News >> മദർ തെരേസാ നാമകരണം ; ആഘോഷങ്ങൾ പാവങ്ങൾക്കൊപ്പം
കൊൽക്കത്ത: വത്തിക്കാനിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിന് മിഷനറീസ് ഓഫ് ചാരിറ്റീസ് പാവപ്പെട്ടവരോടൊപ്പം അതാഘോഷിക്കുമെന്ന് മിഷനറീസ് ഓഫ് ചാരിറ്റീസ് അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസ അറിയിച്ചു.
മദർ സ്ഥാപിച്ച മിഷൻ പാവങ്ങൾക്കുവേണ്ടി പുനർസമർപ്പണം നടത്തും. അവർക്കുവേണ്ടി പ്രത്യേക സദ്യ ഉണ്ടായിരിക്കും. മിഷനറീസ് ഓഫ് ചാരിറ്റീസ് സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 കന്യാസ്ത്രീകൾ വത്തിക്കാനിൽ നാമകരണ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയിൽനിന്ന് 45 ബിഷപ്പുമാർ പ്രസ്തുത നാമകരണ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
മദർ തെരേസയുടെ കർമഭൂമിയായിരുന്ന കൊൽക്കത്തയിൽ നാമകരണ ചടങ്ങുകളോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ബലിക്കുപുറമെ, മദറിന്റെ പ്രതിമാസ്ഥാപനം, കലാപ്രദർശനം, ചലചിത്രമേള, ലൊറെറ്റാ കോൺവെന്റിൽനിന്ന് മദർ ഹൗസിലേക്കുള്ള പ്രദക്ഷിണം എന്നിവയും അന്നേദിവസം ഉണ്ടായിരിക്കും.
Source: Sunday Shalom