News >> ദളിത് ക്രൈസ്തവ നീതിനിഷേധത്തിനെതിരേ ചങ്ങനാശേരിയിൽ പ്രതിഷേധം ഇരമ്പി
ചങ്ങനാശേരി: ദളിത് ക്രൈസ്തവർക്കു പട്ടികജാതി സംവരണം നിഷേധിക്കുന്നതിനെതിരേ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിലും സമ്മേളനത്തിലും പ്രതിഷേധം ഇരമ്പി.
ഭാരത കത്തോലിക്കാ സഭ ആഹ്വാനംചെയ്ത നീതി ഞായർ ദിനാചരണത്തോടനുബന്ധിച്ചാണു റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ക്രൈസ്തവ മതത്തോടു പുലർത്തുന്ന വിവേചനത്തിനെതിരേയുള്ള താക്കീതും സമരാഹ്വാനവുമായി റാലിയും സമ്മേളനവും മാറി.
ഉച്ചകഴിഞ്ഞ് 3.30ന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി ചങ്ങനാശേരി അതിരൂ പത വികാരി ജനറാൾ മോൺ. ജെയിംസ് പാലയ്ക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിനാളുകൾ അണിചേർന്ന റാലി നഗരത്തിലൂടെ രണ്ടാം നമ്പർ മുൻസിപ്പൽ ബസ്സ്റ്റാന്റിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ചങ്ങനാ ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു. മതേതര ഭാരതത്തിൽ ദളിത് ക്രൈസ്തവ വിഷയത്തിൽ നിലനിൽക്കുന്നതു മതവിവേചനമാണെന്നും ഇതു മനുഷ്യാവകാശ ലംഘനവും സാമൂഹ്യ അനീതിയുമാണെന്നും മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
ക്രൈസ്തവരായ ദളിതർക്കു പട്ടികജാതി സംവരണം അവകാശമാണ്. എന്നാൽ, ബോധപൂർവം ഇതു നിഷേധിക്കുന്നതിനു പിന്നിൽ നിഗൂഢതയാണ്.
സുപ്രീംകോടതി ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളോടു നിർദേശം നൽകിയിട്ടും അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നത്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ ധാർമിക സമരത്തിൽ ജാതിമതഭേദ ചിന്തകൾക്കതീതമായി എല്ലാവരും കൈകോർക്കണമെന്നും ആർച്ച്ബിഷപ് ആഹ്വാനംചെയ്തു.
വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷതവഹിച്ചു. ഡിസിഎംഎസ് അതിരൂപതാ ഡയറക്ടർ ഫാ.ബെന്നി കുഴിയടിയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ആന്റണി മാത്യൂസ്, ജോയിന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടം, ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, എകെസിസി അതിരൂപതാ പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി, മാതൃവേദി പ്രസിഡന്റ് റോസമ്മ സണ്ണി തുണ്ടിയിൽ, യുവദീപ്തി അതിരൂപതാ പ്രസിഡന്റ് ജിതിൻ തോമസ്, കെഎൽഎം പ്രതിനിധി ജോഷി കൊല്ലാരം, ഡിസിഎംഎസ് അതിരൂപതാ സെക്രട്ടറി ടോമി മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
അതിരൂപതാ വികാരിജനറാൾ മോൺ.ജയിംസ് പാലക്കൽ, മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര, ഡിസിഎംഎസ് അതിരൂപതാ ഡയറക്ടർ ഫാ.ബെന്നി കുഴിയടിയിൽ, ഫാ.എബി ചങ്ങങ്കരി, ഫാ.ജസ്റ്റിൻ കായംകുളത്തുശേരി, ഫാ.ജേക്കബ് മീനപ്പള്ളി സിഎംഐ, ഫാ.ജേക്കബ് ചക്കാത്തറ, ഫാ.മാത്യു വാരുവേലിൽ, ഫാ.ജോസഫ് നെടുമ്പറമ്പിൽ, ഡോ.ആന്റണി മാത്യൂസ്, ജോസ് ആനിത്തോട്ടം, ജയിംസ് ഇലവുങ്കൽ, സി.സി.കുഞ്ഞുകൊച്ച്, ടോമി മംഗലത്ത്, അഡ്വ.പി.പി.ജോസഫ്, വി.ജെ.ലാലി, ജോസുകുട്ടി കുട്ടംപേരൂർ, ഔസേപ്പച്ചൻ ചെറുകാട്, ലാലിച്ചൻ മറ്റത്തിൽ, സണ്ണി തച്ചിലേട്ട്, പി.ജെ.ജോൺ, എം.സി.ബേബി, മിനി റോയി, ആൻസമ്മ ദേവസ്യ, സ്വാതി, ഷൈജു ജോസഫ്, സെലിൻ കുഞ്ഞുമോൻ, റോയി ചാക്കോ എന്നിവർ റാലിക്കു നേതൃത്വം നൽകി.
Source: Deepika