News >> സഭാനിയമങ്ങൾക്കും വേണം കാരുണ്യ സ്പർശനം :കർദ്ദിനാൾ ജോർജ് ആലഞ്ചേരി

Source: Sunday Shalom


സഭയുടെ കാനോൻ നിയമം തത്വത്തിലും പ്രയോഗത്തിലും കൂടുതൽ മാനുഷികത ഉൾകൊള്ളുന്നതാകണമെന്നും അല്ലാത്തപക്ഷം മാറിയ ലോകത്തിൽ സഭ കൂടുതൽ അന്യവത്കരിക്കപ്പെടുമെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചരി അഭിപ്രായപ്പെട്ടു. മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബൂണൽ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേൽ രചിച്ച അജപാലനവും കാനോൻ നിയമ നിർവ്വഹണവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ. മനുഷ്യൻ നിയമത്തിന് എന്നതിനേക്കാൾ നിയമം മനുഷ്യന് എന്ന ക്രിസ്തുവിന്റെ കാഴ്ചപ്പാട് വീണ്ടെടുക്കേണ്ട സമയമായെന്ന് കർദ്ദിനാൾ ഓർമ്മപ്പെടുത്തി. നിയമം ആരെയും അകറ്റി നിറുത്താനും തള്ളിക്കളയാനും വേണ്ടിയാകരുത്; മറിച്ച് മനുഷ്യത്വപരമായ വ്യാഖ്യാനത്തിലൂടെ മുറിവുകൾ ഉണക്കുവാനും വീണ്ടെടുക്കുവാനും വേണ്ടിയുള്ളതാകണം.

ലളിതമായ വ്യാഖ്യാനങ്ങളിലൂടെ സഭാനിയമം സാധാരണകാർക്ക് സുഗ്രഹമാക്കാനുള്ള വലിയൊരു പരിശ്രമമാണ് ഈ ഗ്രന്ഥരചനയിലൂടെ ഫാ. ജോസ് ചിറമേൽ നിർവ്വഹിച്ചിരിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു. ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഗ്രന്ഥത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.