News >> കാത്തലിക്ക് വുമൺ ഓഫ് ദി ഇയർ’ അവാർഡുകൾ പ്രഖ്യാപിച്ചു

Source: Sunday Shalom


ലണ്ടൻ: ബ്രിട്ടനിൽ കത്തോലിക്ക സഭയ്ക്ക് മികച്ച സംഭാവനകൾ നൽകുന്ന സ്ത്രീകളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന കാത്തലിക്ക് വുമൺ ഓഫ് ദി ഇയർ അവാർഡുകൾ പ്രഖ്യാപിച്ചു. ഒരു സന്യാസിനി, അമ്മ, സ്വഭാവിക കുടുംബാസൂത്രണത്തെക്കുറിച്ച് പഠിപ്പിക്കുന്ന ട്യൂട്ടർ, മതബോധകരുടെ ട്രെയിനർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ കത്തോലിക്ക മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ച ് നാല് സ്ത്രീകളെയാണ് അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

എഴുത്തുകാരിയും സംഗീതജ്ഞയും പ്രാസംഗികയുമായ കാതറിൻ മക്മില്യനാണ് അവാർഡ് ജേതാക്കളിൽ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. 18ാമത്തെ വയസിൽ അവിചാരിതമായി ഗർഭിണിയായ കാതറിൻ ഗർഭഛിദ്രം നടത്തണമെന്നുള്ള ഡോക്ടർമാരുടെ നിർബന്ധത്തെ അതിജീവിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നൽകി. കഠിനമായ വൈകല്യങ്ങളോടെ ജനിച്ച സാറാ അഞ്ചാമത്തെ വയസിൽ ഈ വർഷമാണ് സ്വർഗീയസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

സ്വഭാവികകുടുംബാസൂത്രണ ട്യൂട്ടർമാരുടെ അസോസിയേഷൻ പ്രസിഡന്റ് ഒലിവർ ഡുഡ്ഡി, മതബോധകരുടെ പരിലീകയായ കരോളിൻ ഫാരെ, ആംഗ്ലിക്കൻ സമൂഹത്തിൽ നിന്ന് കത്തോലിക്ക വിശ്വാസം സ്വീകരിച്ച സിസ്റ്റർ ജെയിൻ ലൂയിസ് എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.

ഗ്രേറ്റ് ബ്രിട്ടനിലെ സഭയ്ക്ക് സ്തുത്യർഹമായ സംഭാവനകൾ നൽകിയ സ്ത്രീകളുടെ സംഭാവന ആഘോഷിക്കാനുള്ള അവസരമാണ് അവാർഡുകളെന്ന് സംഘാടകർ വ്യക്തമാക്കി. നമ്മുടെ രൂപതകളിൽ ധാരാളം സ്ത്രീകൾ മതബോധനരംഗത്തും സുവിശേഷപ്രഘോഷണമേഖലയിലും ആരാലും അറിയപ്പെടാതെ ശുശ്രൂഷ ചെയ്യുന്നുണ്ട്. സെക്കുലർ ലോകത്ത് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുമ്പോഴും സഭയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ത്രീകളും ഉണ്ട്. ഇവരെ ആദരിക്കുന്നതിനുള്ള അവസരമാണ് അവാർഡുകൾ;സംഘാടകർ വ്യക്തമാക്കി.