News >> യുവജന സംഗമത്തിന്‍റെ സംഘാടകര്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ കൃതജ്ഞത


Source: Vatican Radio

പോളണ്ടിലെ ക്രാക്കോ നഗരം കേന്ദ്രീകരിച്ചു നടന്ന ലോക യുവജനോത്സവവും അപ്പസ്തോലിക സന്ദര്‍ശനവും ജൂലൈ 31-ന് സമാപിച്ചു. ആഗസ്റ്റ് 3-ാം തിയതി തന്നെ സംഘാടകര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് പാപ്പാ കത്തയച്ചിരുന്നു. കത്തുകളുടെ പ്രതികള്‍ പോളണ്ടിലെ സഭയാണ് ആഗസ്റ്റ് 24-ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയത്. പോളണ്ടിലെ ദേശീയമെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, പോസ്നാന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലാവ് ഗന്തോസ്കി, ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലാവ് ജീവിഷ് എന്നിവര്‍ക്കാണ് പാപ്പാ നന്ദിയര്‍പ്പിച്ചുകൊണ്ട് കത്തയച്ചത്.

  1. പോളണ്ടിലെ ജനങ്ങള്‍ക്ക് നന്ദി!
പോളണ്ടിലെ ജനങ്ങളുടെ ആഴമായ വിശ്വാസം സന്ദര്‍ശനവേളയില്‍ തന്നെ ഏറെ സ്പര്‍ശിച്ചു. ചരിത്രത്തിലുണ്ടായ പ്രതിസന്ധികളിലും ദുരന്തങ്ങളിലും മുന്നേറാന്‍ പോളണ്ടിനെ സഹായിച്ചത് അവിടത്തെ ജനങ്ങളുടെ പതറാത്ത പ്രത്യാശയാണെന്ന് മനസ്സിലാക്കുന്നതായി പാപ്പാ കത്തില്‍ പ്രസ്താവിച്ചു. ചെസ്റ്റോക്കൊവയിലെ കന്യകാനാഥയുടെ തിരുസന്നിധിയില്‍ നടന്ന പോളണ്ടിന്‍റെ സുവിശേഷവത്ക്കരണത്തിന്‍റെ 1050-ാം വാര്‍ഷീകാഘോഷവും, ഓഷ്വിറ്റ്സിലെ നാസി കൂട്ടക്കുരുതിയുടെ ശവപ്പറമ്പിലെ പ്രാര്‍ത്ഥനാനിമിഷങ്ങളും സന്ദര്‍ശനത്തിന്‍റെ ഹൃദയസ്പര്‍ശിയായ സംഭവങ്ങളായി ദേശീയ മെത്രാന്‍ സമിതിക്കെഴുതിയ കത്തില്‍ പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

  1. നന്ദി! ക്രാക്കോനഗരത്തിനും
31-ാം ലോകം യുവജന സംഗമത്തിന് വേദിയായ ക്രാക്കോ അതിരൂപതയ്ക്കും നഗരത്തിനും പാപ്പാ രണ്ടാമത്തെ കത്തിലൂടെ നന്ദിയര്‍പ്പിച്ചു. ക്രാക്കോ നഗരവാസികളിലൂടെയും, വിശിഷ്യാ യുവജനങ്ങളിലൂടെയും തനിക്കു ലഭിച്ച കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും അനുഭവം വലുതായിരുന്നു. അവിടത്തെ പൗരപ്രമുഖരും വൈദികരും സന്ന്യസ്തരും അല്‍മായ പ്രതിനിധികളും സന്നദ്ധസേവകരും ചേര്‍ന്ന് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ യുവജനക്കൂട്ടായ്മയെ സ്വീകരിക്കുവാനും അവരുടെ പരിപാടികള്‍ സുഗമായി നടത്തുവാനും നല്കിയ സഹകരണത്തിനും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണത്തിനും പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു.

ക്രാക്കോ അതിരൂപതയുടെ അദ്ധ്യക്ഷനായി സേവനംചെയ്തിട്ടുള്ള വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാത്സല്യപൂര്‍ണ്ണവും നിത്യവുമായ പുണ്യസ്മരണ യുവജനങ്ങളുടെ ക്രാക്കോയിലെ പ്രാര്‍ത്ഥനാനിര്‍ഭരമായ വിശ്വാസദിനങ്ങളെയും ആത്മീയ സംഗമത്തെ മൊത്തമായും ബലപ്പെടുത്തുകയും നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാപ്പാ കത്തില്‍ നന്ദിയോടെ പ്രസ്താവിച്ചു.

ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളായി എന്നും ജീവിക്കാന്‍വേണ്ട കൃപാവരവും കരുത്തും പോളണ്ടിനും സഭയ്ക്കും കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തില്‍ ഏപ്പോഴും ലഭിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ കത്തുകള്‍ അവസാനിപ്പിച്ചത്. നന്ദിയുടെ വികാരത്തോടെ കത്തുകള്‍ ഉപസംഹരിച്ചശേഷം, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ എന്ന അടിക്കുറിപ്പും കത്തില്‍ ചേര്‍ത്തിരുന്നു.