മാർഗമായിരുന്നു ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിച്ചു ചേർത്തുവച്ചു ശില്പം തീർക്കുകയെന്നത്. ഇതിനായി കഴിഞ്ഞ ലഹരിവിരുദ്ധ ദിനത്തിൽത്തന്നെ സ്കൂളിന്റെ ഒരു കിലോമീറ്റർ പരിധിയിൽനിന്ന് 25,000 കുപ്പികളാണ് എൻഎസ്എസ് വാളണ്ടിയർമാർ ശേഖരിച്ചത്. ശില്പി സുരേന്ദ്രൻ കൂക്കാനം ആശയം നൽകി സ്കൂളിന്റെ പ്രധാന കവാടത്തിനടുത്തു ശില്പവും ഒരുക്കി. പോരാടുന്ന കീഴാള ദൈവത്തിന്റെ മുഖഭാവത്തോടുകൂടിയ ശില്പമാണു രൂപപ്പെടു ത്തിയത്.
Source: Deepika