News >> സൂനഹദോസ് തുടങ്ങി: പാത്രിയാര്‍ക്കീസിന്റെ അഭിഷേകം 27ന്
എര്‍ബല്‍: ആഗോള പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരിശുദ്ധ സുനഹദോസ് ഇറാക്കിലെ കുര്‍ദിസ്ഥാന്‍ തലസ്ഥാനമായ എര്‍ബലില്‍ തുടങ്ങി. പുതിയ പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയായി ധ്യാനവും പ്രാര്‍ഥനാശുശ്രൂഷകളും ബുധനാഴ്ച നടന്നു.
പാത്രിയര്‍ക്കീസിന്റെ ചുമതല വഹിക്കുന്ന ഇന്ത്യന്‍ സഭാമേലധ്യക്ഷന്‍ ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. അമേരിക്കയിലെ എപ്പിസ്കോപ്പയും സിനഡ് സെക്രട്ടറിയുമായ മാര്‍ ആവേ റൂവേല്‍ സുനഹദോസിന്റെ നടപടി ക്രമീകരിച്ചു. സിനഡിന്റെ മിനിറ്റ്സ് റെക്കോഡിംഗ് സെക്രട്ടറിയും കാലിഫോര്‍ണിയയിലെ ആര്‍ച്ച് ഡീക്കനുമായ റവ.വില്യം തോമ സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തി.
ഇന്ന് ഇറാഖ് സമയം രാവിലെ എട്ടരയ്ക്ക് (ഇന്ത്യന്‍ സമയം കാലത്ത് 11 മണി) എര്‍ബലിലെ മാര്‍ യോഹന്നാന്‍ മാംദാന കത്തീഡ്രലില്‍ ഇറാനില്‍നിന്നുള്ള മാര്‍ നര്‍സൈ ബെഞ്ചിന്‍ എപ്പിസ്കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. ഇതോടെ പരിശുദ്ധ സൂനഹദോസിന്റെ രണ്ടാംദിവസത്തിന് ആരംഭമാകും.
40 വയസ് പൂര്‍ത്തിയായ എപ്പിസ്കോപ്പമാര്‍ക്കും മെത്രാപ്പോലീത്തമാര്‍ക്കും മാത്രമേ പാത്രിയാര്‍ക്കിസ് സ്ഥാനാര്‍ഥിയാകുവാന്‍ സാധിക്കൂ.
നിലവില്‍ സ്ഥാനാര്‍ഥി ആകുന്നതിന് ഇറാനില്‍നിന്നുള്ള മാര്‍ നര്‍സൈ എപ്പിസ്കോപ്പക്ക് 40 വയസ് തികയാത്തതിനാല്‍ അദ്ദേഹത്തിനു കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹം സിനഡിന്റെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് അര്‍ഹനായത്.
Source: Deepika