News >> കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദം:സാമുവേൽ മാർ ഐറേനിയോസ്
കൊച്ചി: കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദമാണെന്നും അത് സഭയ്ക്ക് ചെയ്ത നന്മകൾ നിരവധിയാണെന്നും കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ വൈസ് ചെയർമാൻ സാമുവൽ മാർ ഐറീനിയോസ് പറഞ്ഞു. 1967-ൽ സഭയിലാരംഭിച്ച കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ കേരളത്തിലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കം ആദ്യത്തെ ധ്യാനകേന്ദ്രങ്ങളിലൊന്നായ ഭരണങ്ങാനം അസ്സീസ്സി റിന്യൂവൽ സെന്ററിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ്റ്റൺ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിച്ചു. കരിസ്മാറ്റിക് നവീകരണം സഭയുടെ ശ്ലൈഹിക കൂട്ടായ്മയിലേക്ക് ഉൾച്ചേരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജൂബിലി പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഓർമ്മിപ്പിച്ചു. വിജയപുരം രൂപതയുടെ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ ജൂബിലി ലോഗോയുടെ പ്രകാശന കർമ്മം നിർവ്വിഹിച്ചു.
കേരളത്തിലെ 24 സോണുകളിൽ നിന്നും വിവിധ ധ്യാനകേന്ദ്രങ്ങളിൽ നിന്നുമായി രൂപത ഡയറക്ടർമാർ, കെ.എസ്.ടി.യുടെ മുൻ ചെയർമാന്മാർ, വൈദികർ, സന്യസ്തർ, അല്മായരുൾപ്പെടെ 500 ഓളം പ്രതിനിധികൾ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. വിദേശത്ത് മലയാളികൾക്കിടയിലെ കരിസ്മാറ്റിക് പ്രവർത്തനങ്ങളുടെ പ്രതിനിധികളായി യു.എ.ഈ., യു.കെ., സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ക്രിസ്തുവിനോടൊത്ത് ആത്മനിറവോടെ സഭയുടെ ഹൃദയത്തിൽ എന്നതാണ് ജൂബിലിയിലെ പ്രമേയം. സമ്മേളനത്തിന് കെ.സി.സി.ആർ.എസ്.ടി. ചെയർമാൻ ഫാ.വർഗ്ഗീസ് മുണ്ടയ്ക്കൽ ഛഎങ ഇമു സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഷാജി വൈക്കത്തുപറമ്പിൽ, സെക്രട്ടറി സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.
Source: Sunday Shalom