News >> സർക്കാർ നടപടി മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി രൂക്ഷമാക്കും: കെസിബിസി ജാഗ്രതാസമിതി
കൊച്ചി: സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ സീറ്റുകളും പിടിച്ചെടുത്തുകൊണ്ടുള്ള സർക്കാർനടപടി മെഡിക്കൽ-ദന്തൽ വിദ്യാഭ്യാസരംഗത്ത് രൂപംകൊണ്ടിട്ടുള്ള പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കെസിബിസി ജാഗ്രതാസമിതി വിലയിരുത്തി. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അപ്രസക്തമാക്കിക്കൊണ്ടും, സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേൽ അന്യായമായ അവകാശവാദങ്ങളുന്നയിച്ചുകൊണ്ടും സർക്കാർ നടത്തിയിരിക്കുന്ന നീക്കം, ഇടതുസർക്കാരിനു കീഴിൽ വിദ്യാഭ്യാസപ്രവർത്തനം സുഗമമായിരിക്കുകയില്ല എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കുക എന്നത് സർക്കാരിന്റെ മാത്രമല്ല, സ്ഥാപനങ്ങളുടെ സൽപ്പേരിലും ഭാവിയിലും ശ്രദ്ധയുള്ള മാനേജുമെന്റുകളുടെയും താത്പര്യമാണ്. എല്ലാ സീറ്റുകളിലും അർഹരായവർക്കുമാത്രം പ്രവേശനം ലഭിക്കുന്നു എന്നുറപ്പുവരുത്താൻ സർക്കാരിനു കടമയുണ്ട്. ഇതിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കുന്നതിനും അവ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും പകരം, വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കാനുള്ള മാനേജുമെന്റുകളുടെ അവകാശം കവർന്നെടുക്കുന്നത് തെറ്റായ നടപടിയാണ്. 50% സർക്കാർ സീറ്റുകളിൽ കേരള എൻട്രൻസ് കമ്മീഷണറുടെ ലിസ്റ്റിൽ നിന്നും, എൻആർഐ ഉൾപ്പെടെ 50% മാനേജുമെന്റു സീറ്റുകളിലേക്ക് കേന്ദ്ര ഏജൻസിയുടെ നീറ്റ് ലിസ്റ്റിൽനിന്നും അഡ്മിഷൻ നല്കുന്നതിനും, ഫീസ് സംബന്ധിച്ചു സർക്കാർ വച്ച നിർദേശങ്ങൾ പാലിച്ചുകൊണ്ടും പ്രവേശനം നടത്തുന്നതിനും മുൻവർഷങ്ങളിലേതുപോലെ സർക്കാരുമായി ധാരണയുണ്ടാക്കിയ ക്രിസ്ത്യൻ മാനേജുമെന്റുകളുടെ കീഴിലുള്ള കോളേജുകളിലേയും മുഴുവൻ സീറ്റുകളും പിടിച്ചെടുത്തതിനു പിന്നിൽ എന്തു ലക്ഷ്യമാണുള്ളതെന്ന് വ്യക്തമല്ല.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വവും സംഘർഷാവസ്ഥയും സൃഷ്ടിച്ച് വിദ്യാർത്ഥികളെ അയൽസംസ്ഥാനങ്ങളിലെ കോളേജുകളിലേക്കെത്തിക്കുന്ന പതിവുരീതി പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന ചിന്തയെ ബലപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ജാഗ്രത പുലർത്തണം. മുൻ ഇടതുപക്ഷ സർക്കാരുകളുടെ കാലത്തും സംസ്ഥാനസർക്കാരിനുമേൽ അന്യസംസ്ഥാന വിദ്യാഭ്യാസലോബി പിടിമുറുക്കുന്നു എന്ന ആരോപണം ശക്തമായിരുന്നു. പ്രതിസന്ധികൾ പരിഹരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനവും വിദ്യാർത്ഥികളുടെ സുരക്ഷിത ഭാവിയും ഉറപ്പുവരുത്താൻ സർക്കാർ സത്വരനടപടി സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രതാസമിതിയുടെ പിഒസിയിൽ ചേർന്ന പ്രത്യേക യോഗം സർക്കാരിനോടഭ്യർത്ഥിച്ചു.
Source: Sunday Shalom