News >> കണ്ഡമാല്‍ രക്തസാക്ഷിദിനം ആഗസ്റ്റ് മുപ്പത്
Source: Vatican Radio
ഒഡീഷയിലെ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ബാര്‍വ്വയാണ് ആഗസ്റ്റ് 30 കണ്ഡമാല്‍ രക്തസാക്ഷി ദിനമായി ആചരിക്കണമെന്ന് ഭാരതത്തിലെ ക്രൈസ്തവരോട് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചത്. ആഗസ്റ്റ് 16-ാം തിയതിയാണ് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വ രക്തസാക്ഷി ദിനാചരണത്തെക്കുറിച്ച് പ്രസ്താവന പുറത്തുവിട്ടത്.
2007-8 കാലയളവിലാണ് 100-ല്‍ അധികം ക്രൈസ്തവര്‍ ഒഡിഷയിലെ കണ്ഡമാല്‍ ഗ്രാമത്തില്‍ കൊല്ലപ്പെടുകയും ആയരിങ്ങള്‍ ഭവന രഹിതരാക്കപ്പെടുകയും ചെയ്തെന്ന് ആര്‍ച്ചുബിഷപ്പ് ബര്‍വാ അനുസ്മരിച്ചു. ഭാരതം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ക്രൂരവും മൃഗീയവുമായ കൂട്ടക്കൊലയും അതിക്രമങ്ങളുമാണ് കണ്ഡമാലില്‍ മതമൗലികവാദികള്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരെ അഴിച്ചുവിട്ടത്. ഇനിയും നീതി നടപ്പാക്കപ്പെടാതിരിക്കുന്ന അവഗണനയുടെയും വിവേചനത്തിന്‍റെയും കഥയാണ് കണ്ഡമാലെന്ന് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കണ്ഡമാല്‍ രക്തസാക്ഷികളുടെ അനുസ്മരണം ദേശീയ തലത്തില്‍ വ്യാപകമാക്കിക്കൊണ്ടും, പങ്കാളിത്തം വര്‍ദ്ധിപ്പിച്ചുകൊണ്ടും അവബോധം നാടൊക്കെയും വളര്‍ത്തിക്കൊണ്ടും, മതേതര രാഷ്ട്രമായ ഭാരതത്തില്‍ നീതി നടപ്പാക്കുവാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുവാനുമുള്ള നീക്കമാണിതെന്ന് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വ് പ്രസ്താവനയില്‍ സമര്‍ത്ഥിച്ചു.
പാര്‍പ്പിടവും വസ്തുവകകളും സാധനസാമഗ്രികളുമെല്ലാം കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും, സ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള കണ്ഡമാല്‍ കേസില്‍ ക്രൈസ്തവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ഇനിയും മുതിര്‍ന്നിട്ടില്ലെന്ന വസ്തുത പ്രസ്താവന വെളിപ്പെടുത്തി.
കണ്ഡമാലില്‍ കൊല്ലപ്പെട്ട ക്രൈസ്തവ കൂട്ടായ്മയെ രക്തസാക്ഷികളായി പ്രഖ്യാപിക്കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കട്ടുക്ക്-ഭവനേശ്വര്‍ അതിരൂപത മുന്‍മെത്രാപ്പോലീത്ത പരേതനായ റാഫേല്‍ ചീനാത്തിന്‍റെ നേതൃത്വത്തില്‍ തടുങ്ങിവച്ചിട്ടുള്ളതാണത് കണ്ഡമാല്‍ രക്തസാക്ഷികളുടെ നാമകരണനടപടി ക്രമങ്ങള്‍. രക്തസാക്ഷിദിനാചരണം രക്തസാക്ഷികളുടെ വിശുദ്ധപദ പ്രഖ്യാപനത്തെ തുണയ്ക്കുമെന്നും പ്രത്യാശിക്കുന്നതായി ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.