News >> സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി

കൊടകര: വ്യാഴാഴ്ച വൈകുന്നേരം കൊടകരയിൽ ആരംഭിക്കുന്ന സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തുന്നത് സീറോ മലബാർ സഭയുടെ ലോകമെങ്ങുമുള്ള അമ്പതു ലക്ഷത്തോളം വിശ്വാസികളുടെ പ്രതിനിധികളും സഭയുടെ 32 രൂപതകളിൽനിന്നുള്ള സഭാധ്യക്ഷന്മാരും. ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിലാണു ജനറൽ അസംബ്ലിക്കുള്ള വേദിയൊരുങ്ങുന്നത്. ജനറൽ അസംബ്ലിക്ക് ഇതാദ്യമായാണ് സഭാ ആസ്‌ഥാന കാര്യാലയമായ എറണാകുളം കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊരുങ്ങുന്നത്. 

സീറോ മലബാർ സഭയിൽ 59 മെത്രാന്മാരുണ്ട്. മെത്രാപ്പോലീത്തമാരും മെത്രാന്മാരും സഹായമെത്രാന്മാരും അടക്കം 50 മെത്രാന്മാർ അസംബ്ലിയിൽ പങ്കെടുക്കും. വിരമിച്ച മെത്രാന്മാരിൽ ചിലരും എത്തും. എന്നാൽ, ശാരീരിക അസ്വസ്‌ഥതകളുള്ളതിനാൽ വിശ്രമം അനിവാര്യമായ വിരമിച്ച മെത്രാന്മാർ പങ്കെടുക്കില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വിവിധ സീറോ മലബാർ രൂപതകളെയും സമർപ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനികളും 220 അല്മായരും ഉൾപ്പടെ 515 പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുക. 

സീറോ മലബാർ സഭയ്ക്ക് ഇപ്പോൾ 32 രൂപതകളുണ്ട്. ഈയിടെ ബ്രിട്ടനിലെ പ്രസ്റ്റൺ ആസ്‌ഥാനമായുള്ള രൂപതയാണ് ഏറ്റവും ഒടുവിൽ സ്‌ഥാപിതമായത്. പുതിയ രണ്ടു മെത്രാന്മാർ നിയുക്‌തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. കാനഡയിൽ മിസിസാഗ ആസ്‌ഥാനമായി സഭയ്ക്ക് എക്സാർക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലൻഡിലും യൂറോപ്പിലും ഇപ്പോൾ സഭയ്ക്ക് അപ്പസ്തോലിക് വിസിറ്റേറ്റർമാരുമുണ്ട്. 

ഇന്ത്യയിൽ 29 രൂപതകളാണു സഭയ്ക്കുള്ളത്. ഷിക്കാഗോ, മെൽബൺ, പ്രസ്റ്റൺ എന്നിവയാണ് ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാർ രൂപതകൾ. വിദേശത്ത് ആറു മെത്രാന്മാർ ശുശ്രൂഷ ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ സീറോ മലബാർ രൂപതാതിർത്തികൾക്കു പുറത്തുള്ള മേഖലകളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ തൃശൂർ സഹായ മെത്രാൻ മാർ റാഫേൽ തട്ടിലാണ്. മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂരിനു ന്യൂസിലൻഡിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ ചുമതലയുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഈയിടെ നിയമിതനായ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ഇറ്റലി, അയർലൻഡ്, ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ ചുമതലയാണുള്ളത്. 

അദിലാബാദ്, ബൽത്തങ്ങാടി, ഭദ്രാവതി, ബിജ്നോർ, ഛാന്ദ, ചങ്ങനാശേരി, എറണാകുളം- അങ്കമാലി, ഫരീദാബാദ്, ഗോരഖ്പുർ, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദൽപുർ, കല്യാൺ, കാഞ്ഞിരപ്പള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാലാ, പാലക്കാട്, രാജ്കോട്ട്, രാമനാഥപുരം, സാഗർ, സത്ന, തലശേരി, താമരശേരി, തക്കല, തൃശൂർ, ഉജ്‌ജയിൻ എന്നിവയാണ് ഇന്ത്യയിലെ സീറോ മലബാർ രൂപതകൾ. 

പുതുതായി രൂപീകൃതമായ പ്രസ്റ്റൺ ഒഴികെയുള്ള രൂപതകളിലായി 49.21 ലക്ഷം വിശ്വാസികളാണു ഔദ്യോഗിക കണക്കനുസരിച്ചു സഭയ്ക്കുള്ളത്. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം വിശ്വാസികൾ. 5,85,000 പേർ. സഭയുടെ 32 രൂപതകൾക്കു കീഴിലായി 2,875 ഇടവകകളുണ്ട്. 4,065 രൂപതാ വൈദികരും 3,540 സന്യാസസമൂഹങ്ങളിലെ വൈദികരും അടക്കം 7,605 വൈദികരും 36,000 സന്യാസിനികളും സീറോ മലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നു. 

സഭയിലെ 5,048 വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും 3,141 സന്നദ്ധ സ്‌ഥാപനങ്ങളുടെയും സേവനം ജാതിമതഭേദമന്യേയുള്ള ജനങ്ങൾക്കു ലഭിക്കുന്നുണ്ട്. ഗൾഫിലും മറ്റു രാജ്യങ്ങളിലും സഭയുടെ അജപാലനശുശ്രൂഷയ്ക്കു സംവിധാ നങ്ങളുണ്ട്.


Source: Deepika