News >> രക്‌തസാക്ഷികളുടെ വിശ്വാസസാക്ഷ്യം പ്രചോദനമാകണം: ഡോ.സൂസപാക്യം
തിരുവനന്തപുരം: വിശ്വാസത്തിനു വേണ്ടി ജീവൻ ബലികഴിച്ച രക്‌തസാക്ഷികളുടെ വിശ്വാസസാക്ഷ്യം നമുക്കു പ്രചോദനമാകണമെന്ന്് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം. ഫ്രാൻസിൽ വിശുദ്ധ കുർബാന മധ്യേ ഐഎസ് ഭീകരർ വധിച്ച ഫാ. ഷാക്ക് ഹാമലിനെ അനുസ്മരിച്ചും നാലുമാസം മുൻപ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായും അനന്തപുരി ബൈബിൾ കൺവൻഷന്റെ നേതൃത്വത്തിൽ പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രാർഥനാ സംഗമത്തിൽ അനുഗ്രഹസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവർത്തനങ്ങൾ മൂലം സമൂഹത്തിൽ ഭയാനക അന്തരീക്ഷം വർധിച്ചുവരികയാണ്. വിശ്വാസത്തിനുവേണ്ടി ആയിരക്കണക്കിനാളുകളാണ് ഇന്നു മരിക്കുന്നത്. ഇതിന് എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ എന്നറിയില്ല. സമൂഹത്തിൽ നല്ലത് നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. എന്നാൽ വഴിതെറ്റിയ കുറച്ചുപേർ സമാധാന അന്തരീക്ഷം തകർക്കുന്നു. വലിയ ശക്‌തികൾക്കും രാഷ്ട്രങ്ങൾക്കും പോലും ഇതിനു തടയിടുന്നതിന് സാധിക്കുന്നില്ല. ഭവനങ്ങളിൽ നിന്നും ഇറങ്ങിയാൽ തിരികെയെത്തുമോ എന്നുപോലും അറിയാത്ത അവസ്‌ഥ. മാനസിക വൈകല്യമുള്ളവർക്ക് ഏതു സംവിധാനത്തെയും തകർക്കാമെന്ന അവസ്‌ഥയാണ്.
മാനുഷികമായി ചിന്തിച്ചാൽ ഈ ഭീകരതയ്ക്ക് ഒരു അവസാനമുണ്ടോ എന്നു തോന്നാം. എന്നാൽ, ദൈവത്തിനു ദൈവത്തിന്റേതായ പദ്ധതിയുണ്ട്. അതു നിറവേറുക തന്നെ ചെയ്യും. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. പാരമ്പര്യമായി വിശ്വാസമുണ്ടെന്നു പറയുന്നവരാണ് നാം. പ്രാർഥനയും പരിത്യാഗവുമില്ലാതെ ഒരു ശക്‌തിയെയും നേരിടുന്നതിനു സാധിക്കില്ല. പ്രാർഥനയിൽ അടിയുറച്ചു വിശ്വസിക്കുന്നവർക്ക് ഒരു ശക്‌തിയെയും ഭയക്കാനില്ല. വിശ്വാസത്തിനു വേണ്ടി മരിച്ച രക്‌തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ ഉണർവ് നാം പ്രകടമാക്കണമെന്നു സന്ദേശം നൽകിയ ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂർദ് ഫൊറോന പള്ളി വികാരിയുമായ മോൺ.ഡോ. മാണി പുതിയിടം പറഞ്ഞു. പീഡനങ്ങൾ വിശ്വാസത്തിന് പുതിയ കാര്യമല്ല. നമ്മുടെ മേലുള്ള ദൈവകൃപ വിശ്വാസത്തിൽ മുന്നോട്ടു പോകുന്നതിനു നമ്മെ സഹായിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം ഭീകരതയ്ക്കും വർഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരേ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. വിശ്വാസികൾ കത്തിച്ച മെഴുകുതിരികളുമായി പ്രതിജ്‌ഞ ഏറ്റുചൊല്ലി.
മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്, ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് എന്നിവർ പ്രാർഥനകൾക്കു നേതൃത്വം നൽകി. ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര ആമുഖ സന്ദേശം നൽകി. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന പ്രാരംഭപ്രാർഥനയോടെയാണ് പ്രാർഥനാസംഗമം ആരംഭിച്ചത്. തുടർന്നു നടന്ന മെഴുകുതിരി പ്രദക്ഷിണം സാഫല്യം കോംപ്ലക്സിനു മുന്നിലൂടെ വിജെടി ഹാൾ ചുറ്റി പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേർന്നു. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ വികാരി റവ.ഡോ. ജോർജ് ഗോമസ്, ലൂർദ് പ്രൊ -വികാരി ഫാ. ജോർജ് മാന്തുരുത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Source: Deepika