News >> ലോകം മദർ തരംഗത്തിൽ

Source: Sunday Shalom


വത്തിക്കാൻ: സെപ്റ്റംബർ നാലിന് അശരണരുടെ അമ്മ മദർ തെരേസ വിശുദ്ധനിരയിലേക്കുയരുമ്പോൾ ഭാരതത്തിനും ആഗോള കത്തോലിക്ക സഭയ്ക്കും അഭിമാനനിമിഷം. മദർ തെരേസയുടെ ലോകവ്യാപകമായ സുവിശേഷ പ്രഘോഷണത്തിന് തിരുസഭ നൽകുന്ന അംഗീകാരമാണിത്.

ലോകമെങ്ങും മദറിന്റെ വിശുദ്ധ പദവിയോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചു കഴിഞ്ഞു. മദർ തെരേസയുടെ സന്യാസിനികൾ ഉള്ള എല്ലാ രാജ്യങ്ങളിലും കോൺവെന്റ് ചാപ്പലുകളിൽ അനേകം പേർ പ്രാർത്ഥനക്കായി ഇപ്പോൾ എത്തുന്നുണ്ട്. മദറിന്റെ സ്വന്തം രാജ്യങ്ങളായ അൽബേനിയ, കൊസോവോ രാജ്യങ്ങളിലെ ദൈവാലയങ്ങളിലും പ്രത്യേക പ്രാർഥനയും ചടങ്ങുകളും നടക്കുന്നു.
മദറിനെ വിശുദ്ധയായി വത്തിക്കാനിൽ പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിനു മുമ്പും ശേഷവുമായിരിക്കും ചടങ്ങുകൾ. ആഘോഷങ്ങൾക്ക് അൽബേനിയൻ, കൊസോവോ സഭകൾ സംയുക്ത കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതായി ടിറാന-ഡ്യൂറസ് ആർച്ച്ബിഷപ് ജോർജ് ഫ്രെണ്ടോ മാധ്യമങ്ങളോട് പറഞ്ഞു.

കൊസോവോയുടെ റിയോ ഒളിമ്പിക് ജൂഡോ സ്വർണ മെഡൽ ജേതാവ് മലിൻഡ കെൽമെണ്ഡി, അൽബേനിയൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലോറിക് ചാന എന്നിവരും ചടങ്ങുകളിൽ സംബന്ധിക്കുന്നുണ്ട്.
സെപ്റ്റംബർ മൂന്നിനു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന സംഗീതസന്ധ്യയിൽ അൽബേനിയയിൽനിന്നുള്ള എർമോനില യാഹോ, ഇൻവ മൂല, സമിർ പിർഗു എന്നിവർ പങ്കെടുക്കും. റോമിലെ സെന്റ് അനാസ്താസിയ അൽ പാലാറ്റിനൊ ബസിലിക്കയിൽ വിവിധ ഭാഷകളിലുള്ള ദിവ്യബലിയും വിശുദ്ധയുടെ തിരുശേഷിപ്പ് വണക്കവും രണ്ടിന് ആരംഭിക്കും. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ റോമിന്റെ പേപ്പൽ വികാരി കർദിനാൾ അഗോസ്തിനോ വാലിനിയുടെ നേതൃത്വത്തിലാണ് ദിവ്യകാരുണ്യ ആരാധന നടക്കുന്നത്.

നാമകരണ ദിവ്യബലി നടക്കുന്ന നാലിന് വൈകുന്നേരം സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരമുണ്ട്. അഞ്ചിന് കൃതജ്ഞതാബലിയും കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ആദ്യ തിരുനാളും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രൊ പരോളിന്റെ മുഖ്യകാർമികത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക തപാൽ കവറുകളും നാണയങ്ങളും പുറത്തിറക്കി ഭാരതം ആദരവ് പ്രകടിപ്പിക്കും. പട്ടിൽ നിർമിച്ച തപാൽ കവറാണ് ഇന്ത്യ പുറത്തിറക്കുന്നത്. തപാൽ വകുപ്പ് ആദ്യമായാണ് പട്ടുകൊണ്ട് നിർമിച്ച കവർ പുറത്തിറക്കുന്നത്. 2010-ൽ മദർ തെരേസയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ അഞ്ചുരൂപ നാണയം പതിച്ചാണ് കവർ രൂപപ്പെടുത്തിയത്. നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നവർക്ക് അപൂർവ ശേഖരമായിരിക്കും ഇത്. ഈ രംഗത്ത് പ്രസ്തനായ അലോക് കെ. ഗോയലാണ് സ്റ്റാമ്പ് രൂപകൽപന ചെയ്തത്. ആയിരം കവറുകളും സ്റ്റാമ്പുകളും മാത്രമാണ് പുറത്തിറക്കുക.

മദർ തെരേസയുടെ ജന്മനാടായ മാസിഡോണിയ ചടങ്ങിന്റെ സ്മരണയ്ക്ക് നൂറു ദിനാറിന്റെ സ്വർണം പൂശിയ വെള്ളിനാണയങ്ങൾ പുറത്തിറക്കുന്നുണ്ട്. മദറിന്റെ രൂപം മുദ്രണം ചെയ്ത അയ്യായിരം നാണയങ്ങളാണ് മാസിഡോണിയ ലോകവിപണിയിൽ എത്തിക്കുക. ഇതിൽ 50 നാണയങ്ങൾ മാത്രം ഇന്ത്യയിലെത്തും.

പട്ടിണിപ്പാവങ്ങൾക്ക് ദിവസവും അന്നപാനീയങ്ങൾ നൽകിയും അവശരെയും രോഗികളെയും ശുശ്രൂഷിച്ചും വഴിയോരങ്ങളിൽ ഉള്ളവർക്ക് ആശ്വാസം പകർന്നും മദറിലൂടെ ഇന്നും ലോകമെങ്ങും കരുണയുടെ ജീവിതസാക്ഷ്യം നൽകാൻ കഴിയുന്നത് ദൈവാനുഗ്രഹപ്രദമാണെന്ന് റോമിലെ ഉപവി സഹോദരിമാർ സൺഡേശാലോമിനോട് പറഞ്ഞു.