News >> സംസ്ഥാന സർക്കാർ നിലപാട് ന്യൂനപക്ഷസമൂഹങ്ങളോടുള്ള യുദ്ധപ്രഖ്യാപനം കെ.സി.ബി. സി. വിദ്യാഭ്യാസകമ്മീഷൻ


p>സംസ്ഥാനത്തെ സ്വാശ്രയമെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹവും സ്വകാര്യ മാനേജുമെന്റുകളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി.

2006-ലെ വി.എസ്. അച്യുതാന്ദൻ സർക്കാരും അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. എം.എ.ബേബിയും സ്വാശ്രയമാനേജുമെന്റുകളോട് സ്വീകരിച്ച നയങ്ങളുടെ തനിയാവർത്തനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അന്നത്തെ എൽ.ഡി.എഫ്. സർക്കാർ നിലപാട് നീണ്ടു നിന്ന ജനകീയസമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കും കാരണമായതും സർക്കാർ നിലപാടുകൾ പാടേ തകർന്നടിഞ്ഞതും ആരും വിസ്മരിക്കരുത്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മാനേജുമെന്റുകളും സർക്കാരും തമ്മിലുള്ള ബന്ധത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

ന്യൂനപക്ഷസമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയമാനേജുമെന്റുകളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷവിദ്യാഭ്യാസ അവകാശങ്ങൾക്ക് എതിരാണ് ഈ സർക്കാരെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷസമൂഹങ്ങളുടെ സംരക്ഷകരാണ് തങ്ങൾ എന്ന് അവർ അവകാശപ്പെടുകയും അതേസമയം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കുന്നത്, ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം കൂടുകയും ചെയ്യുന്നതിന് തുല്യമാണ്.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാരും ക്രിസ്ത്യൻ മാനേജുമെന്റുകളും തമ്മിൽ മൂന്നു വർഷത്തെ കാലാവധിയുള്ള കരാർ നിലവിലുണ്ട്. ഈ കരാരിൽ നിന്നും സംസഥാനസർക്കാർ ഏകപക്ഷീയമായി പിൻമാറുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണം. മുന്നണികൾ മാറി മാറി അധികാരത്തിൽ വരുമ്പോൾ സർക്കാരുകളുമായുള്ള കരാറുകൾ റദ്ദാക്കപ്പെടുന്നതിലൂടെ സംസഥാനസർക്കാർ തങ്ങളുടെ വിശ്വാസ്യതപോലും ഇല്ലാതാക്കി. ഈ സാഹചര്യത്തിൽ സർക്കാരുമായി ചർച്ചകളിലും കരാറുകളിലും ഏർപ്പെടുന്നതുപോലും പുനരാലോചനക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷവിദ്യാഭ്യാസഅവകാശങ്ങളുടെ കാര്യത്തിൽ സർക്കാർ നിലപാട് ഇടതുപക്ഷമുന്നണിയുടെ നയമാണോ എന്ന ഘടകകക്ഷികൾ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷൻ ആവശ്യപ്പെട്ടു.

Source: Sunday Shalom