News >> ഇറ്റലിയില്‍ ഭൂകമ്പം: പാപ്പായുടെ അനുശോചനവും സാന്ത്വനവും


Source: Vatican Radio

ഇറ്റലിയില്‍ ഭൂകമ്പദുരന്തത്തിനിരകളായവര്‍ക്കായി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ബുധനാഴ്ച (24/08/16) യുണ്ടായ ഭൂമികുലുക്കദുരന്തത്തില്‍ വേദനിക്കുന്നവരുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് പാപ്പാ അന്നത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ പതിവ് പ്രഭാഷണം മാറ്റിവച്ചാണ് പൊതുദര്‍ശനത്തിനെത്തിയിരുന്ന വിവിധരാജ്യക്കാരുമൊത്ത് പ്രാര്‍ത്ഥന ചൊല്ലിയത്.

പ്രാര്‍ത്ഥനയ്ക്കു മുമ്പ് പാപ്പാ ഇപ്രകാരം പറഞ്ഞു:

ബുധനാഴ്ചകളിലെ പതിവനുസരിച്ച് ഞാന്‍ കാരുണ്യവത്സരത്തിലെ ഈ ബുധനാഴ്ചയിലേക്കായും ഒരു പ്രഭാഷണം തയ്യാറാക്കി. യേശുവിന്‍റെ സാമീപ്യം ആയിരുന്നു പ്രമേയം. എന്നാല്‍ മദ്ധ്യ ഇറ്റലിയെ ആഘാതമേല്‍പ്പിക്കുകയും ഒരു പ്രദേശം മുഴുവനെയും നിലംപരിചാക്കുകയും മരണം വിതയ്ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത ഭൂമികുലുക്കദുരന്തത്തില്‍ എനിക്കുള്ള അത്യധികമായ വേദനയും ഭൂകമ്പബാധിത പ്രദേശങ്ങളിലെ ജനങ്ങളോടും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരോടും ഈ ദുരന്തത്തിന്‍റെ ഭീതിയില്‍ കഴിയുന്നവരോടുമുള്ള എന്‍റെ  സാമീപ്യവും പ്രകടിപ്പിക്കാതിരിക്കാന്‍ എനിക്കാവില്ല. നഗരം ഇനി അവശേഷിക്കുന്നില്ല എന്ന അമത്രീച്ചെയിലെ നഗരാധിപന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതും മരിച്ചവര്‍ക്കിടയില്‍ കുട്ടികളുമുണ്ടെന്നറിയുന്നതും എന്നെ ഏറെ വേദനിപ്പിക്കുന്നു. ആകയാല്‍ അക്കൂമുളി, അമത്ത്രീച്ചെ എന്നിവിടങ്ങളിലും മറ്റിടങ്ങളിലും, റിയേത്തി, ആസ്കൊളി പിച്ചേനൊ രൂപതകളിലും, ലാത്സിയൊ ഉംമ്പ്രിയ മാര്‍ക്കെ എന്നിവിടങ്ങളിലെല്ലായിടത്തുമുള്ള സകലര്‍ക്കും ഞാന്‍ എന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്കുന്നു. ഈ വേളയില്‍ തന്‍റെ   മാതൃസന്നിഭ സ്നേഹത്തോടെ നിങ്ങളെ ചേര്‍ത്തുപിടിക്കാന്‍ അഭിലഷിക്കുന്ന  സഭയുടെ തലോടലും ആലിംഗനവും നിങ്ങള്‍ക്കുണ്ട് എന്നു നിങ്ങളോടു പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചത്വരത്തില്‍ നിന്ന് ഞങ്ങളുടെ ആശ്ലേഷവും നിങ്ങള്‍ക്കുണ്ട്.

ഭുകമ്പദുരന്തത്തിനിരകളായ ജനങ്ങളെ സഹായിക്കുന്ന സന്നദ്ധസേവകര്‍ക്കും പൗരസുരക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം, മാനവവേദനയ്ക്കു മുന്നില്‍ എന്നും മനസ്സലിഞ്ഞിട്ടുള്ള കര്‍ത്താവായ യേശു വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനം പകരുന്നതിനും പരിശുദ്ധകന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ സമാധാനമേകുന്നതിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ എന്നോടൊന്നുചേരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു. യേശവിനോടൊപ്പം നമുക്കും മനസ്സലിവുള്ളവരാകാം.

അതുകൊണ്ട് ഈ ബുധനാഴ്ചത്തെ പ്രബോധനം അടുത്തയാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയാണ്. നമ്മു‌ടെ ഈ സഹോദരീസഹോദരന്മാര്‍ക്കായി  പരിശുദ്ധ ജപമാലയുടെ ഒരു ഭാഗം എന്നോടൊപ്പം ചൊല്ലാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്.

തുടര്‍ന്ന് പാപ്പാ ജപമാലയിലെ സന്താപരഹസ്യങ്ങള്‍ ചൊല്ലി.

റോമില്‍ നിന്ന് 75 ലേറെ കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്ന റിയേത്തി പ്രവിശ്യയിലെ അക്കൂമുളി പ്രഭവകേന്ദ്രമായി ബുധനാഴ്ച (24/08/16) പുലര്‍ച്ചെ 3.30 നു ശേഷം, ഇന്ത്യയില്‍ അപ്പോള്‍ രാവിലെ 7 മണി കഴിഞ്ഞിരുന്നു, ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ അമത്ത്രീച്ചെ എന്ന കൊച്ചു പട്ടണം പകുതിയിലേറെയും തകര്‍ന്നു. ഭൂകമ്പമാപനയില്‍, റിക്ടെര്‍ സ്കെയിലില്‍, 6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂമികുലുക്കത്തെത്തുടര്‍ന്ന് വലുതും ചെറുതുമായി 100 ഓളം കുലുക്കങ്ങള്‍ ഉണ്ടായി. ഇറ്റലിയുടെ മദ്ധ്യഭാഗത്ത് എന്നു പറയാവുന്ന ഈ ഭൂകമ്പം ലാത്സിയൊ മാര്‍ക്കെ   ഉംബ്രിയ അബ്രൂത്സൊ പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ട്. റോമില്‍ നിന്ന് 200 ഓളം കിലോമീറ്റര്‍ അകലെയുള്ള നാപ്പോളിയില്‍ വരെ ആദ്യ കുലുക്കത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ഈ ഭൂകമ്പം അനേകരുടെ ജീവനപഹരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. എത്രപേര്‍ മരണമടഞ്ഞു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ല.