News >> സീറോ മലബാർ സഭാ സിനഡിനു തുടക്കം
കൊച്ചി: സീറോ മലബാർ സഭയുടെ ഇരുപത്തിനാലാമതു സിനഡ് സഭയുടെ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നലെ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ 50 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. മേജർ ആർച്ച്ബിഷപ് ദീപം തെളിയിച്ചു സിനഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ പ്രാരംഭധ്യാനം നയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ശൈലി സഭാമക്കൾക്കു നവമായ ചൈതന്യം പകരുന്നതാണെന്നും നേതൃത്വശൈലികളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സഭയിലെ മെത്രാന്മാരും വൈദികരും നേതൃത്വശുശ്രൂഷാരംഗങ്ങളിലുള്ളവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ദിവംഗതനായ ബിഷപ് മാർ ജയിംസ് പഴയാറ്റിലിനെ സിനഡ് അനുസ്മരിച്ചു. ധന്യമായ ജീവിതം നയിച്ച സഭാനേതാവായിരുന്നു അദ്ദേഹമെന്നും സിനഡ് വിലയിരുത്തി. ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട മദർ തെരേസ വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്നത് അതീവസന്തോഷകരമാണ്. കാരുണ്യവർഷത്തിൽ സഭയ്ക്കു ലഭിക്കുന്ന വലിയ സമ്മാനവും മാതൃകയുമാണു മദർ തെരേസ.
സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ സിനഡ് ചർച്ച ചെയ്യും. 25 മുതൽ 28 വരെ കൊടകരയിൽ നടക്കുന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സിനഡിലെ മെത്രാന്മാർ സമ്മേളിക്കും. ദൈവജനത്തെ ശ്രവിക്കാനുള്ള നിർണായകമായ അവസരമാണ് അസംബ്ലിയെന്നു സിനഡ് നിരീക്ഷിച്ചു. ആദ്യമായി സിനഡിലെത്തുന്ന പ്രസ്റ്റൺ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരെ മേജർ ആർച്ച്ബിഷപ് സ്വാഗതം ചെയ്തു. സിനഡ് സെപ്റ്റംബർ രണ്ടിനു സമാപിക്കും.
Source: Deepika