News >> അഹങ്കാരത്തെയും ഭീതിയേയും ഞെരുക്കുന്ന ഇടുങ്ങിയ വാതില്‍
വത്തിക്കാനില്‍, പതിവുപോലെ, ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. ഈ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായ നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതാരായിരുന്നു. മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആരവങ്ങളും ഉയര്‍ന്നു.വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, രക്ഷപ്രാപിക്കുന്നതിന് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കണം എന്ന് യേശു ജനക്കൂട്ടത്തില്‍ ഒരുവന്‍റെ ചോദ്യത്തിന് ഉത്തരമായി ഉദ്ബോധിപ്പിക്കുന്ന ഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 13, 22 മുതല്‍ 30 വരെയുള്ള വാക്യങ്ങള്‍ തന്‍റെ വിചിന്തനത്തിന് അവലംബമാക്കി.ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പാപ്പായുടെ പ്രഭാഷണം ഇപ്രകാരമായിരുന്നു: പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.ഇന്നത്തെ സുവിശേഷ ഭാഗം നമ്മെ ഉപദേശിക്കുന്നത് രക്ഷയെക്കുറിച്ച് ധ്യാനിക്കാനാണ്. രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ (ലൂക്കാ.13,23) എന്ന് ജെറുസലേമിലേക്കു പോകുകയായിരുന്ന യേശുവിനോട് ഒരുവന്‍ ചോദിക്കുന്നതായി സുവിശേഷകന്‍ ലൂക്കാ പറയുന്നു. യേശുവാകട്ടെ ഇതിന് നേരിട്ടുള്ള ഒരുത്തരമല്ല നല്കുന്നത് മറിച്ച് ചിന്തോദ്ദീപകമായ ഒരു ശൈലിയില്‍ മറ്റൊരുതലത്തിലൂടെ നീങ്ങുകയാണ്. അവിടന്ന് പറയുന്നു: "
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും, എന്നാല്‍ അവര്‍ക്ക് സാധിക്കില്ല". (ലൂക്കാ 13,24) ആദ്യം, ഒരു പക്ഷേ, ശിഷ്യര്‍ക്ക് ഇത് മനസ്സിലാകുന്നില്ല. വാതില്‍ എന്ന പ്രതീകത്തിലൂടെ യേശു അവിടത്തെ ശ്രോതാക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത് എണ്ണമല്ല, എത്രപേര്‍ രക്ഷപ്പെടുമെന്നതല്ല, എണ്ണം അറിയുകയല്ല, മറിച്ച്, രക്ഷയിലേക്കു നയിക്കുന്ന മാര്‍ഗ്ഗം ഏതെന്ന് എല്ലാവരും അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം എന്നാണ്.വാതിലിലൂടെ കടക്കുകയെന്നത് ഈ യാത്രയുടെ ഭാഗമാണ്. എന്നാല്‍ ഈ വാതില്‍ എവിടെയാണ്? എപ്രകാരമുള്ളതാണ് ഈ വാതില്‍? ആരാണ് വാതില്‍? യേശുതന്നെയാണ് ഈ വാതില്‍. ഇത് യേശുതന്നെ പറയുന്നത് യോഹാന്നാന്‍റെ സുവിശേഷത്തില്‍ കാണുന്നു. "
ഞാനാണ് വാതില്‍" (യോഹന്നാന്‍ 10,9) അവിടന്ന് നമ്മെ പിതാവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കുന്നു. ആ പിതാവില്‍ നമ്മള്‍ സ്നേഹവും, ഉള്‍ക്കൊള്ളലും, സംരക്ഷണവും കണ്ടെത്തുന്നു. എന്നാല്‍ എന്തുകൊണ്ട് ഈ വാതില്‍ ഇടുങ്ങിയതായിരിക്കുന്നു എന്ന ചോദ്യമുയരാം. എന്തുകൊണ്ടാണ് ഇടുങ്ങിയതെന്നു പറയുന്നത്? നമ്മെ ഞെരുക്കുന്നത്കൊണ്ടല്ല വാതില്‍ ഇടുങ്ങിയതായിരിക്കുന്നത് മറിച്ച് നമ്മള്‍ പാപികളാണെന്നും നാം പാപപ്പൊറുതി ആവശ്യമുള്ളവരുമാണെന്നുമുള്ള തിരിച്ചറിവോടെ, യേശുവില്‍ വിശ്വാസമര്‍പ്പിച്ച്, എളിമായര്‍ന്ന ഹൃദയത്തോടുകൂടി നമ്മെത്തന്നെ തുറന്നിടാനും നമ്മുടെ അഹങ്കാരത്തെയും ഭീതിയെയും കുറയ്ക്കാനും അവയ്ക്ക് കടിഞ്ഞാണിടാനും നമ്മോട് ആവശ്യപ്പെടുന്നതാകയാലാണ്. നമ്മെ വീര്‍പ്പിക്കുന്ന നമ്മുടെ ഔദ്ധത്യത്തിന് കടിഞ്ഞാണിടുന്നതാകയാലാണ് ഇത് ഇടുങ്ങിയതായിരിക്കുന്നത്. ദൈവത്തിന്‍റെ കരുണയുടെ കവാടം ഇടുങ്ങിയതെങ്കിലും എല്ലാവര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നതാണ്. ദൈവം വേവചനം കാട്ടുന്നില്ല, ഒരു വിത്യാസവും കാട്ടാതെ എല്ലാവരേയും എല്ലായ്പ്പോഴും അവിടന്ന് സ്വീകരിക്കുന്നു. നമ്മുടെ അഹങ്കാരത്തെയും ഭീതിയേയും ഞെരുക്കുന്നതിനുള്ള ഇടുങ്ങിയ വാതിലാണത്; ഒരു വിത്യാസവുമില്ലാതെ നമ്മെ എല്ലാവരേയും ദൈവം സ്വീകരിക്കുന്നതിനാല്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്ന വാതിലാണത്. അവിടന്ന് നമുക്കേകുന്ന രക്ഷ, സകല പ്രതിബന്ധങ്ങളെയും തകര്‍ക്കുന്നതും പ്രകാശത്തിന്‍റെയും സമാധാനത്തിന്‍റെയും വിസ്മയകരങ്ങളായ പ്രതീക്ഷകള്‍ തുറന്നിടുന്നതുമായ കാരുണ്യത്തിന്‍റെ ധാരമുറിയാതെയുള്ള പ്രവാഹമാണ്. ഇടുങ്ങിയതും എന്നാല്‍ സദാ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നതുമായ വാതില്‍. ഇതു നിങ്ങള്‍ മറക്കരുത്.അനുരഞ്ജിതരായി ആനന്ദത്തോടെ തന്‍റെ പക്കലണയാനും സമ്പൂര്‍ണ്ണ ജീവന്‍റ വാതിലിലൂടെ കടക്കാനും യേശു നമ്മെ ഒരിക്കല്‍ക്കൂടി നിര്‍ബന്ധപൂര്‍വ്വം ക്ഷണിക്കുന്നു. നാം ചെയ്ത തെറ്റ് എന്തുമായിക്കൊള്ളട്ടെ, നമ്മെ ആശ്ലേഷിക്കാനും നമ്മോടു പൊറുക്കാനും നാമോരോരുത്തരേയും അവിടന്ന് കാത്തിരിക്കുന്നു. നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്താന്‍ അവിടത്തേക്കു മാത്രമെ സാധിക്കുകയുള്ളു. നമുക്ക് യഥാര്‍ത്ഥ ആനന്ദം പ്രദാനം ചെയ്തുകൊണ്ട് നമ്മുടെ അസ്തിത്വത്തിന് പൂര്‍ണ്ണ അര്‍ത്ഥമേകാന്‍ അവിടത്തേക്കു മാത്രമെ കഴിയൂ. യേശുവിന്‍റെ വാതിലിലൂടെ, വിശ്വാസത്തിന്‍റെയും സുവിശേഷത്തിന്‍റെയുമായ വാതിലിലൂടെ പ്രവേശിക്കുകവഴി നമുക്ക് ലൗകികമനോഭാവത്തിലും ദുഷിച്ച ശീലങ്ങളിലും സ്വാര്‍ത്ഥതകളിലും അടച്ചിടലുകളിലും നിന്ന് പുറത്തുകടക്കാന്‍ സാധിക്കും. ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവുമായി നാം ബന്ധത്തിലാകുമ്പോള്‍ അധികൃതമാറ്റം സംഭവിക്കുന്നു. നമ്മുടെ ജീവിതം പരിശുദ്ധാത്മവെളിച്ചത്താല്‍ പ്രശോഭിതമാകും. അണയാത്ത വെളിച്ചമാണത്.ഒരു നിര്‍ദ്ദേശം നിങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ഞാനഭിലഷിക്കുകയാണ്. നമ്മുടെ ഉള്ളിലുള്ളവയെയും വാതിലിലൂടെ കടക്കാന്‍ നമ്മെ തടസ്സപ്പെടുത്തുന്ന നമ്മുടെ അഹങ്കാരം, ഔദ്ധത്യം, പാപങ്ങള്‍ എന്നിവയെയും കുറിച്ച് ഇപ്പോള്‍ നമുക്ക് ഒരുനിമിഷം മൗനമായി ചിന്തിക്കാം. തുടര്‍ന്ന് ഇതര വാതിലിനെക്കുറിച്ച്, നമുക്ക് മാപ്പുനല്കാന്‍ മറുവശത്ത് കാത്തിരിക്കുന്ന ദൈവത്തിന്‍റെ കാരുണ്യത്താല്‍ തുറന്നിട്ടിരിക്കുന്ന വാതിലിനെക്കുറിച്ച് ചിന്തിക്കാം.രക്ഷ നേടാനും രക്ഷയുടെ വാതിലിലൂടെ കടക്കാനും നിരവധി അവസരങ്ങള്‍ കര്‍ത്താവ് നമുക്ക് നല്കുന്നു. പാഴാക്കാനാവാത്ത അവസരമാണ് ഈ വാതില്‍: യേശുവിനോടു ചോദ്യം ഉന്നയിച്ച വ്യക്തിയെപ്പോലെ രക്ഷയെക്കുറിച്ച് ശുദ്ധസൈദ്ധാന്തിക പ്രഭാഷണത്തില്‍ നാം ഏര്‍പ്പെടുകയല്ല മറിച്ച് രക്ഷപ്രാപിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കാരണം, സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതു പോലെ, ഒരു സമയത്ത് " വീട്ടുടമസ്ഥന്‍ എഴുന്നേറ്റ് വാതില്‍ അടയ്ക്കും" (ലൂക്ക 13 വാക്യം 25). എന്നാല്‍, ദൈവം നല്ലവനും നമ്മെ സ്നേഹിക്കുന്നവനുമാണെങ്കില്‍ ഒരു സമയത്ത് വാതില്‍ അടയ്ക്കുമോ? നമ്മുടെ ജീവിതം ഒരു കമ്പ്യൂട്ടര്‍സംവിധാനസഹായത്തോടുകൂടിയ വിനോദമോ, ടെലവിഷന്‍ കഥാ സംപ്രേഷണ പരമ്പരയോ അല്ല, മറിച്ച് നമ്മുടെ ജീവിതം ഗൗരവമേറിയ ഒന്നാണ്, നിത്യ രക്ഷയെന്ന സുപ്രധാന ലക്ഷ്യം പ്രാപിക്കേണ്ടതുണ്ട്.വിശ്വാസത്തിന്‍റെ വാതിലിലൂടെ കടക്കാന്‍ കര്‍ത്താവ് നമുക്കേകുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് നമ്മെ സഹായിക്കാന്‍ സ്വര്‍ഗ്ഗത്തിന്‍റെ വാതിലായ പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് അപേക്ഷിക്കാം. അങ്ങനെ നമുക്ക് വിശാലമായ പാതയിലേക്ക് കടക്കാന്‍ സാധിക്കട്ടെ. സ്നേഹത്താല്‍ ചരിക്കുന്നവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ രക്ഷയുടെ പാതയാണത്. സ്നേഹം രക്ഷ പ്രദാനം ചെയ്യുന്നു. ഈ സ്നേഹം ഇപ്പോള്‍ത്തന്നെ ഭൂമിയില്‍ സന്നിഹിതമാണ്. അത്, ശാന്തതയിലും ക്ഷമയിലും നീതിയിലും സ്വയം മറന്ന്, മറ്റുള്ളവര്‍ക്കായി, വിശിഷ്യ കൂടുതല്‍ ബലഹീനര്‍ക്കായി ആത്മദാനമായിത്തീരുന്നവരുടെ സൗഭാഗ്യത്തിന്‍റെ സ്രോതസ്സാണ്.ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ ശനിയാഴ്ച (20/08/16) തുര്‍ക്കിയില്‍ ഒരു വിവാഹച്ചടങ്ങില്‍ ഒരു കുട്ടി ചാവേറായി പൊട്ടിത്തറിച്ച് 50 ലേറെപ്പേര്‍ കൊല്ലപ്പെട്ട ദുരന്തം അനുസ്മരിച്ചു.തുര്‍ക്കിയില്‍ ശനിയാഴ്ചയുണ്ടായ രക്തരൂഷിതാക്രമണത്തെക്കുറിച്ചുള്ള ഖേദകരമായ വാര്‍ത്ത തനിക്കു ലഭിച്ചുവെന്ന് വെളിപ്പെടുത്തിയ പാപ്പാ ഈ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും സകലര്‍ക്കും സമാധനമെന്ന അനുഗ്രഹം ലഭിക്കുന്നതിനായി അപേക്ഷിക്കാനും എല്ലാവരെയും ക്ഷണിച്ചു.തദ്ദനന്തരം നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലി.ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ വിവിധ രാജ്യക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്തു. റോമില്‍ നിന്ന് 500 ലേറെ കിലോമിറ്റര്‍ അകലെ ഉത്തരഇറ്റലിയിലുള്ള വെറോണ എന്ന സ്ഥലത്തു നിന്ന് കാല്‍നടയായി എത്തിയിരുന്ന തീര്‍ത്ഥാടകരുടെ സംഘത്തിന് പാപ്പാ പ്രത്യേകം അഭിവാദ്യമര്‍പ്പിച്ചു. തദ്ദനന്തരം എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന തന്‍റെ പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അറിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.Source: Vatican Radio